ADVERTISEMENT

ദേശീയ, സംസ്ഥാന തലങ്ങളിൽ നിലനിൽപിനു ഭീഷണിയാകുന്ന രാഷ്ട്രീയ സഖ്യങ്ങൾ പാടില്ലെന്ന് കോൺഗ്രസ് കരട് രാഷ്ട്രീയകാര്യ പ്രമേയത്തിൽ നിർദേശം. കോൺഗ്രസിന്റെ വോട്ട് ബാങ്കിലേക്ക് പ്രാദേശിക കക്ഷികൾ വ്യാപകമായി കടന്നുകയറുന്ന സാഹചര്യത്തിലാണ് സഖ്യങ്ങളിൽ കരുതൽ വേണമെന്ന നിർദേശം. കോൺഗ്രസ് തീർത്തും ദുർബലമായ സംസ്ഥാനങ്ങളിൽ  മാത്രമേ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലേർപ്പെടാവൂ. ഇന്ന് ആരംഭിക്കുന്ന ത്രിദിന ശിബിരത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. 

മുൻപു നടന്ന 2 ചിന്തൻ ശിബിരങ്ങളിൽ സഖ്യങ്ങൾ സംബന്ധിച്ചെടുത്ത തീരുമാനങ്ങൾ യോജിപ്പിച്ചുള്ള പുതിയ നയമാണ് കോൺഗ്രസ് ഇക്കുറി പരിശോധിക്കുന്നത്. സഖ്യങ്ങളില്ലാതെ കോൺഗ്രസ് വളരണമെന്നായിരുന്നു മധ്യപ്രദേശിലെ പച്മാഡി (1998) ശിബിരത്തിലെടുത്ത തീരുമാനം. എന്നാൽ, സാധ്യമായിടത്തെല്ലാം സഖ്യങ്ങളാകാമെന്ന് 2003ൽ ഹിമാചൽപ്രദേശിലെ ഷിംല ശിബിരം മാറി ചിന്തിച്ചു. 

ഏതൊക്കെ സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കു നിൽക്കണം, എവിടെയെല്ലാം സഖ്യങ്ങൾക്കു കൈകൊടുക്കണം എന്ന കാര്യം തീരുമാനിക്കാൻ പ്രത്യേക സമിതിക്കു രൂപം നൽകിയേക്കും. പ്രാദേശിക കക്ഷികളിൽ ടിആർഎസ് (തെലങ്കാന), ആം ആദ്മി പാർട്ടി എന്നിവയുമായി ഒരുകാരണവശാലും സഖ്യം വേണ്ടെന്നാണു കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. മഹാരാഷ്ട്രയിൽ എൻസിപി, ശിവസേന എന്നിവയുമായി സഖ്യമുണ്ടെങ്കിലും അവിടെയും തനിച്ചു വളരാനുള്ള സാധ്യത പരമാവധി ഉപയോഗിക്കണം. ഡിഎംകെ (തമിഴ്നാട്), മുസ്‍ലിം ലീഗ് (കേരളം) എന്നിവയാണു കോൺഗ്രസിന്റെ വിശ്വസ്ത സഖ്യങ്ങളുടെ പട്ടികയിലുള്ളത്. 

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന കോൺഗ്രസിനു പ്രാദേശിക കക്ഷികൾ വിലകൊടുക്കുന്നില്ല. അതിൽ മാറ്റം വരാൻ സ്വന്തം നിലയിൽ ശക്തിയാർജിക്കുകയല്ലാതെ മാർഗമില്ല. പ്രാദേശിക കക്ഷികൾക്കു മുന്നിൽ ഭരണം അടിയറവച്ച സംസ്ഥാനങ്ങളിൽ തിരിച്ചുവരാൻ കോൺഗ്രസിനു സാധിക്കാത്തതു തിരിച്ചടിയാണ്. തമിഴ്നാട്, ഒഡീഷ, ആന്ധ്ര, തെലങ്കാന, ഡൽഹി എന്നിവ ഉദാഹരണം. ഏറ്റവുമൊടുവിൽ പഞ്ചാബിലും കോൺഗ്രസിന്റെ വോട്ട് ബാങ്കിലേക്ക് ആം ആദ്മി കടന്നുകയറി. ബിജെപി വിരുദ്ധതയാണു ഭൂരിഭാഗം പ്രാദേശിക കക്ഷികളുടെയും രാഷ്ട്രീയമെങ്കിലും ഫലത്തിൽ അവയെല്ലാം കോൺഗ്രസ് വോട്ടുകളാണു പിടിച്ചെടുക്കുന്നതെന്നു പ്രമേയം ചൂണ്ടിക്കാട്ടുന്നു.

