ADVERTISEMENT

മുംബൈ ∙ കേരളത്തിൽ നിന്ന് ഗോവയിലെത്തുന്നരുടെ ‘മലയാളി കണക്​ഷൻ’ ആണ് മാവേലിക്കര വെട്ടിയാർ സ്വദേശി ഗിരീഷ് പിള്ള. ഗിരീഷ് സ്വതന്ത്രനായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെങ്കിൽ കോഴിക്കോട്ട് വേരുകളുള്ള സുനിൽ ലോറൻ ആംആദ്മി പാർട്ടിയുടെ സ്ഥാനാർഥിയാണ്. 

ഗോവയിലെ മലയാളി സ്ഥാനാർഥികൾ ഇവർ 2 പേരാണ്. അതേസമയം, ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കറുടെ ഭാര്യയും മലയാളിയാണ്– ആറ്റിങ്ങൽ സ്വദേശി രസിക നായർ. 

കോട്ടലിം മണ്ഡലത്തിൽ ആണ് ഗിരീഷ് ജനവിധി തേടുന്നത്. ദീർഘകാലമായി ഇവിടെ താമസിക്കുന്ന സുനിൽ ഏത് ആവശ്യങ്ങൾക്കും ആദ്യം ഓടിയെത്തുന്ന സാമൂഹിക പ്രവർത്തകനാണ്. സാങ്കോളി ഗ്രാമത്തിൽ സർപഞ്ച് പദവിയിലേക്ക് നാട്ടുകാർ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് അങ്ങിനെയാണ്. ബിസിനസ്സുകാരനായ ഗിരീഷ് സർപഞ്ച്സ്ഥാനം രാജിവച്ചാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. 

വാസ്കോയിൽ ആണ് അഭിഭാഷകനായ സുനിൽ മത്സരിക്കുന്നത്. തിരുവമ്പാടി അമ്പലപ്പാറ തോട്ടത്തിൽ പരേതനായ അഭിഭാഷകൻ ടി.ടി.ശ്രീധരന്റെ മകൻ. 16–ാം വയസ്സിൽ ഗോവയിലെത്തിയതാണ് പിതാവ്. കസ്റ്റംസിൽ ജോലി ചെയ്ത ശേഷം അഭിഭാഷകനായി. റിട്ട. ഐആർഎസ് ഉദ്യോഗസ്ഥയായ ഗോവ സ്വദേശി ലോററ്റയാണ് സുനിലിന്റെ അമ്മ. ഇന്ത്യൻ ദേശീയ ഹോക്കി ടീം അംഗമായിരുന്ന ലോററ്റ ഇതേ മണ്ഡലത്തിൽ കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായിരുന്നു. 36,000 വോട്ടുള്ള മണ്ഡലത്തിൽ 900 വോ‍ട്ട് ലഭിച്ചു. 

സെന്റ് ക്രൂസ് മണ്ഡലത്തിലാണ് അമിത് പലേക്കർ മത്സരിക്കുന്നത്. പ്രചാരണത്തിൽ ഒപ്പമുണ്ട് രസിക. പനജിയിലെ സാൽഗോക്കർ ലോ കോളജിൽ പഠിക്കുന്ന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. അഭിഭാഷകനായ അമിത്തിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചത്. ആറ്റിങ്ങൽ സ്വദേശി രവീന്ദ്രൻ നായരുടെയും പാലക്കാട് സ്വദേശി ചന്ദ്രികയുടെയും മകളാണ് രസിക. 

നാൽപതിനായിരത്തോളം മലയാളികൾ ഗോവയിലുണ്ട്. ഇവരിൽ ഇരുപതിനായിരത്തിലേറെ പേർക്ക് വോട്ടുണ്ട്. ആയിരത്തിൽ താഴെ വോട്ട് ഭൂരിപക്ഷം വരാറുള്ള പത്തോളം മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മലയാളി വോട്ടും നിർണായകം. 

ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കറും ഭാര്യ രസികയും മകളും
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കറും മലയാളിയായ ഭാര്യ രസികയും മകളും.

Content Highlight: Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com