ADVERTISEMENT

ന്യൂഡൽഹി ∙ യുക്രെയ്ൻ യുദ്ധത്തിന് ഉടൻ അറുതി വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ആവശ്യപ്പെട്ടു. യുക്രെയ്നിന്റെ പ്രദേശങ്ങൾ സ്വന്തമാക്കാനുള്ള റഷ്യയുടെ നീക്കം അപലപനീയമാണെന്ന് ഇരുനേതാക്കളും പറഞ്ഞു. 

അടുത്ത 5 വർഷത്തേക്ക് ജപ്പാൻ ഇന്ത്യയിൽ 3,20,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇന്ത്യ–ജപ്പാൻ ഉച്ചകോടിക്കു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരു പ്രധാനമന്ത്രിമാരും വ്യക്തമാക്കി. 20,400 കോടി രൂപയുടെ ജൈക്ക വായ്പ കരാറും ഒപ്പുവച്ചു. 

2014ൽ 3.5 ലക്ഷം കോടി  യെന്നിന്റെ നിക്ഷേപം നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നിക്ഷേപവും. രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ ജപ്പാൻ സഹകരണം തുടരും. ബുള്ളറ്റ് ട്രെയിൻ പദ്ധതി, കുടിവെള്ള പദ്ധതികൾ, അഴുക്കുചാൽ പദ്ധതികൾ എന്നിവ ഇതിൽ ചിലതാണ്. സൈബർ സുരക്ഷാ രംഗത്ത് സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ധാരണാപത്രം, പൊതുഗതാഗത സംവിധാനം, കുടിവെള്ള പദ്ധതികൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ രംഗത്തേക്കുള്ള 7 ജപ്പാൻ വായ്പ പദ്ധതികളുടെ കരാർ, വീടുകളിലെ മലിനജലം സംസ്കരിക്കാനുള്ള പദ്ധതി കരാർ, വ്യവസായ രംഗത്തെ സഹകരണത്തിനുള്ള കരാർ, സുസ്ഥിര നഗരവികസന പദ്ധതികൾക്കുള്ള കരാർ എന്നിവയും ഒപ്പുവച്ചു.

ഇലക്ട്രിക് വാഹന നിർമാണം, ഉപകരണ നിർമാണം, സോളർ രംഗത്തെ സഹകരണം എന്നിവയടക്കം പാരമ്പര്യേതര ഊർജസഹകരണം സംബന്ധിച്ച കരാറും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജപ്പാൻ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറും ഒപ്പുവച്ചു. 

ഇന്തോ പസിഫിക് മേഖലയിലും ക്വാഡ് സഹകരണ രംഗത്തുമടക്കം ഇന്ത്യയുമായുളള ബന്ധങ്ങൾ തുടരുമെന്ന് ഫുമിയോ കിഷിദ പറഞ്ഞു. ജപ്പാനിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിലേക്ക് മോദിയെ ക്ഷണിച്ചു. 2 ദിവസത്തെ സന്ദർശനത്തിനു ശേഷം കിഷിദ ഇന്നു മടങ്ങും.

Content Highlight: India, Japan, Fumio Kishida, Narendra modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com