ADVERTISEMENT

ഇംഫാൽ/ന്യൂഡൽഹി∙ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിയെ വിജയത്തിലേക്കു നയിച്ച ബിരേൻ സിങ്ങിന് വീണ്ടും അവസരം നൽകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും മാറ്റം അനിവാര്യമാണെന്ന് എതിർ ക്യാംപ് പറയുന്നു. 

60 അംഗ നിയമസഭയിൽ ബിജെപി 32 സീറ്റ് നേടിയിരുന്നു. സഹോദരനും മരുമകനും രാഷ്ട്രീയരംഗത്തുള്ള ബിരേൻ സിങ് കുടുംബാധിപത്യത്തിന്റെ വക്താവാണെന്ന ആക്ഷേപമാണ് എതിർക്കുന്നവർ ഉന്നയിക്കുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് അദ്ദേഹം കോൺഗ്രസിൽ നിന്നു രാജിവച്ചു ബിജെപിയിലെത്തിയത്. മുതിർന്ന മന്ത്രി തൊങ്ങം ബിശ്വജിത്, മുൻ കോൺഗ്രസ് പ്രസിഡന്റ് കെ.ഗോവിൻദാസ് തുടങ്ങിയവരാണു മുഖ്യമന്ത്രി സ്ഥാനത്തിനു ശ്രമം നടത്തുന്നത്. 

ഇതിനിടെ, മുഖ്യമന്ത്രി ബിരേൻ സിങ് ഇന്നലെ ഗവർണറെ കണ്ട് രാജിക്കത്ത് നൽകി. കാവൽ മുഖ്യമന്ത്രിയായി തുടരാൻ സ്പീക്കർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ബിജെപി ഊർജിതമാക്കി. ആകെയുള്ള 70 സീറ്റിൽ 47 സീറ്റുകൾ നേടി മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ തോൽവി കാരണമാണ് പുതിയ മുഖ്യമന്ത്രിയെ തേടുന്നത്.

പാർട്ടിയെ മികച്ച വിജയത്തിലേക്ക് നയിച്ച പുഷ്കർ സിങ് ധാമിയെ തന്നെ തിരഞ്ഞെടുക്കാൻ ബിജെപി തീരുമാനിച്ചാൽ മുഖ്യമന്ത്രിക്കു മത്സരിക്കാൻ വേണ്ടി ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലെ എംഎൽഎക്കു രാജിവയ്ക്കേണ്ടിവരും. എന്നാൽ, തിരഞ്ഞെടുപ്പിൽ തോറ്റയാളെ മുഖ്യമന്ത്രിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നേക്കാം.

മന്ത്രി ഡോ. ധൻ സിങ് റാവത്തിനു സാധ്യതയുണ്ടെന്നാണ് സൂചന. മുൻ മുഖ്യമന്ത്രിമാരായ രമേശ് പൊക്രിയാൽ, ത്രിവേന്ദ്ര സിങ് റാവത്ത്, കേന്ദ്രമന്ത്രി അജയ് ഭട്ട്, സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്, മന്ത്രിമാരായ ബൻഷിദർ ഭഗത്ത്, സത്പാൽ മഹാരാജ്, ഗണേഷ് ജോഷി തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.

Content Highlights: Uttarakhand Assembly Elections 2022, Manipur Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com