ADVERTISEMENT

ന്യൂഡൽഹി ∙ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി 6 മാസമാകുമ്പോഴാണ് 1998 ൽ മധ്യപ്രദേശിലെ പച്ച്മാഡിയിൽ കോൺഗ്രസിന്റെ ചിന്തൻ ശിബിരം നടന്നത്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുമോ എന്ന് വ്യക്തതയില്ലാതിരിക്കെയാണ് ഉദയ്പുർ ശിബിരം തുടങ്ങിയത്. രാഹുൽ നേതൃത്വത്തിലേക്കു വരുമെന്ന് ഉറപ്പിച്ചു പറയാതെയാണ് ശിബിരം അവസാനിച്ചതും. 

രാഹുൽ നേതൃത്വം ഏറ്റെടുക്കണമെന്ന് ഉദയ്പുരിൽ‍ പലരും അഭ്യർഥിച്ചതും സംഘടനാകാര്യങ്ങൾക്ക് മുൻഗണന ലഭിച്ചതും പ്രതീക്ഷിച്ചതു തന്നെയാണ്. അതേസമയം, ബിജെപിയെ നേരിടുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് വ്യക്തയുണ്ടാക്കാനും നയസമീപനങ്ങളിൽ മൂർച്ചവരുത്താനും സാധിച്ചില്ല. സംഘടനയിൽ കാതലായ മാറ്റങ്ങൾക്കല്ല, മിനുക്കുപണികൾക്കാണ് തീരുമാനമുണ്ടായത്. അതുകൊണ്ടുതന്നെ ഉദയ്പുരിൽനിന്ന് കോൺഗ്രസ് മുന്നോട്ടെന്ന് പറയാനോ വിമത ശബ്ദങ്ങൾ അവസാനിക്കുമെന്ന് പറയാനോ കഴിയില്ല. 

യുപിയിലെ നറോറയിൽ 1974 ൽ നടത്തിയ ക്യാംപിലാണ് സാമൂഹിക നീതി വിഷയങ്ങളിൽ ഊന്നണമെന്നും നിർധനരുടെ പക്ഷത്താണ് പാർട്ടിയെന്നു സ്ഥാപിച്ചെടുക്കണമെന്നും തീരുമാനമുണ്ടായത്. 24 വർഷത്തിനുശേഷം, പച്ച്മാഡിയിലും സാമൂഹിക നീതിയെന്നതിൽ ഊന്നലുണ്ടായി. 24 വർഷത്തിനുശേഷം, ഉദയ്പുരിലും സാമൂഹിക നീതിപരമായ നിലപാടുകൾക്കായി വാദമുണ്ടായി. ഉദാരവത്കരണ സാമ്പത്തിക നയത്തിൽനിന്നുള്ള മാറ്റവും സൂചിപ്പിക്കപ്പെട്ടു. എന്നാൽ, അതനുസരിച്ചുള്ള തീരുമാനങ്ങളുണ്ടായില്ല. ഉദയ്‌പുർ ശിബിരത്തിനു മുൻപു ചേർന്ന പ്രവർത്തക സമിതിയിൽ സോണിയ പറഞ്ഞത് ഐക്യവും അച്ചടക്കവുമുണ്ടെങ്കിൽ ഏതു യുദ്ധവും ജയിക്കാമെന്നാണ്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കണമെങ്കിൽ ആദ്യം സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നതിലാണ് ഊന്നലെന്നു ചുരുക്കം. 

ദലിതരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് പാർട്ടി ഫോറങ്ങളിൽ 50% സംവരണമെന്നത് ഇപ്പോൾ തത്വത്തിൽ അംഗീകരിച്ചെന്നാണ് പാർട്ടി പറയുന്നത്. എന്നാൽ, ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും 20%, സ്ത്രീകൾക്ക് 33% – മൊത്തം 53% സംവരണമെന്നത് നിലവിൽ പാർട്ടി ഭരണഘടനയിലുള്ള വ്യവസ്ഥയാണ്. അതു കൃത്യമായി നടപ്പാക്കാതെയാണ് ഇപ്പോൾ പുതിയ സംവരണം പറയുന്നത്. 

