‘ഭാഷാവൈവിധ്യം ഇന്ത്യയുടെ ആത്മാവ്’; വിവാദങ്ങൾ തള്ളി പ്രധാനമന്ത്രി

HIGHLIGHTS
  • ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമമെന്ന് മോദി
Narendra Modi (Photo - PIB)
നരേന്ദ്ര മോദി (Photo - PIB)
SHARE

ന്യൂഡൽഹി ∙ ഭാഷയുടെ പേരിൽ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യൻ ഭാഷകളും ഭാരതീയമാണെന്നും ആദരിക്കപ്പെടേണ്ടതാണെന്നുമാണ് ബിജെപിയുടെ നയമെന്ന് ജയ്പുരിൽ നടക്കുന്ന ബിജെപി ദേശീയ നേതൃസമ്മേളനത്തിലെ വെർച്വൽ പ്രസംഗത്തിൽ മോദി പറഞ്ഞു. 

ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം. ഇംഗ്ലിഷിനു പകരം പരസ്പര ആശയവിനിമയത്തിനു ഹിന്ദി ഉപയോഗിക്കാനായി ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചിരുന്നു. 

പ്രാദേശിക ഭാഷകൾക്കു പ്രാമുഖ്യം നൽകണമെന്നതാണു ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഊന്നലെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം ദേശാഭിമാനവുമായി ബന്ധിപ്പിച്ചാണ് ബിജെപി കാണുന്നത്. ഓരോ ഭാഷയിലും ഇന്ത്യയുടെ സംസ്കാരമുണ്ട്. ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ ഭാഷകളെന്നാണു ബിജെപി കരുതുന്നത്. മുഖ്യവിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ കെണിയിൽ വീഴരുതെന്നും അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ പാർട്ടികൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഭരണകൂടങ്ങളുടെ കുടുംബവാദത്തിന്റെയും പക്ഷപാതത്തിന്റെയും ചെളിയിൽ നിന്നാണു താമര വിരിഞ്ഞത്. സംശുദ്ധവും വികസനാത്മകവുമായ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത് – മോദി പറഞ്ഞു. 

ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ആമുഖ ഭാഷണം നടത്തി. ദേശീയ, സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ഇന്നലെ നടന്നത്. ഇന്ന് സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാരുടെ യോഗം നടക്കും. 

മഹിള, യുവ, യോജന: സമഗ്ര പ്രചാരണം

ന്യൂഡൽഹി ∙ സ്ത്രീകൾ, യുവാക്കൾ, ക്ഷേമപദ്ധതികൾ എന്നിവ മുൻനിർത്തി ബിജെപി രാജ്യവ്യാപക പ്രവർത്തനങ്ങൾ നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്വല വിജയങ്ങൾ നൽകിയത് മഹിള, യുവ, യോജന (എംവൈവൈ) ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി സമ്പർക്കപരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാരടക്കം ഗ്രാമങ്ങളിൽ താമസിച്ചു ഗുണഭോക്താക്കളുമായി സംവദിക്കും. 

‘സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം’ എന്ന പേരിൽ മേയ് 30 മുതൽ ജൂൺ 15 വരെ ക്യാംപെയ്ൻ നടക്കും. ജൂൺ 21നു രാജ്യാന്തര യോഗ ദിനത്തിൽ 75,000 കേന്ദ്രങ്ങളിൽ യോഗ ശിബിരങ്ങൾ നടത്തും. 

English Summary: Narendra Modi about language diversity in india

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA