ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റം നിയന്ത്രണാതീതമെന്ന സ്ഥിതി വന്നതോടെയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കാനും നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം ആദ്യവാരത്തിൽ റിസർവ് ബാങ്കിന്റെ പണ നയ സമിതി പലിശ നിരക്കുകളിൽ മാറ്റം വരുത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്.  

പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതുപോലെ എല്ലാ സംസ്ഥാനങ്ങളും നടപടിയെടുക്കണമെന്നാണ് ധനമന്ത്രി അഭ്യർഥിച്ചിട്ടുള്ളത്. 

കഴിഞ്ഞ നവംബറിൽ കേന്ദ്രം നികുതി കുറച്ചപ്പോൾ കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായില്ല. സംസ്ഥാനങ്ങളും സഹകരിച്ചാൽ മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാവൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴി‍ഞ്ഞ 8 വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.79% ആയി. ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റം ഏപ്രിലിൽ 8.38% ആയി. 

കഴിഞ്ഞ നവംബറിനുശേഷം, ആഗോള വിപണിയിൽ എണ്ണ വില ഉയർന്നെങ്കിലും യുപി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നത് കേന്ദ്രം തടഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനുശേഷം, മാർ‍ച്ചിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചു. 

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തിര‍ഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കിയുണ്ട്. എന്നാൽ, വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടായേ തീരു എന്ന് ബിജെപിയുടെ ജയ്പുർ യോഗത്തിലുൾപ്പെടെ ആവശ്യമുയർന്നു. 

യുക്രെയ്നിലെ യുദ്ധമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമായി സർക്കാർ പറയുന്നത്. യുദ്ധം ആഗോളതലത്തിൽതന്നെ വിലക്കയറ്റത്തിനു വഴിവച്ചു. ഈ സാഹചര്യത്തിലാണ് വരുമാന നഷ്ടം സഹിച്ചാണെങ്കിലും വിലക്കയറ്റ നിയന്ത്രണ നടപടികൾക്കു സർക്കാർ തയ്യാറാവുന്നത്. വരുമാനത്തിൽ ഈ വർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി പറയുന്നത്. 

വിലക്കയറ്റം സാധാരണക്കാരെ ഞെരുക്കുന്ന സ്ഥിതിയിൽ വിപണി മാന്ദ്യത്തിലായിരുന്നു. വിൽ‍പന കുറയുന്നതിനാൽ പല കമ്പനികളും ഉൽപാദനവും കുറയ്ക്കുന്ന സ്ഥിതിയുണ്ടായി. ഓട്ടമൊബീൽ വിപണിയിലും ഇതാണു സ്ഥിതി. നിർമാണ മേഖല പ്രതിസന്ധിയിലാവുന്നത് സർക്കാരിനും പ്രശ്നമാകുന്നുവെന്ന് ധനമന്ത്രിതന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English Summary: Price hike reason for government of india reduction of oil and gas prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com