ഒരു കുടുംബത്തിലെ ഒരാൾക്കു മാത്രം ടിക്കറ്റ്, രണ്ടാമത്തെയാൾ 5 വർഷം പ്രവർത്തിച്ചുകഴിഞ്ഞാൽ മാത്രം ടിക്കറ്റ് എന്നതും മാറ്റമുണ്ടാക്കുന്ന തീരുമാനമെന്ന പ്രതീതി മാത്രമുള്ളതാണ്. കാരണം, 18 വയസ്സെങ്കിലുമുള്ളവർ, 5 വർഷത്തേക്കുള്ള വരിസംഖ്യയായി 5 രൂപ നൽകുകയെന്നതാണ് നിലവിൽ കോൺഗ്രസ് അംഗത്വത്തിനുള്ള ആദ്യ വ്യവസ്ഥ. 18 വയസ്സിൽ അംഗത്വമെടുത്ത് 7 വർഷം കഴിഞ്ഞാലേ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനുള്ള പ്രായപരിധിയാവൂ. 

യുവജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യമെന്ന് ഇപ്പോൾ പറയുന്നതാകട്ടെ, 1974 ലും 1998 ലും പറഞ്ഞതാണ്. കഴിഞ്ഞ ഏതാനും വർഷത്തിൽ ഈ യുവജന പ്രാതിനിധ്യത്തിനു ശ്രമിച്ചപ്പോഴാണ് രാഹുൽ വലിയ എതിർപ്പു നേരിട്ടത്. ഇത്തവണ പ്രായപരിധി വ്യവസ്ഥ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ കണ്ടതും ആ എതിർപ്പിന്റെ തുടർച്ചയാണ്. കേഡർ പാർട്ടികൾ പ്രായപരിധി വ്യവസ്ഥ നടപ്പാക്കുന്നുണ്ട്. പാർട്ടി സമിതിയിൽ അംഗമാകുന്ന വ്യക്തിക്ക് രണ്ടാം തവണയും സ്ഥാനം ലഭിക്കാൻ 3 വർഷത്തെ ഇടവേളയാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്. സാധാരണ ഗതിയിൽ തുടർ‍ച്ചയായി 2 തവണയെന്നതാണ് നിലവിലെ വ്യവസ്ഥ. അതിന് 3 വർഷത്തെ ഇടവേള കൊണ്ടുവരിക മാത്രം ചെയ്യുന്നു. 

പാർലമെന്ററി ബോർഡ് ഉണ്ടായിരിക്കുകയെന്നത് കോൺഗ്രസ് ഭരണഘടനയിലെ വ്യവസ്ഥയാണ്. 29 വർഷമായി ഈ വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. ഈ സംവിധാനം വേണമെന്ന് ഉദയ്പുരിലും ഉൾപാർട്ടി ജനാധിപത്യവാദികൾ ആവശ്യപ്പെട്ടതാണ്. പാർട്ടി അധ്യക്ഷനു സമാന്തരമായി ശക്തികേന്ദ്രം രൂപപ്പെടുമെന്ന ആശങ്കയാണ് ആവശ്യം തള്ളിയതിനു പിന്നിലെന്നാണ് സൂചന. 

ഈ വർഷവും അടുത്ത വർഷവുമായി, 11 നിയമസഭകളിലേക്കായി 1333 സീറ്റുകളിലേക്ക് മത്സരമുണ്ട്. 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പും ഒപ്പം ഏതാനും നിയമസഭാ തിരഞ്ഞെടുപ്പകളുമുണ്ട്. അതിനു മുൻപു സംഘടന അടിമുടി ശക്തിപ്പെടും എന്നു തോന്നിപ്പിക്കുന്ന തീരുമാനങ്ങൾ ഉദയ്പുരിൽ‍ ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. 

ഏതാനും മാസത്തിനകം നേതൃമാറ്റമുണ്ടായശേഷം കാര്യങ്ങൾ മാറുമെന്നാണ് ചില നേതാക്കൾ വാദിക്കുന്നത്. എന്നാൽ, അതിനു കളമൊരുക്കാൻ ഉദയ്പുർ ശിബിരം സഹായിച്ചെന്നു വിലയിരുത്താനാവില്ല.

Content Highlight: Congress chintan shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com