ഇന്ധന വില: ലോക്സഭയിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം

HIGHLIGHTS
  • ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു
1248-parliament
SHARE

ന്യൂഡൽഹി ∙ ഇന്ധന വിലവർധനയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നലെ 2 വട്ടം നിർത്തിവച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു. 

ചോദ്യോത്തര വേള തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷാംഗങ്ങൾ എക്സൈസ് നികുതി കുറയ്ക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ഇറങ്ങിയിരുന്നു. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ, ഇടത് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചപ്പോൾ എൻസിപി, ശിവസേന അംഗങ്ങൾ ആദ്യം സീറ്റിൽ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. പിന്നീട് ഇവരും നടുത്തളത്തിലിറങ്ങി. 

കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരടക്കം നിരവധി പ്രതിപക്ഷാംഗങ്ങൾ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നെങ്കിലും സ്പീക്കർ തള്ളി. ബഹളം വകവയ്ക്കാതെ ചോദ്യോത്തര വേള അരമണിക്കൂറോളം തുടർന്ന ശേഷം 12 വരെ സഭ നിർത്തിവച്ചു. പിന്നീട് ശൂന്യവേളയിലും ബഹളം രൂക്ഷമായപ്പോൾ 2 വരെ നിർത്തിവച്ചു. 

വൻനാശം വിതയ്ക്കുന്ന ആയുധങ്ങൾ നിർമിക്കുന്നതിന് ഫണ്ടിങ് നടത്തുന്നതു കൂടി നിരോധിക്കുന്ന ‘വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്‌ഷൻ ആൻഡ് ദെയർ ഡെലിവറി സിസ്റ്റംസ് ഭേദഗതി ബിൽ’ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹളത്തിനിടെ ലോക്സഭയിൽ അവതരിപ്പിച്ചു. 2005 ലെ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. പഴയ നിയമത്തിൽ ആയുധങ്ങളുടെ നിർമാണം മാത്രമേ നിരോധിച്ചിരുന്നുള്ളൂ. രാജ്യാന്തര തലത്തിൽ വിനാശകാരികളായ ആയുധങ്ങളുടെ നിർമാണവും വിതരണവും തടയുന്നതിനുള്ള സംവിധാനങ്ങൾ വിപുലപ്പെടുകയാണെന്നും അതിനുള്ള ധനസഹായം കൂടി നിരോധിക്കുന്നത് ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു. 

കെപിസിസി രാജ്ഭവൻ മാർച്ച് നാളെ

തിരുവനന്തപുരം∙ ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ്  രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസി നാളെ രാജ്ഭവൻ മാർച്ചും ധർണയും സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നേതൃത്വം നൽകും. 

മത്സ്യത്തൊഴിലാളി മാർച്ച് 18ന്

ന്യൂഡൽഹി ∙ ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ  18നു കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിൽ രാജ്ഭവൻ മാർച്ചും ധർണയും സംഘടിപ്പിക്കും. 

English Summary: Opposition protest in parliament over fuel price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA