ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്തിയ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) വിപണി പ്രവേശം തകർച്ചയോടെ. 949 രൂപയ്ക്ക് ഐപിഒയിൽ വിൽപന നടന്ന ഓഹരി ഇന്നലെ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ 872 രൂപയ്ക്കും (ഇടിവ് 8.11%) ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 867.20 രൂപയ്ക്കുമാണ് (ഇടിവ് 8.62%) ലിസ്റ്റ് ചെയ്തത്.

കേന്ദ്രസർക്കാർ ഓഹരി വിറ്റ് 20,557 കോടി രൂപയാണു സമാഹരിച്ചത്. എന്നാൽ, അങ്ങനെ വാങ്ങിയ ഓഹരി ഇന്നലെ വിറ്റു ലാഭമെടുക്കാനിറങ്ങിയവർക്കു നിരാശയാണുണ്ടായത്. വില ഒരു ഘട്ടത്തിൽ 920 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് ഇടിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ എൻഎസ്ഇയിൽ 875.25 രൂപയും ബിഎസ്ഇയിൽ 875.45 രൂപയുമാണ് ഒരു ഓഹരിയുടെ വില.

സെൻസെക്സും നിഫ്റ്റിയും 3 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയ (2.5%) ദിവസമായിട്ടും എൽഐസി ഓഹരിക്ക് ഉയരം കണ്ടെത്താനായില്ല. ഇളവുണ്ടായിരുന്നതിനാൽ പോളിസി ഉടമയ്ക്ക് 889 രൂപയ്ക്കും സാധാരണ നിക്ഷേപകന് 904 രൂപയ്ക്കുമാണ് ഓഹരി ലഭിച്ചത്. ലിസ്റ്റിങ് വില 889 രൂപയിൽ താഴെപ്പോയതിനാൽ ആർക്കും ആദ്യദിവസം ലാഭം നേടാനായില്ല.

രൂപ ഇടിഞ്ഞു, പണപ്പെരുപ്പം കൂടി

രൂപയ്ക്കു വീണ്ടും വിലത്തകർച്ച; പണപ്പെരുപ്പ നിരക്കിൽ വീണ്ടും വർധന. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 77.80 നിലവാരത്തിലേക്ക് ഇടിഞ്ഞപ്പോൾ അതു പുതിയ റെക്കോർഡായി. മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു കുതിച്ചുയർന്നത് 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ്– 15.08%.

സർക്കാർ റിപ്പോർട്ട് വ്യാജം: പിഐബി

ന്യൂഡൽഹി ∙ കുറഞ്ഞ വരുമാനക്കാരെ നാണ്യപ്പെരുപ്പം കാര്യമായി ബാധിക്കില്ലെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അത്തരം പരാമർശം നടത്തിയിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) അറിയിപ്പ്. പരാമർശം വ്യാജമാണെന്നാണ് പിഐബി ഫാക്ട് ചെക്ക് ടീമിന്റെ ട്വീറ്റ്. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പരാമർശം എന്തുകൊണ്ടാണ് വ്യാജമെന്ന് പിഐബി ചൂണ്ടിക്കാട്ടുന്നതെന്ന് വ്യക്തമല്ല.

ലിസ്റ്റിങ് വില വച്ച് ഭാവിയെ അളക്കരുത്

‘ലിസ്റ്റിങ് ദിനത്തിലെ വില ഭാവിയെ അളക്കാനുള്ള ബാരോമീറ്ററല്ല. പല കാരണങ്ങൾ കൊണ്ടു വിപണിവില മാറാം. നിക്ഷേപകർ വിഷമിക്കേണ്ട കാര്യമില്ല.’ – എം.ആർ.കുമാർ (എൽഐസി ചെയർമാൻ)

Content Highlight: Life Insurance Corporation of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com