ADVERTISEMENT

ന്യൂഡൽഹി ∙ കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ 1988ൽ ഗുർണാം സിങ് എന്നയാളെ അക്രമിച്ച കേസിൽ, കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ (58) ശിക്ഷ സുപ്രീം കോടതി ഒരു വർഷം തടവും 1000 രൂപ പിഴയുമായി വ‍‍‍‍‍‍‍ർധിപ്പിച്ചു. മർദനത്തിൽ പരുക്കേറ്റ ഗുർണാം സിങ് (65) ആശുപത്രിയിലാണു മരിച്ചത്. നിയമത്തിനു വിധേയനായിരിക്കുമെന്നു സിദ്ദു പ്രതികരിച്ചു. 

നേരത്തേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018ൽ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടർന്നു ഗുർണാം സിങ്ങിന്റെ കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവു കൂടി വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324-ാം വകുപ്പ് (പരുക്കേൽപിക്കൽ) പ്രകാരമുള്ള പരമാവധി ശിക്ഷയാണിത്. 1000 രൂപ പിഴത്തുക നേരത്തേ അടച്ചിരുന്നു. 

അതേസമയം, കൊലക്കുറ്റം ചുമത്തണമെന്ന പുനഃപരിശോധനാ ഹർജിയിലെ ആവശ്യം ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ച് തള്ളി. കൊല്ലാനുള്ള ഉദ്ദേശ്യമില്ലായിരുന്നുവെന്നും അതിനാൽ ഹർജി തള്ളണമെന്നുമായിരുന്നു സിദ്ദുവിന്റെ വാദം. 

ഗുർണാം സിങ്ങിനെ സിദ്ദു അടിച്ചെങ്കിലും അതാണു മരണകാരണമെന്നു തെളിഞ്ഞിട്ടില്ലെന്ന് 2018ൽ ശിക്ഷ കുറവു ചെയ്യുമ്പോൾ ജഡ്ജിമാരായ ജെ. ചെലമേശ്വർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മർദിച്ചു പരുക്കേൽപിച്ച കുറ്റത്തിന് ഒരു വർ‍ഷം വരെ തടവും 1000 രൂപ പിഴയും വിധിക്കാവുന്നതാണെങ്കിലും സംഭവം നടന്ന് ഇത്രയേറെ വർഷമായതും ഇരുവരും തമ്മിൽ ശത്രുതയില്ലായിരുന്നുവെന്നതും ആയുധമുപയോഗിച്ചിട്ടില്ലെന്നതും പരിഗണിച്ച് അന്നു ശിക്ഷ പിഴയിലൊതുക്കുകയായിരുന്നു. 

വിചാരണക്കോടതി വിട്ടയച്ചു; ഹൈക്കോടതി ശിക്ഷിച്ചു

പട്യാലയിൽ 1988 ഡിംസബർ‍ 27ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനം നടുറോഡിൽ നിർത്തിയിട്ട സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യംചെയ്തതിനെ തുടർന്ന് അടിപിടിയുണ്ടായി. സുഹൃത്തായ രൂപിന്ദർ സിങ്ങും സിദ്ദുവിനൊപ്പമുണ്ടായിരുന്നു. പരുക്കേറ്റ ഗുർണാം സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർദനത്തെത്തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചതാണെന്നു പ്രോസിക്യൂഷനും ഹൃദയാഘാതമാണു കാരണമെന്നു പ്രതികളും വാദിച്ചു. 1999ൽ വിചാരണക്കോടതി സിദ്ദുവിനെയും രൂപിന്ദറിനെയും വിട്ടയച്ചു. എന്നാൽ, അപ്പീലിൽ ഇരുവരും കുറ്റക്കാരെന്നു കണ്ടെത്തിയ പഞ്ചാബ്–ഹരിയാന ഹൈക്കോടതി, മനഃപൂർവല്ലാത്ത നരഹത്യയ്ക്കു 3 വർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണു കേസ് സുപ്രീം കോടതിയിലെത്തിയത്. 2018ലെ വിധിയിൽ രൂപിന്ദറിനെ പൂർണമായും കുറ്റവിമുക്തനാക്കിയിരുന്നു. 

English Summary: Navjot Sidhu Gets 1 Year In jail In 34-Year-Old Road Rage Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com