ADVERTISEMENT

‘നിങ്ങളാണ് എന്റെ ഊർജം; നിങ്ങൾ നൽകുന്ന ശക്തിയാണ് എന്റെ ആരോഗ്യം’ – ലംബി മണ്ഡലത്തിലെ മൈതാനത്ത് ഒത്തുകൂടിയ ആയിരങ്ങൾക്കു മുന്നിൽ നിന്നു പ്രസംഗിക്കുമ്പോൾ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ ഓരോ വാക്കിലും ജനങ്ങളെ ചേർത്തുപിടിക്കുകയാണ്. പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ സ്ഥാനാർഥിയാണ് ബാദൽ.

94–ാം വയസ്സിൽ, ശാരീരിക അവശതകളുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ബാദൽ തീപ്പൊരിയാകും. ഇടംവലം നിൽക്കുന്ന സഹായികളുടെ കൈപിടിച്ചു പ്രചാരണ യോഗങ്ങൾക്കെത്തുന്ന അദ്ദേഹം, മൈക്ക് കയ്യിലെടുത്താൽ അവശത മറക്കും. – ‘ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ എനിക്ക് ഒന്നും സംഭവിക്കില്ല’ എന്ന ഉറപ്പിലാണു മുന്നേറ്റം. 

5 തവണ പഞ്ചാബ് മുഖ്യമന്ത്രിയായ ബാദലിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. പാർട്ടിയുടെ കടിഞ്ഞാൺ മകൻ സുഖ്ബീർ സിങ് ബാദലിനെ ഏൽപിച്ച അദ്ദേഹം, ആരോഗ്യ കാരണങ്ങളാൽ ഇക്കുറി മത്സരിച്ചേക്കില്ലെന്നായിരുന്നു സൂചനകളെല്ലാം. എന്നാൽ അവസാനം പ്രായത്തെ കടത്തിവെട്ടി കളത്തിലിറങ്ങി. തുടർച്ചയായി രണ്ടാംവട്ടവും അകാലിദളിന് അധികാരം അകന്നുപോകാതിരിക്കാനുള്ള തുറുപ്പുചീട്ട്. 

തുടർച്ചയായ ആറാം തവണയാണ് ലംബിയിൽ നിന്നു ബാദൽ ജനവിധി തേടുന്നത്. മാൾവ മേഖലയിൽ ഭട്ടിൻഡ ലോക്സഭാ മണ്ഡലത്തിലാണു ലംബി. പഞ്ചാബിലെ 117 മണ്ഡലങ്ങളിൽ 69 എണ്ണം സ്ഥിതി ചെയ്യുന്ന മാൾവയിൽ ആം ആദ്മി പാർട്ടി പിടിമുറുക്കുന്നുവെന്ന ആശങ്ക അകാലിദളിനുണ്ട്. മാൾവയിൽ അടിതെറ്റിയാൽ, പഞ്ചാബിലെ രാഷ്ട്രീയക്കളത്തിൽ അകാലിദളിനു പിടിച്ചുനിൽക്കുക എളുപ്പമാവില്ല. ബാദലിന്റെ സാന്നിധ്യം മാൾവയിലെ മറ്റു മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികളെ സഹായിക്കുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. 

English Summary: Prakash Singh Badal campaign for Punjab Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com