ADVERTISEMENT

രാഷ്ട്രീയ യുദ്ധത്തിനു പ്രായം പ്രശ്നമല്ലെന്നു പ്രഖ്യാപിച്ച് ഉത്തരാഖണ്ഡിൽ പോരിനിറങ്ങിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഹരീഷ് റാവത്ത് തന്റെ വാദം തെളിയിക്കാൻ കൂട്ടുപിടിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തെയാണ്. വയോധികനായ ഭീഷ്മർ 10 ദിവസം പോരാടിയ ശേഷമാണ് പടക്കളത്തിൽ വീണത്. ഇതേ കാലയളവിൽ കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഒട്ടേറെ യുവധീരൻമാർ ശരമേറ്റു വീണു. 

ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായ പുഷ്കർ സിങ് ധാമിയെ (45) നേരിടാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് സൂചിപ്പിക്കാനാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത് (73) കുരുക്ഷേത്ര യുദ്ധത്തെ കൂട്ടുപിടിച്ചത്. 

തുടർഭരണം നേടിയാൽ ധാമി തന്നെയാവും നയിക്കുകയെന്നാണ് ബിജെപി നൽകുന്ന സൂചന. എന്നാൽ, കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രചാരണ സമിതി ചെയർമാനെന്ന നിലയിൽ താനാണ് കമാൻഡറെന്ന് പറയുന്നതിലൂടെ ഹരീഷ് റാവത്ത് ചില സൂചനകൾ നൽകുന്നുണ്ട്. 

പരിചയസമ്പത്തും യുവത്വവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആരു ജയിക്കുമെന്ന് ജനം വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം. നാളെയാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്. 

har-ki-pauri-ghat-haridwar
ഹരിദ്വാറിൽ തീർഥാടകർ ഗംഗാസ്നാനം നടത്തുന്ന പ്രധാന ഘാട്ട് ഹർ കി പോരിയിൽ നിന്നുള്ള കാഴ്ച. ചിത്രം: ജെ. സുരേഷ്∙മനോരമ

മത്സരം കടുത്തതാണെന്ന് ഇരുകൂട്ടരും പറയുന്നു. ഫലം വരുമ്പോൾ തൂക്കുസഭയാണെങ്കിൽ വിജയിച്ച ചെറുകക്ഷികൾ, സ്വതന്ത്രൻമാർ, റിബൽ സ്ഥാനാർഥികൾ എന്നിവരെ പാട്ടിലാക്കാനാവും കോൺഗ്രസും ബിജെപിയും ശ്രമിക്കുക. ബിജെപി 12 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും വിമത ഭീഷണി നേരിടുന്നുണ്ട്. 

ബിജെപിയുടെ ശക്തിയും ദൗർബല്യവും:

അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യമേഖല എന്നിവയിൽ നടത്തിയ പ്രവർത്തനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ‘ഇരട്ട എൻജിൻ’ വികസനത്തിന് നല്ലതാണെന്ന തോന്നൽ എന്നിവ ഗുണം ചെയ്യുമെന്നു ബിജെപി കരുതുന്നു. 

എന്നാൽ, മുതിർന്ന നേതാക്കളെ ഒഴിവാക്കി ധാമിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ ബിജെപി നേതാക്കളിൽ ഒരുവിഭാഗത്തിനു നീരസമുണ്ട്. 3 മാസത്തിനിടെ 3 മുഖ്യമന്ത്രിമാരെ മാറ്റേണ്ടിവന്നതു ബിജെപിക്ക് തിരിച്ചടിയാണ്. ഭരണവിരുദ്ധ വികാരം, റിബൽ ശല്യം, മത്സരിക്കാൻ സീറ്റ് കിട്ടാത്തവരുടെ നീരസം എന്നിവയാണ് മറ്റു വെല്ലുവിളികൾ. 

ഖാട്ടിമ മണ്ഡലത്തിൽ കഴിഞ്ഞ തവണ 2,709 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടന്നുകൂടിയ ധാമി കോൺഗ്രസിന്റെ ഭുവൻചന്ദ്ര കപ്ഡിയെ വീണ്ടും നേരിടുകയാണ്. 

കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും:

ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന 2002 മുതൽ ഇതുവരെ ഭരണത്തുടർച്ചയുണ്ടായിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ വലിയ പ്രതീക്ഷ. 2017 ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിച്ചിട്ടില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മുതിർന്ന നേതാവായ ഹരീഷ് റാവത്തിന്റെ നേതൃത്വം ഗുണകരമാവുമെന്നും കോൺഗ്രസ് കരുതുന്നു. 

എന്നാൽ, ഹരീഷ് റാവത്ത് അനുകൂലികളും പ്രതിപക്ഷ നേതാവ് പ്രീതം സിങ്, രഞ്ജിത്ത് റാവത്ത് എന്നിവരുൾപ്പെട്ട മറുവിഭാഗവും തമ്മിലുള്ള വടംവലി കോൺഗ്രസിനു തലവേദനയാണ്. ലാൽകുവയിൽ കോൺഗ്രസ് ആദ്യ പട്ടികയിൽ പ്രഖ്യാപിച്ച സ്ഥാനാർഥി സന്ധ്യ ദലക്കോടി വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് ഹരീഷ് റാവത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. 

പോരിന് ഇക്കുറി എഎപിയും

ഉത്തരാഖണ്ഡിൽ ശക്തമായ സാന്നിധ്യമാവാനുള്ള പ്രവർത്തനങ്ങളാണ് എഎപി നടത്തുന്നത്. മുഴുവൻ സീറ്റിലും മത്സരിക്കുന്ന എഎപി 1-2 സീറ്റുകളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. എഎപിയും ബിഎസ്പിയും പിടിക്കുന്ന വോട്ട് ഏതു പാർട്ടിക്കാണ് നഷ്ടപ്പെടുകയെന്നതു നിർണായകമാണ്. 

മത്സരിക്കുന്ന പ്രധാന പാർട്ടികൾ:

ബിജെപി, കോൺഗ്രസ്, എഎപി, ബിഎസ്പി. എസ്പി എന്നിവ ആകെയുള്ള 70 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇടതുകക്ഷികൾ യോജിച്ച് ചില സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. എഐഎംഐഎം 22 സീറ്റിലും ജനവിധി തേടുന്നു. 

2017 ലെ തിരഞ്ഞെടുപ്പു ഫലം

ആകെ സീറ്റ്: 70 

ബിജെപി: 57 

കോൺഗ്രസ്:11 

സ്വതന്ത്രർ: 2 

പോളിങ് ശതമാനം: 65.60 

ഹരീഷ് റാവത്ത്
ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ.

‘ഞാനാണ് കമാൻഡർ’

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ ഹരീഷ് റാവത്ത് ‘മനോരമ’യോട്: 

∙ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് കോൺഗ്രസിന്റെ വിജയസാധ്യതയെ ബാധിക്കുമോ? 

ഒരിക്കലുമില്ല. പ്രചാരണ സമിതി ചെയർമാനായി എന്നെയാണു തിരഞ്ഞെടുത്തത്. പാർട്ടിയെ നയിക്കുന്ന കമാൻഡറാണു പ്രചാരണ സമിതി ചെയർമാൻ. 

∙ കോൺഗ്രസ് ഒറ്റക്കെട്ടായാണോ തിരഞ്ഞെടുപ്പിനെ നേരിടുന്നത്? 

അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഞങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് കോൺഗ്രസിനെ വിജയിപ്പിക്കും. 

∙ 60നു മുകളിൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് ബിജെപി പറയുന്നത്? 

ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന് ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അറിയാം. 

∙ ബിജെപി സർക്കാരിനെതിരായ കോൺഗ്രസിന്റെ പ്രധാന ആരോപണങ്ങൾ എന്താണ്? 

കഴിഞ്ഞ 5 വർഷത്തിനിടെ 3 മുഖ്യമന്ത്രിമാരെ അവരോധിച്ച ബിജെപി ജനങ്ങളെ അപമാനിച്ചു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന സമീപനം അവർ തുടരുകയാണ്. 

∙ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമോ? 

തീർച്ചയായും. ഉത്തരാഖണ്ഡിൽ കോൺഗ്രസ് വിജയിച്ചാൽ ബിജെപിയുടെ പതനത്തിനു തുടക്കമാവും. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി തകരും. 

Content Highlight: Uttarakhand Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com