തിരുവനന്തപുരം ∙ ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനു വേണ്ടി മനുഷ്യനു സഞ്ചരിക്കാൻ കഴിയുന്ന വിക്ഷേപണ വാഹിനിയുടെ സോളിഡ് റോക്കറ്റ് ബൂസ്റ്ററിന്റെ പരീക്ഷണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഇന്നലെ രാവിലെ 7.30 ആയിരുന്നു പരീക്ഷണം. ഐഎസ്ആർഒ ചെയർമാനും സ്പേസ് സെക്രട്ടറിയുമായ എസ്.സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ബൂസ്റ്റർ രൂപകൽപന തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലും മോട്ടർ നിർമാണം സതീഷ് ധവാൻ സ്പേസ് സെന്ററിലുമാണു പൂർത്തിയാക്കിയത്. 4,000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ജിഎസ്എൽവി എംകെ3 ഉപയോഗിച്ചാണ് ഗഗൻയാൻ വിക്ഷേപണം നടത്തുക. ബഹിരാകാശ വാഹനത്തെ വഹിക്കുന്ന റോക്കറ്റിന്റെ വേഗം ത്വരിതപ്പെടുത്തുന്നതാണു ബൂസ്റ്റർ. മനുഷ്യനെ ബഹിരാകാശത്തെത്തി തിരികെ കൊണ്ടു വരുന്ന ഗഗൻയാൻ ദൗത്യത്തിൽ നിർണായക ചുവടുവയ്പ് ഇതോടെ പൂർത്തിയായി.
Content Highlight: Gaganyaan