ADVERTISEMENT

രാഷ്ട്രീയത്തിലിറങ്ങും മുൻപു ഫുട്ബോൾ താരവും മാധ്യമപ്രവർത്തകനുമായിരുന്നു മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മോഹൻബഗാനെ തോൽപ്പിച്ച് 1981 ൽ ഡ്യൂറന്റ് കപ്പ് ഉയർത്തിയ ബിഎസ്എഫ് ടീമിന്റെ ഈ പഴയ കളിക്കാരനാണ് മണിപ്പുരിൽ ബിജെപിയുടെ സെന്റർ ഫോർവേഡ്. 

ഈ മാസം 28നും മാർച്ച് 5 നുമാണ് മണിപ്പുർ തിരഞ്ഞെടുപ്പ്. ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വരുമെന്നാണു പല തിരഞ്ഞെടുപ്പു പ്രവചനങ്ങളും പറയുന്നത്. ജയിച്ചാൽ ബിരേൻ സിങ് തന്നെയായിരിക്കും സർക്കാറിനെ നയിക്കുകയെന്ന് കേന്ദ്ര നേതൃത്വം പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. കറുത്ത ബുള്ളറ്റ് എസ്‌യുവിയിൽ സംസ്ഥാനത്തെ നാട്ടുവഴികളിൽ മുഴുവൻ ഓടിയെത്തുന്നു അദ്ദേഹം. 

പാർട്ടി 40 സീറ്റു നേടുമെന്നും ‘ശല്യങ്ങളില്ലാതെ’ ഒറ്റയ്ക്കു ഭരിക്കുമെന്നും മുഖ്യമന്ത്രി ഓരോ തെരുവു യോഗങ്ങളിലും ആവർത്തിക്കുന്നു. സർക്കാറിനു പിന്തുണ നൽകിയ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഒരു ഘട്ടത്തിൽ പിന്തുണ പിൻവലിച്ചു സർക്കാറിനെ അസ്ഥിരപ്പെടുത്തിയതിനെയാണു സൂചിപ്പിക്കുന്നത്. നിയമസഭയിലെ 60 സീറ്റിലും ബിജെപി ഒറ്റയ്ക്കാണു മത്സരിക്കുന്നത്. പലയിടത്തും കോൺഗ്രസിനു പുറമേ എൻപിപിയുമായും നാഗാ പീപ്പിൾസ് ഫ്രണ്ടുമായും ചതുഷ്കോണ മത്സരത്തിലാണു ബിജെപി. 

നഹറോൽഗി തൗഡാങ് എന്ന മണിപ്പുരി ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന ബിരേൻ വിവാദപ്രസംഗം അച്ചടിച്ചു എന്ന പേരിൽ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതേ ബിരേൻ സിങ് സർക്കാർ തന്നെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പേരിൽ മാധ്യമപ്രവർത്തകനെ ജയിലിലടക്കുകയും ചെയ്തു. 

ബിരേൻ സിങ്
ബിരേൻ സിങ്

മൂന്നു വട്ടം മണിപ്പുർ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ ഇക്രോം ഇബോബി സിങ്ങിന്റെ ശക്തികേന്ദ്രമായ തൗബാലിലെ പ്രചാരണത്തിനിടെ ബിരേൻ സിങ് ‘മനോരമ’യോട് സംസാരിച്ചു: 

∙ ഫുട്ബോളർ, രാഷ്ട്രീയക്കാരൻ. ഈ യാത്രയെ എങ്ങനെ കാണുന്നു ? 

മണിപ്പുരിനും എന്റെ ടീമിനും കീർത്തി നേടിക്കൊടുക്കുകയായിരുന്നു ഫുട്ബോളർ എന്ന നിലയിലുള്ള സ്വപ്നം. എന്റെ സംസ്ഥാനത്തിന് സമാധാനവും വികസനവും നേടിക്കൊടുക്കുകയാണ് രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ലക്ഷ്യം. 

∙ പ്രത്യേക സായുധ സൈനികാധികാര നിയമം പിൻവലിക്കുമെന്നു കോൺഗ്രസും മറ്റു കക്ഷികളും വാഗ്ദാനം ചെയ്യുന്നു. ഈ വിഷയത്തിൽ എന്തുകൊണ്ട് ബിജെപി മൗനം പാലിക്കുന്നു ? 

പ്രത്യേക സായുധ സൈനികാധികാരനിയമത്തിന് എതിരാണ് മണിപ്പുരിലെ ജനങ്ങളും ഞാനും. പക്ഷേ ദേശസുരക്ഷയും അതിപ്രധാനമാണ്. കേന്ദ്രത്തിന്റെ കൂടി അനുമതിയോടെയേ നിയമം പിൻവലിക്കാനാകൂ. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പുർ. മ്യാൻമറിൽ രാഷ്ട്രീയ അസ്ഥിരത തുടരുന്നത് കാണാതെ പോകരുത്. 

∙ സീറ്റുകിട്ടാത്ത എംഎൽഎമാ‍ർ പലരും എതിർകക്ഷിയിൽ ചേർന്നു മത്സരിക്കുന്നു, കോൺഗ്രസുകാർ ബിജെപിയിലേക്കു മാറി മത്സരിക്കുന്നു. ഇതൊക്കെ പാർട്ടിയെ ബാധിക്കില്ലേ?

വിജയസാധ്യത മുൻ നിർത്തിയാണു ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ പലരെയും ഒഴിവാക്കേണ്ടിവന്നു. 29 സിറ്റിങ് എംഎൽഎമാർ ബിജെപി ലിസ്റ്റിലുണ്ട്. അതിൽ കോൺഗ്രസിൽനിന്നുള്ളവരും ഉണ്ട്. വിജയമാണ് പ്രഥമ ലക്ഷ്യം. 

English Summary: Biren Singh campaign for manipur assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com