ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ 50% സ്ഥാനാർഥികൾ 50 വയസ്സിൽ താഴെയുള്ളവർ ആകണമെന്ന നിർദേശം നടപ്പാക്കുന്നത് കനത്ത വെല്ലുവിളിയാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ജയസാധ്യതയുള്ള യുവനേതൃനിരയുടെ അഭാവമാണ് കാരണം. പല സംസ്ഥാനങ്ങളിലും ജയസാധ്യതയുള്ള യുവാക്കളുടെ എണ്ണം വളരെ കുറവാണെന്നാണു പാർട്ടി ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. 

ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വത്തിനും ഭാരവാഹിത്വത്തിനും 65 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചു. യുവാക്കൾ പ്രായപരിധി ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാചകം ശിബിര പ്രമേയത്തിൽ ഉൾപ്പെടുത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ അതു പ്രാബല്യത്തിലാക്കാൻ ആലോചനയില്ല. 50% സീറ്റ് 50 വയസ്സിൽ താഴെയുള്ളവർക്കു നൽകുകയും 65 വയസ്സ് പ്രായപരിധി നിശ്ചയിക്കുകയും ചെയ്താൽ ബാക്കി 50% സ്ഥാനാർഥികളെ 50 – 65 വയസ്സിനിടയിലുള്ളവരിൽ നിന്ന് കണ്ടെത്തേണ്ടി വരും. അനർഹരായ പലർക്കും ടിക്കറ്റ് ലഭിക്കാൻ അതു വഴിയൊരുക്കുമെന്നും പാർട്ടി കരുതുന്നു. 

വിവിധ ഘടകങ്ങളിൽ നടക്കാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ഭാരവാഹിത്വം നേടി ‘നേതാക്കളാകാൻ’ യുവാക്കളോട് പാർട്ടി നിർദേശിച്ചു. ഭാരവാഹിത്വത്തിൽ പ്രവർത്തനപരിചയമില്ലാത്ത ചെറുപ്പക്കാരെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് നേരിട്ടിറക്കി തിരിച്ചടി നേരിട്ട കേരളത്തിന്റെ അനുഭവമാണ് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിപ്പിച്ച 52 പുതുമുഖങ്ങളിൽ 48 പേർ തോറ്റിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ടിക്കറ്റ് നൽകിയ പുതുമുഖങ്ങളും കൂട്ടമായി തോറ്റു. ലോക്സഭാ തിരഞ്ഞെടുപ്പ് 2 വർഷം മാത്രം അകലെ നിൽക്കെ, ഭാരവാഹിത്വത്തിലൂടെ യുവനേതൃനിരയെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിനാണ് പാർട്ടി പ്രാധാന്യം നൽകുന്നത്.

ബൂത്ത് മുതലുള്ള ഒഴിവുകൾ 6 മാസത്തിനകം നികത്തും

ശിബിര തീരുമാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾക്കു കോൺഗ്രസ് തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട് ആലോചനായോഗങ്ങൾ ചേരാൻ സംസ്ഥാന ഘടകങ്ങളോട് ഹൈക്കമാൻ‍ഡ് നിർദേശിച്ചു. നടപടികൾ വിലയിരുത്താൻ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു. 

ഒരു പദവിയിൽ 5 വർഷത്തിൽ കൂടുതൽ തുടരുന്ന ഭാരവാഹികളുടെയും ഒന്നിലധികം പദവികൾ വഹിക്കുന്നവരുടെയും പട്ടിക സംസ്ഥാനങ്ങൾ തയാറാക്കും. ബൂത്ത് തലം മുതൽ ഒഴിഞ്ഞുകിടക്കുന്ന എല്ലാ പദവികളും 6 മാസത്തിനകം നികത്തും. പിസിസി, ഡിസിസി ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്താനുള്ള സമിതിക്കു സംഘടനാകാര്യ ജനറൽ സെക്രട്ടറി മേൽനോട്ടം വഹിക്കും. 

പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഓഗസ്റ്റ് അവസാനം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പോടെ ശിബിരത്തിലെ ഭൂരിഭാഗം തീരുമാനങ്ങളും നടപ്പാക്കുകയാണു ലക്ഷ്യം. ഇതിനു പിന്നാലെ തിരഞ്ഞെടുക്കുന്ന പ്രവർത്തകസമിതിയിലും 50% പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്കായിരിക്കും.

English Summary: Congress not to have age limit for candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com