ADVERTISEMENT

മുംബൈ ∙ ഈ മാസം മൂന്നിനകം മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഈദ് ആഘോഷകാലത്ത് പ്രകോപനപരമായ  പ്രസ്താവന നടത്തിയ നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാജ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഔറംഗാബാദ് പൊലീസ് കമ്മിഷണർ പരിശോധിച്ചുവരികയാണെന്നും  ഇതിൻമേൽ ഉടൻ നടപടിയെടുക്കുമെന്നും സംസ്ഥാന ഡിജിപി രജ്നിഷ് സിങ് വെളിപ്പെടുത്തി.

ക്രമസമാധാന നില സംരക്ഷിക്കാൻ സംസ്ഥാന പൊലീസിന് കഴിവുണ്ട്. ഇതിനു പുറമേ, എസ്ആർപിഎഫ്, ഹോംഗാർഡ്സ് സേനകളും തയാറാണ്. വാരാന്ത്യത്തിൽ രാജ് ഔറംഗാബാദിൽ നടത്തിയ റാലിയിൽ മുന്നറിയിപ്പ് നൽകിയത്, മേയ് 3നു ശേഷം സംസ്ഥാനത്തു എന്തു നടന്നാലും അതിൽ ഉത്തരവാദിയല്ലെന്നാണ്– ഡിജിപി ചൂണ്ടിക്കാട്ടി. ഇന്നലെ സംസ്ഥാന ആഭ്യന്തര മന്ത്രി  ദിലിപ് വൽസേ പാട്ടീൽ, ‍ഡിജിപി, മുതിർന്ന പൊലീസ് ഓഫിസർമാർ തുടങ്ങിയവർ സംസ്ഥാനത്തിന്റെ ക്രമസമാധാനനില യോഗം ചേർന്നു വിലയിരുത്തിയിരുന്നു.

അവധികൾ റദ്ദാക്കി; പൊലീസ് തയാർ

മുംബൈ ∙ രാജ് താക്കറെയുടെ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് ക്രമസമാധാനനില പാലിക്കാനായി പൊലീസ് സേനയിലെ മുഴുവൻ പേരുടെയും അവധികൾ റദ്ദാക്കിയതായി ഡിജിപി വാർത്താലേഖകരോട് വെളിപ്പെടുത്തി.

ഉച്ചഭാഷിണികൾ  പിടിച്ചു

മുംബൈ ∙ എംഎൻഎസ് ചാന്ദിവ്‍ലി ഓഫിസിൽ നിന്ന് ഉച്ചഭാഷിണികൾ പൊലീസ് പിടിച്ചെടുത്തു. പാർട്ടി നേതാവ് മഹേന്ദ്ര ഭാനുശാലി അടക്കമുള്ള ചിലരെ കസ്റ്റഡിയിലെടുത്തു.  നൂറോളം പേർക്ക് നോട്ടിസ് നൽകി.ഉച്ചഭാഷിണി മാറ്റാത്ത പള്ളികൾക്കു മുൻപിൽ മേയ് 4 മുതൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ സ്തോത്രം ചൊല്ലണമെന്നു രാജ് താക്കറെ അണികളോട് ആവശ്യപ്പെട്ടിരുന്നു.

പിന്മാറി രാജ് താക്കറെ

മുംബൈ ∙ മുസ്‌ലിം സമുദായം ഈദ് ആഘോഷിക്കുന്ന സാഹചര്യത്തിൽ മേയ് 3നു മഹാ ആരതിയും മറ്റും  നടത്തേണ്ടതില്ലെന്നു ട്വിറ്ററിലൂടെ മേയ് 2നു  രാജ് താക്കറെ  അണികളോട് ആവശ്യപ്പെട്ടിരുന്നു. മേയ് 3ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്കു മുൻപിൽ ഹനുമാൻ സ്തോത്രവും ആരതിയും ചൊല്ലാൻ നേരത്തെ ആവശ്യപ്പെട്ടതിൽ നിന്നുള്ള പിൻമാറ്റമായിരുന്നു ഇത്. 

14 വർഷം പഴക്കമുള്ള കേസിലും ജാമ്യമില്ലാ വാറന്റ്

സാംഗ്ലി ∙ 14 വർഷം പഴക്കമുള്ള കേസിൽ  ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി  രാജ് താക്കറെയെ അറസ്റ്റ് ചെയ്യാൻ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.

2008ൽ പ്രകോപനപരമായ പ്രസംഗം നടത്തിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമം 109, 117 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാജിനെയും എംഎൻഎസ് നേതാവ് ഷിരിഷ് പാർക്കറെയും അറസ്റ്റ് ചെയ്ത് സാംഗ്ലി ജില്ല ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപിൽ ഈ മാസം 8നു മുൻപ് ഹാജരാക്കാനാണ് ഏപ്രിൽ 6 ന് പുറപ്പെടുവിച്ച വാറന്റിൽ മുംബൈ പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: Police Files Case Against Raj Thackeray for Inflammatory Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com