ADVERTISEMENT

പനജി ∙ ഗോവയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിക്കാനായത് ബിജെപിക്കു ചരിത്രനേട്ടമാണ്. 40 ൽ 20 സീറ്റുമായാണു ബിജെപി അധികാരം ഉറപ്പിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവുള്ള ബിജെപിക്ക്, തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായി മത്സരിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) പിന്തുണ പ്രഖ്യാപിച്ചതു കാര്യങ്ങൾ എളുപ്പമാക്കി. 2 എംഎൽഎമാരുള്ള എംജിപിക്കു പുറമേ 3 സ്വതന്ത്രരുടെ പിന്തുണയും ബിജെപി ഉറപ്പിച്ചിട്ടുണ്ട്.

goa-map

സംസ്ഥാനത്തു പാർട്ടിയുടെ നെടുംതൂണായിരുന്ന മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ അസാന്നിധ്യവും ശക്തമായ ഭരണവിരുദ്ധവികാരവും ബിജെപിക്കു വെല്ലുവിളി ആയിരുന്നു. എന്നാൽ, പ്രതിപക്ഷവോട്ടുകൾ ചിതറിയതാണു വിജയത്തിലേക്കു വഴി തുറന്നത്. കോൺഗ്രസ് – ഗോവ ഫോർവേഡ് പാർട്ടി സഖ്യം, തൃണമൂൽ – എംജിപി സഖ്യം, എൻസിപി – ശിവസേന സഖ്യം, ആം ആദ്മി പാർട്ടി എന്നിങ്ങനെ മറുവശത്തു 4 ശക്തികൾ നിരന്നപ്പോൾ ബിജെപി പാതിവിജയം ഉറപ്പിച്ചു.

കോൺഗ്രസിലേക്കു പോകാമായിരുന്ന ന്യൂനപക്ഷവോട്ടുകൾ 12 ക്രിസ്ത്യൻ സ്ഥാനാർഥികളെ ഇറക്കി ഭിന്നിപ്പിച്ചതും  തന്ത്രപരമായ നീക്കമായി. 40 സീറ്റുകളിലും ആദ്യമായി ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്ക് എല്ലാ മണ്ഡലങ്ങളിലും വേരുപടർത്താനുമായി.  

വോട്ടെണ്ണലിൽ പലവട്ടം പിന്നിലായ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒടുവിൽ കഷ്ടിച്ചു കടന്നുകയറുകയായിരുന്നു; ഭൂരിപക്ഷം 666. മുഖ്യമന്ത്രിസ്ഥാനത്തേക്കു സാവന്തിനു വെല്ലുവിളിയായി മന്ത്രി വിശ്വജിത് റാണെ രംഗത്തുണ്ട്. ആർഎസ്എസ് പശ്ചാത്തലം സാവന്തിന് അനുകൂലഘടകമാണ്.

ബിജെപിക്കെതിരെ വിശാലസഖ്യമെന്ന തൃണമൂലിന്റെയും ആം ആദ്മിയുടെയും നിർദേശം തള്ളിയതിനുള്ള വിലയാണു കോൺഗ്രസ് നൽകേണ്ടിവന്നത്. മുതിർന്ന നേതാക്കളുടെ അഭാവവും തിരിച്ചടിയായി. 2017 ൽ വിജയിച്ച 17ൽ 15 പേരും ബിജെപിയടക്കമുള്ള പാർട്ടികളിലേക്കു ചേക്കേറിയപ്പോൾ ഭൂരിഭാഗം സീറ്റുകളിലും പുതുമുഖങ്ങളെ സ്ഥാനാർഥിയാക്കേണ്ടിവന്നു. 

കന്നിയങ്കത്തിനിറങ്ങിയ തൃണമൂലിന് ഒരു സീറ്റുപോലും നേടാനായില്ല. സംസ്ഥാന അധ്യക്ഷൻ കിരൺ കണ്ടോൽകർ, ഭാര്യ കവിത കണ്ടോൽകർ, എൻസിപിയിൽനിന്നു കൂറുമാറിയെത്തിയ മുൻമുഖ്യമന്ത്രി ചർച്ചിൽ അലിമാവോ, മകൾ വലൻക എന്നിവരെല്ലാം പരാജയപ്പെട്ടു. 

സഖ്യകക്ഷിയായ എംജിപി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലുമായി തൃണമൂൽ‌. 

2 സീറ്റുകൾ സ്വന്തമാക്കാനായത് ആം ആദ്മിക്കു നേട്ടമായി. 

 

English Summary: Hat Trick victory for BJP in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com