ADVERTISEMENT

ഇവിടെ സർവം പരീക്കർമയമാണ്. ജീവിച്ചിരുന്ന മനോഹർ പരീക്കറോളംതന്നെ മരണശേഷവും ഇൗ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പേര് മുഴങ്ങിക്കേൾക്കുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു സ്വതന്ത്രനായി പനജിയിൽ മത്സരിക്കുന്ന മകൻ ഉത്പൽ പരീക്കർ അച്ഛന്റെ പേരിലാണ് വോട്ട് തേടുന്നത്. എതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ബാബുഷ് മൊൺസെരാറ്റെയും മനോഹർ പരീക്കർ ചെയ്ത കാര്യങ്ങൾ തന്നെ എടുത്തുപറഞ്ഞ് വോട്ട് ചോദിക്കുന്നു.

ഉത്പലിന് പനജി സ്വന്തം മണ്ണാണ്. കാൽ നൂറ്റാണ്ട് മനോഹർ പരീക്കർ മത്സരിച്ച മണ്ഡലം. പനജിയുടെ രാഷ്ട്രീയവും വിശേഷങ്ങളും കേട്ടുവളർന്ന ബാല്യം. പിന്നീട് അച്ഛന്റെ തിരഞ്ഞെടുപ്പുകളിൽ ലഘുലേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനും പ്രചാരണത്തിനും ഒപ്പംനടന്ന വഴികൾ...ആ തണലും പാർട്ടിയും കൂടെയില്ലാതെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പു യാത്രകൾ. അച്ഛന്റെയും തന്റെയും സുഹൃത്തുക്കളും ബിജെപി സഹയാത്രികരിലെ ഒരു വിഭാഗവുമാണ് പിന്തുണ.

2019 ൽ മറ്റ് 9 പേർക്കൊപ്പം കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കു ചേക്കേറിയ എംഎൽഎയാണ് എതിരാളി ബാബുഷ് മൊൺസെരാറ്റെ. മനോഹർ പരീക്കറുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ കൊടി നാട്ടിയ ശേഷമായിരുന്നു ബാബുഷിന്റെ ബിജെപി പ്രവേശം. ലൈംഗിക പീഡനം, പൊലീസ് സ്റ്റേഷൻ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇദ്ദേഹം. പനജിയിൽ പരീക്കർ കുടുംബത്തെ തഴഞ്ഞ് ഗുണ്ടാനേതാവിന്റെ പരിവേഷമുള്ളയാളെ സ്ഥാനാർഥിയാക്കിയിരിക്കുന്നത് മണ്ഡലത്തിലെ ബിജെപി പ്രവർത്തകരിൽ പലർക്കും ഇനിയും ഉൾക്കൊളളാനായിട്ടില്ല. അതിനാൽ, ആർഎസ്എസ്, ബിജെപി ക്യാംപിൽ ഒരു വിഭാഗം ഉത്പലിനെ പിന്തുണയ്ക്കുന്നു.

2014ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി നരേന്ദ്ര മോദിയുടെ പേര്  നിർദേശിച്ചത് മനോഹർ പരീക്കറാണ്. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ 2017 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തത് പ്രതിരോധമന്ത്രിയായ പരീക്കറെ തിരിച്ചിറക്കിയാണ്. സംസ്ഥാനത്ത് ബിജെപി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ മകന് പാർട്ടിയിൽനിന്നു നേരിടേണ്ടിവന്ന അവഗണനയ്ക്കുള്ള മറുപടി മറ്റു മണ്ഡലങ്ങളിലും ബിജെപി വോട്ടുകളിൽ ചെറിയ തോതിൽ പ്രതിഫലിച്ചേക്കും.

പനജി ഉൾപ്പെടുന്ന തിസ്‌വാഡി താലൂക്കിലെ 5 സീറ്റുകളിലും സ്വാധീനമുള്ള നേതാവാണ് ബാബുഷ്. ചേരിനിവാസികളും തൊഴിലാളികളും ഇടത്തരം വരുമാനക്കാരുമാണ് വോട്ട് ബാങ്ക്.  ബാബുഷിനെ തഴഞ്ഞാൽ താലൂക്കിലെ അഞ്ചിടങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് ബിജെപിക്ക്. അതിനാൽ, ഉത്പലിനായി ഇൗ സീറ്റുകൾ തുലാസിലാക്കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. 

‘മറ്റു പാർട്ടികൾ ക്ഷണിച്ചിട്ടും ഞാൻ പോയില്ല’

ഉത്പൽ മനോരമയോടു സംസാരിച്ചതിൽനിന്ന്:

∙ ബിജെപി പല വാഗ്ദാനങ്ങളും നൽകിയിട്ടും അത് അവഗണിച്ചു. പനജി സീറ്റ് വേണമെന്ന കടുംപിടിത്തത്തിന് എന്താണു കാരണം?

ഒന്നുമില്ലായ്മയിൽനിന്ന് എന്റെ പിതാവാണ് ഗോവയിൽ ബിജെപിയെ വളർത്തിയെടുത്തത്. 1994 മുതൽ അദ്ദേഹം മത്സരിച്ചിരുന്ന മണ്ഡലമാണ് പനജി. അദ്ദേഹത്തിന്റെയും പാർട്ടിയുടെയും മൂല്യങ്ങളുള്ള ഒരാളായിരിക്കണം പിൻഗാമിയെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതു സംഭവിക്കാത്ത സാഹചര്യത്തിലാണ് മത്സരത്തിനിറങ്ങിയത്.

∙ ബിജെപിക്കെതിരെ മത്സരിക്കുമ്പോൾ ആശങ്കയുണ്ടോ?

ബിജെപിയിൽനിന്നു രാജിവയ്ക്കേണ്ടിവന്നതിൽ വിഷമമുണ്ട്. പാർട്ടിക്കെതിെരയല്ല, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥിക്കെതിരെയാണ് പോരാട്ടം. കോൺഗ്രസിൽ നിന്നെത്തിയ ബാബുഷിനു പകരം പാർട്ടിക്കായി ജീവിതം മാറ്റിവച്ച മറ്റൊരാളെ ബിജെപി സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ഞാൻ പിൻമാറിയേനെ. മറ്റു പാർട്ടികളിൽനിന്നു ക്ഷണമുണ്ടായിട്ടും ഞാൻ അങ്ങോട്ടു പോയില്ലല്ലോ.

English Summary: Utpal Parrikar vs BJP contest in Panaji assembly constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com