രാഹുലിന്റെ മനസ്സറിയണം

ചിന്തൻ ശിബിരത്തിന് ഇന്നു തുടക്കമാകുമ്പോൾ പാർട്ടി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകം. രാഹുൽ വീണ്ടും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശിബിരത്തിലുയരും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവർ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടും. പ്രസിഡന്റ് പദം ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുൽ ഇനിയും മനസ്സു തുറന്നിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നാണു രാഹുലിന്റെ നിലപാട്.

രണ്ടു മണിക്ക് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ഉദ്ഘാടനപ്രസംഗത്തോടെ ശിബിരത്തിനു തുടക്കമാകും. തുടർന്ന് 6 വിഷയങ്ങളിലുള്ള പ്രമേയങ്ങളിൽ പ്രതിനിധികൾ ചർച്ച നടത്തും. നാളെ പകലും ചർച്ച തുടരും. ഞായറാഴ്ച രാവിലെ പ്രമേയങ്ങൾ സോണിയയ്ക്കു കൈമാറും. തുടർന്ന് ചേരുന്ന പ്രവർത്തകസമിതി യോഗം അവയ്ക്ക് അംഗീകാരം നൽകും. പ്രമേയങ്ങൾ മുന്നോട്ടുവയ്ക്കുന്ന കർമപദ്ധതി ‘ഉദയ്പുർ പ്രഖ്യാപനം’ എന്ന പേരിൽ പുറത്തിറക്കും. സമാപനച്ചടങ്ങിൽ രാഹുൽ ഗാന്ധിയും സോണിയയും പ്രസംഗിക്കും. 

സിബൽ വിട്ടുനിൽക്കും 

ചിന്തൻ ശിബിരത്തിൽനിന്ന് മുതിർന്ന നേതാവ് കപിൽ സിബൽ വിട്ടുനിന്നേക്കും. വിമതസംഘമായ ജി23ൽ അംഗമായ സിബൽ, കോൺഗ്രസ് നേതൃത്വത്തിൽനിന്നു ഗാന്ധികുടുംബം മാറിനിൽക്കണമെന്ന് മുൻപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സിബലിനെ ശിബിരത്തിലേക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ജി23ലെ പ്രമുഖ നേതാക്കളായ ഗുലാം നബി ആസാദ്, ഭൂപീന്ദർ സിങ് ഹൂഡ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

യുവമുന്നേറ്റത്തിന് കേരളം 

കോൺഗ്രസിനെ താഴെത്തട്ടു മുതൽ പുനരുജ്ജീവിപ്പിക്കാൻ പത്തിന നിർദേശവുമായി കെപിസിസി. ഓരോ ബൂത്തിലും 15 – 20 കോൺഗ്രസ് കുടുംബങ്ങളെ വീതം ഉൾപ്പെടുത്തി ചുരുങ്ങിയത് 5 യൂണിറ്റ് കമ്മിറ്റികൾ, ഡോണർ സംവിധാനം (പാർട്ടിയുടെ പ്രവർത്തനത്തിനു പണം സംഭാവന ചെയ്യാൻ കഴിയുന്ന പ്രവർത്തകരുടെ കൂട്ടായ്മ), കോൺഗ്രസിന്റെ ആശയങ്ങൾ പഠിപ്പിക്കാൻ രാഷ്ട്രീയ സ്കൂൾ, പാർട്ടി ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും 50% പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്ക്, ജനങ്ങളെ ബാധിക്കുന്ന വിഷങ്ങൾ ഉയർത്തിക്കാട്ടി താഴെത്തട്ട് മുതൽ സമ്മേളനങ്ങൾ തുടങ്ങിയവയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്.

എ.കെ.ആന്റണിയില്ല

ആകെ 422 പ്രതിനിധികളാണു യോഗത്തിൽ പങ്കെടുക്കുന്നത്. ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവരൊഴികെയുള്ള എംപിമാർ, ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, റോജി എം.ജോൺ എംഎൽഎ, എൻഎസ്‌യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ തുടങ്ങിയവരാണു കേരളത്തിൽനിന്നുള്ള പ്രതിനിധികൾ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാലാണ് ബെന്നിയും ഹൈബിയും വിട്ടുനിൽക്കുന്നത്. തിരുവനന്തപുരത്തുള്ള എ.കെ.ആന്റണി ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കുന്നില്ല.

Content Highlight: Congress chintan shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com