ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിൽ വേണ്ടത്ര ചർച്ച നടത്താതെ നിയമങ്ങൾ പാസാക്കുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, ചർച്ച ഇല്ലാതെ നിയമനിർമാണം നടത്തുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. നിയമങ്ങളിൽ അവ്യക്തതയുണ്ടാകുന്നതു നിയമപ്രശ്നങ്ങൾ വർധിപ്പിക്കും. നിയമനിർമാണസഭകൾ ജനക്ഷേമം ഉറപ്പാക്കി ദീർഘവീക്ഷണത്തോടെ വ്യക്തമായി നിയമം നിർമിച്ചാൽ വ്യവഹാരങ്ങൾ കുറയും. നിയമം പാസാക്കും മുൻപ് ആളുകളുടെ അഭിപ്രായം ചോദിക്കാനും വകുപ്പുകളെക്കുറിച്ച് ചർച്ച നടത്താനും ശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ പകുതിയോളം സർക്കാർ നടപടികളുടെ ഫലമാണെന്നും സർക്കാരാണ് ഏറ്റവും വലിയ അന്യായക്കാരെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സർക്കാർ നിഷ്ക്രിയത്വത്തിന്റെ ഫലമാണു കോടതിയലക്ഷ്യക്കേസുകൾ. തീരുമാനം എടുക്കാനുള്ള ചുമതല കൂടി കോടതിക്കു കൈമാറുന്ന ഉദ്യോഗസ്ഥ രീതിക്കെതിരെ കോടതിക്കു പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. നയപരമായ തീരുമാനം കോടതിയുടേതല്ലെങ്കിലും പൗരന്മാർ പരാതിയുമായി എത്തിയാൽ ഇല്ല എന്നു പറയാൻ കോടതിക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുകൾ കെട്ടിക്കിടക്കുന്നതിന് കോടതികളാണു പഴി കേൾക്കുന്നത്. എന്നാൽ, ഒഴിവുകൾ നികത്താത്തതും ജഡ്ജിമാരുടെ അനുവദനീയ അംഗബലവും സംബന്ധിച്ചു ചർച്ച വേണം. 10 ലക്ഷം പേർക്ക് 20 ജഡ്ജിമാർ എന്ന കണക്കിലാണ് ഇപ്പോഴത്തെ അംഗബലം. ഈ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിമാരുടെ പിന്തുണ തേടിയ ചീഫ് ജസ്റ്റിസ് അടിത്തറ ശരിയല്ലെങ്കിൽ കെട്ടിടം നിലനിൽക്കില്ലെന്നു പറഞ്ഞു.

വിചാരണതടവുകാർക്കു മുൻഗണന നൽകാനും അവരുടെ മോചനത്തിനു വഴിയൊരുക്കാനും ശ്രദ്ധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കണം. 2015 ൽ ഇത്തരത്തിൽ 1800 നിയമങ്ങൾ കണ്ടെത്തിയതിൽ 1450 എണ്ണം കേന്ദ്രം റദ്ദാക്കി. സംസ്ഥാന സർക്കാരുകൾ 75 എണ്ണം മാത്രമാണ് റദ്ദാക്കിയത്. കേരള മുഖ്യമന്ത്രിയുടെ അഭാവത്തിൽ നിയമമന്ത്രി പി. രാജീവ് യോഗത്തിൽ പങ്കെടുത്തു.

എന്തുകൊണ്ട് ആളുകൾ കോടതിയിൽ വരുന്നു ?

വ്യവഹാരങ്ങളിലേക്കു നയിക്കുന്ന ചില കേസുകളുടെ പൊതുസ്വഭാവവും അതിനുള്ള ഘടകങ്ങളും ചീഫ് ജസ്റ്റിസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി:

∙ കൃത്യമായ നിയമവും നടപടിക്രമവും പാലിച്ചാണു റവന്യു അധികൃതർ ഭൂമിയേറ്റെടുക്കുന്നതെങ്കിൽ കോടതികൾ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ കൊണ്ടു നിറയില്ല. കോടതികളിലുള്ള കേസുകളുടെ 66 % ഇത്തരം കേസുകളാണ്.

∙ ന്യായപൂർവം പൊലീസ് അന്വേഷിക്കുകയും നിയമവിരുദ്ധ അറസ്റ്റുകളും കസ്റ്റഡി മരണങ്ങളും ഇല്ലാതിരിക്കുകയും ചെയ്താൽ ആരും കോടതിയിലെത്തില്ല.

∙ ഭൂമി സർവേയുമായോ റേഷൻ കാർഡുമായോ ബന്ധപ്പെട്ട കർഷകന്റെ അപേക്ഷയിൽ തഹസിൽദാർ ശരിയാംവണ്ണം ഇടപെട്ടാൽ അദ്ദേഹം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചു ചിന്തിക്കില്ല.

∙ പഞ്ചായത്തിലെയോ നഗരസഭയിലെയോ അധികൃതർ ചുമതല നിർവഹിച്ചാൽ ജനങ്ങൾ കോടതിയെ നോക്കേണ്ടി വരില്ല.

∙ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിലുള്ളതും പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരുകളും തമ്മിലുള്ളതുമായ കേസുകൾ കോടതിയിലേക്ക് എത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല.

∙ പെൻഷനും സീനിയോറിറ്റിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർവീസ് നിയമങ്ങൾ പാലിക്കപ്പെടുകയും ന്യായപൂർവം നടപ്പാക്കുകയും ചെയ്താൽ ഒരു ജീവനക്കാരനും കോടതിയെ സമീപിക്കില്ല. 

‘പൊതുതാൽപര്യഹർജി വ്യക്തിതാൽപര്യമായി’

സ്പെഷൽ പ്രോസിക്യൂട്ടർമാരുടെയും സ്റ്റാൻഡിങ് കൗൺസൽമാരുടെയും അഭാവം മുതൽ കോടതിയിലെ അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള പ്രശ്നങ്ങളും ചീഫ് ജസ്റ്റിസ് എൻ.വി.രമണ എണ്ണിപ്പറഞ്ഞു. ബാലിശമായ കേസുകൾ പെരുകുന്നതു പ്രശ്നമാണ്. പൊതുതാൽപര്യ ഹർജി നല്ലതാണെങ്കിലും ഇപ്പോഴത് വ്യക്തിതാൽപര്യ ഹർജിയായി മാറി. കോടതികളിലെ അടിസ്ഥാന സൗകര്യവികസനവും അപര്യാപ്തമാണ്. ചില്ല ജില്ലാ കോടതികളിലെ സ്ഥിതി കണ്ടാൽ അഭിഭാഷകർക്കു പോലും അവിടേക്ക് കയറാൻ തോന്നില്ല. – ചീഫ് ജസ്റ്റിസ് പറഞ്ഞു.

English Summary: Chief Justice of India NV Ramana against Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com