ADVERTISEMENT

ചെന്നൈ ∙ പേരറിവാളനെ സിബിഐ കൊണ്ടുപോയതിന്റെ പിറ്റേന്ന് അതായത്, 1991 ജൂൺ 12 മുതൽ അമ്മ അർപ്പുതമ്മാൾ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് മകന്റെ മോചനം. പലപ്പോഴും മകനെ പാർപ്പിച്ചിരുന്ന ജയിലിനു മുന്നിലിരുന്നു ദിവസങ്ങളോളം അവർ കരഞ്ഞു. കോടതികൾ കയറിയിറങ്ങി. വധശിക്ഷയ്ക്കെതിരെ പിന്തുണ തേടി ഇന്ത്യയൊട്ടാകെ യാത്ര ചെയ്തു. 

1999ലെ സുപ്രീം കോടതി വിധി വരുന്നതുവരെ കുറ്റവിമുക്തനാക്കപ്പെടുമെന്നാണു പേരറിവാളൻ വിശ്വസിച്ചത്. വധശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ നിയമത്തെ തന്നെ മുറുകെപ്പിടിച്ച് പേരറിവാളനും അമ്മയും പോരാട്ടം തുടങ്ങി. മുതിർന്ന ന്യായാധിപൻമാർ ഉൾപ്പെടെ അവർക്കു പിന്തുണയേകി. ‘അവന്റെ ആത്മാവ് വിലപ്പെട്ടതാണ്, ജയിൽവാസം അവനെ കുറ്റവാളിയാക്കിയില്ല’ എന്നായിരുന്നു  ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പറഞ്ഞത്. കേസിലെ പ്രതികൾക്കു വധശിക്ഷ വിധിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കെ.ടി.തോമസും പേരറിവാളനായി ശബ്ദമയുർത്തി. 

വിധിയിൽ നിന്ന്: ‘‘...19–ാം വയസ്സിൽ അറസ്റ്റിലായ പേരറിവാളൻ ഇത്രയുംകാലം ജയിൽവാസം അനുഭവിച്ചു. ഇതിൽ 16 വർഷം വധശിക്ഷ മുന്നിൽക്കണ്ടായിരുന്നു. 29 വർഷം ഏകാന്ത തടവ്. പ്ലസ്ടുവും ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും 8 സർട്ടിഫിക്കറ്റ് കോഴ്സുകളും ജയിലിൽ കിടന്നു വിജയിച്ചു. തടവിലെ തൃപ്തികരമായ പെരുമാറ്റവും ഗുരുതര രോഗങ്ങളുടെ മെഡിക്കൽ രേഖകളും വിദ്യാഭ്യാസയോഗ്യതകളും ഗവർണർ തീരുമാനം എടുക്കാത്തതും പരിഗണിക്കുന്നു. ഇനിയും വിഷയം ഗവർണറുടെ തീരുമാനത്തിനു വിടേണ്ടതില്ലെന്നു വിലയിരുത്തി കേസിൽ നീതി ഉറപ്പാക്കാനുള്ള അധികാരം പ്രയോഗിക്കുന്നു. ശിക്ഷ അനുഭവിച്ചു കഴി‍ഞ്ഞതായി കണക്കാക്കുന്നു. നിലവിൽ ജാമ്യത്തിലുള്ള ആളെ സ്വതന്ത്രനാക്കുന്നു. ജാമ്യവ്യവസ്ഥകൾ റദ്ദാക്കുന്നു.’’

ആരായിരുന്നു പേരറിവാളൻ?: 1991ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർഥി. രാജീവ് ഗാന്ധിയെ വധിച്ച സംഘത്തിലെ മുഖ്യപ്രതികളിലൊരാളായ എൽടിടിഇ അംഗം ശിവരശൻ ആവശ്യപ്പെട്ട പ്രകാരം 9 വോൾട്ടിന്റെ 2 ബാറ്ററി സെല്ലുകൾ വാങ്ങിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്. ബോംബുകളിൽ ഈ ബാറ്ററി ഘടിപ്പിച്ചാണ് തനു എന്ന എൽടിടിഇ ചാവേർ രാജീവിന്റെ അടുത്തെത്തി പൊട്ടിത്തെറിച്ചത്. ശിവരശനും മറ്റൊരു പ്രതി ശുഭയും 1991 ഓഗസ്റ്റ് 20നു ബെംഗളൂരുവിൽ ജീവനൊടുക്കി.

പ്രശ്നമായത് 162; സഹായിച്ചത് 142

ന്യൂഡൽഹി ∙ കേസിലെ 7 പ്രതികളെയും വിട്ടയയ്ക്കാനുള്ള ശുപാർശയാണ് 2018ലെ അണ്ണാഡിഎംകെ സർക്കാർ ഗവർണർക്കു കൈമാറിയത്. ഭരണഘടനയിലെ 162-ാം വകുപ്പുപ്രകാരം, ശിക്ഷ സ്റ്റേ ചെയ്യാനും കുറവു ചെയ്യാനും ഗവർണർക്ക് അധികാരമുണ്ട്. ഈ അധികാരം പ്രയോഗിക്കാതെ തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതാണു പേരറിവാളനു മുന്നിൽ തടസ്സമായത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയും മദ്രാസ് ഹൈക്കോടതിയും ഇടപെടുകയും അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടും ഗവർണറിൽനിന്ന് അനുകൂല നടപടിയുണ്ടായില്ല. തുട‍ർന്നാണ് കോടതി ഭരണഘടനയിലെ തന്നെ 142–ാം വകുപ്പു പ്രയോഗിച്ചത്. പൂർണനീതി ഉറപ്പാക്കാൻ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കാനും അത് ഇന്ത്യയിലെവിടെയും ബാധകമാക്കാനും 142-ാം വകുപ്പ് സുപ്രീംകോടതിക്ക് അധികാരം നൽകുന്നു.

പേരറിവാളന്റെ മോചനത്തെ മുൻനിർത്തി ആശ്വാസം തേടാനാണു മറ്റു പ്രതികളുടെ ശ്രമം. രോഗിയായ അമ്മയെ ശുശ്രൂഷിക്കാനായി നിലവിൽ പരോളിലാണു പ്രതികളിൽ ഒരാളായ നളിനി. ഇവരുടെ ഭർത്താവ് മുരുകൻ, ശാന്തൻ,  ജയകുമാർ, റോബർട്ട് പയസ്, ജയചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. 

പോരാട്ടം ഇനി സ്ക്രീനിലേക്ക്

കോട്ടയം ∙ പേരറിവാളൻ മോചിതനാകുമ്പോൾ ആ പോരാട്ടം സിനിമയായി എത്തിക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകൻ ജോഷി മാത്യു. അമ്മാ എന്നു പേരിട്ടിരിക്കുന്ന സിനിമ തമിഴിലും മലയാളത്തിലും പുറത്തിറങ്ങും. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങും. ജീജ സുരേന്ദ്രനെയാണു കേന്ദ്രകഥാപാത്രമായി തീരുമാനിച്ചത്.

English Summary: Rajiv Gandhi Assassination case: Perarivalan to walk free after 3 decade legal fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com