ADVERTISEMENT

മുംബൈ∙ സന്തൂറിന്റെ മാന്ത്രികനാദത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച സംഗീതജ്ഞൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ (84) അന്തരിച്ചു. ബാന്ദ്ര പാലി ഹിൽ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 10 മുതൽ ജുഹുവിലെ ജെവിപിഡി മൈതാനത്തു പൊതുദർശനത്തിനു വയ്ക്കും.

ഉച്ചകഴി​ഞ്ഞു മൂന്നിനു വിലെ പാർലെ ഹിന്ദു ശ്മശാനത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹം അടുത്തയാഴ്ച ഭോപാലിൽ കലാപരിപാടി അവതരിപ്പിക്കാനിരിക്കെ ഇന്നലെ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ജമ്മുവിൽ ജനിച്ച ശിവ്കുമാറാണ് കശ്മീരിലെ നാടോടി സംഗീതോപകരണമായ സന്തൂറിനെ ലോകപ്രശസ്തമാക്കിയത്. തബലയിൽ തുടങ്ങിയ മകന്റെ സംഗീതയാത്രയെ സന്തൂറിലേക്കു തിരിച്ചുവിട്ടത് പിതാവ് പണ്ഡിറ്റ് ഉമാദത്ത് ശർമയാണ്.

INDIA-ENTERTAINMENT-BOLLYWOOD-SAI BABA
പണ്ഡിറ്റ് ശിവ്കുമാർ ശർമ സന്തൂർ വായിക്കുന്നു.

അറുപതുകളിൽ മുംബൈയിലെത്തിയ ശിവ്കുമാർ ശാന്താറാം സംവിധാനംചെയ്ത ‘ഛനക് ഛനക് പായൽ ബാജേ’ എന്ന സിനിമയ്ക്കു പശ്ചാത്തലസംഗീതമൊരുക്കി. 1967ൽ പുല്ലാങ്കുഴൽ വിദഗ്ധനായ ഹരിപ്രസാദ് ചൗരസ്യയുമൊത്തു പുറത്തിറക്കിയആൽബം  ‘കോൾ ഓഫ് ദ് വാലി’  പ്രശസ്തമായി. ചൗരസ്യയുമായി ചേർന്ന് ശിവ–ഹരി എന്ന പേരിൽ സിൽസില, ലംഹേ, ചാന്ദ്നി തുടങ്ങിയ ഹിന്ദി സിനിമകൾക്കുവേണ്ടിയും പാട്ടുകളൊരുക്കി.

INDIA TSUNAMI MUSIC CONCERT
പണ്ഡിറ്റ് ശിവ്കുമാർ ശർമയും പ്രശസ്ത തബല വാദകൻ സാക്കിർ ഹുസൈനും.

പത്മശ്രീ(1991), പത്മവിഭൂഷൺ (2001), കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം (1986) ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. ഭാര്യ: സിത്താർ വാദകയായ മനോരമ. മക്കൾ: സന്തൂർ വാദകനായ രാഹുൽ ശർമ, ഫോക്സ്റ്റാർ സ്റ്റുഡിയോസ് ഇന്ത്യയുടെ ഇന്റർനാഷനൽ സെയിൽസ്  മേധാവി രോഹിത് ശർമ.

PTI9_19_2011_000151B
പണ്ഡിറ്റ് ശിവ്കുമാർ ശർമയും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും.

English Summary: Santoor maestro Pandit Shivkumar Sharma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com