ADVERTISEMENT

ന്യൂഡൽഹി ∙ റെയിൽവേ ജോലിക്കു കൈക്കൂലിയായി ഭൂമി കയ്യടക്കിയെന്ന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൾ മിസ ഭാരതി എംപി എന്നിവരടക്കം 12 പേർക്കെതിരെ സിബിഐ കേസെടുത്തു. ഡൽഹി, ബിഹാറിലെ പട്ന, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ 15 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ഡൽഹിയിലെ മിസയുടെ ഔദ്യോഗിക വസതിയിലാണു ലാലു താമസിക്കുന്നത്. അവിടെയും റാബ്റിയുടെയും മകൻ തേജസ്വി യാദവിന്റെയും വസതികളിലും റെയ്ഡ് നടന്നു. തേജസ്വിയും ഭാര്യയും ലണ്ടൻ സന്ദർശനത്തിലാണ്. 

2004– 2009 കാലയളവിൽ ലാലു റെയിൽവേ മന്ത്രിയായിരിക്കെ, 12 പേർക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണു കേസ്. ജോലിക്കു പകരമായി തങ്ങളുടെ ഭൂമി നിസ്സാര വിലയ്ക്കു ലാലുവിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും കൈമാറാൻ ഉദ്യോഗാർഥികൾ നിർബന്ധിതരായി എന്നാണു കേസ്. ‌പട്നയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടിയിലേറെ ഭൂമി ലാലു കുടുംബം ഇത്തരത്തിൽ സ്വന്തമാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നിലവിൽ 4.39 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് 10 ലക്ഷം രൂപയ്ക്കു കൈവശപ്പെടുത്തിയത്.

അടിസ്ഥാനമില്ലാത്ത കേസാണിതെന്നും ലാലുവിനെ ലക്ഷ്യമിടുന്നതിലൂടെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണു ശ്രമമെന്നും ആർജെഡി നേതാവ് അലോക് മെഹ്ത ആരോപിച്ചു. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ഏതാനും ആഴ്ചകൾക്കുള്ളിലാണു ലാലുവിനെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. 4 അഴിമതിക്കേസുകളിൽ ലാലുവിനെ കോടതി മുൻപ് ശിക്ഷിച്ചിരുന്നു. ഒരു കേസിൽ വിചാരണ തുടരുകയാണ്. 

ലാലു പ്രസാദ് യാദവിന്റെ ഡൽഹിയിലെ വീട്ടിലെ സിബിഐ റെയ്ഡിനു ശേഷം പുറത്തേക്കു വരുന്ന ലാലുവിന്റെ മകൾ മിസ ഭാരതി. ചിത്രം: മനോരമ
ലാലു പ്രസാദ് യാദവിന്റെ ഡൽഹിയിലെ വീട്ടിലെ സിബിഐ റെയ്ഡിനു ശേഷം പുറത്തേക്കു വരുന്ന ലാലുവിന്റെ മകൾ മിസ ഭാരതി. ചിത്രം: മനോരമ

English Summary: CBI's New Corruption Case Against Lalu Yadav, Family Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com