ADVERTISEMENT

ന്യൂഡൽഹി ∙ ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി എന്നിവയടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി കോൺഗ്രസ് സംഘടനാകാര്യ കരട് പ്രമേയം. രാജസ്ഥാനിലെ ഉദയ്പുരിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ചിന്തൻ ശിബിരത്തിൽ അവതരിപ്പിക്കുന്ന പ്രമേയം ഇന്നലെ ചേർന്ന പ്രവർത്തക സമിതി വിശദമായി ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി പദവിയിൽ എഐസിസിയിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികൾ തേടി ഹൈക്കമാൻഡുമായി അടുത്തിടെ ചർച്ച നടത്തിയ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമാന ആശയം മുന്നോട്ടുവച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെയാണ് പദവിയിലേക്കു പ്രശാന്ത് ശുപാർശ ചെയ്തത്.

സംഘടനാകാര്യ പ്രമേയത്തിലെ പ്രധാന ശുപാർശകൾ:

∙ ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി.

∙ തിരഞ്ഞെടുപ്പ് പ്രവർത്തനം, സഖ്യങ്ങൾ സംബന്ധിച്ച തീരുമാനം എന്നിവയ്ക്കു മേൽനോട്ടം വഹിക്കാൻ ഏകോപന സമിതി.

∙ 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി തോറ്റ സീറ്റുകളിൽ സ്ഥാനാർഥികളെ അടുത്ത വർഷം തന്നെ തീരുമാനിക്കുക.

∙ പ്രവർത്തകരുടെയും ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്താൻ മൊബൈൽ ആപ്.

∙ സംസ്ഥാനങ്ങളെ രണ്ടായി വിഭജിക്കുക – കോൺഗ്രസിനു സംഘടനാപരമായി ശക്തിയുള്ളവ, പാർട്ടി വെല്ലുവിളി നേരിടുന്നവ.

∙ വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിൽ താഴെത്തട്ടിൽ 50 – 100 സംഘടനാകാര്യ സെക്രട്ടറിമാരെ നിയമിക്കുക. പഞ്ചായത്ത് തലത്തിൽ പാർട്ടിയെ നയിക്കാൻ കെൽപുള്ള മികച്ച നേതാക്കളെ ഇവർ കണ്ടെത്തണം.

∙ എഐസിസി, ഡിസിസി ഭാരവാഹികൾക്കു നിശ്ചിത സേവന കാലാവധി.

∙ എഐസിസി, പിസിസി ജനറൽ ബോഡി യോഗങ്ങൾ വർഷത്തിൽ 2 തവണ.

∙ പാർട്ടി പ്രത്യയശാസ്ത്രം പ്രവർത്തകരെ പഠിപ്പിക്കാൻ പരിശീലന കളരി.

∙ ബ്ലോക്ക്, ബൂത്ത്, ജില്ലാ, പിസിസി ഘടകങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ സമിതികൾ.

∙ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പോഷക സംഘടനകൾ, പ്രവർത്തക സമിതി എന്നിവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക.

∙ പാർട്ടി ഫണ്ട് സ്വരൂപിക്കാൻ പ്രത്യേക സംവിധാനം.

∙ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുമായി പാർട്ടി നിരന്തരം ആശയവിനിമയം നടത്തുക. ഇതിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതി.

∙ ഉൾപാർട്ടി പ്രശ്നങ്ങൾ പൊതുസദസ്സിൽ ചർച്ച ചെയ്യുന്നതിനു വിലക്ക്.

∙ പാർട്ടിയുടെ മീഡിയ വിഭാഗം അടിമുടി ഉടച്ചുവാർക്കുക.

English Summary: Congress organisational draft resolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com