ADVERTISEMENT

ഗുവാഹത്തി ∙ അസമിൽ കസ്റ്റഡിമരണം ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാർ പൊലീസ് സ്റ്റേഷന് തീവച്ചു; അക്രമം നടത്തിയവരുടെ വീടുകൾ തൊട്ടടുത്ത ദിവസം ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കി. നാഗോൺ ജില്ലയിൽ നടന്ന രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം. കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു.

സഫിഖുൽ ഇസ്‌ലാം (39) എന്ന മത്സ്യത്തൊഴിലാളിയെയാണ് വെള്ളിയാഴ്ച രാത്രി ബട്ടദ്രവ സ്റ്റേഷനിലെ പൊലീസുകാർ കസ്റ്റഡിയിലെടുത്തത്. വഴിയിൽ തടഞ്ഞുനിർത്തി 10,000 രൂപയും താറാവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണു ബന്ധുക്കൾ പറയുന്നത്. സഫിഖുലിനെ സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം വീട്ടുകാരോടും ഇതേ ആവശ്യം ഫോണിലൂടെ അറിയിച്ചു. സഫിഖുലിന്റെ ഭാര്യ പണം സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ താറാവിനെ മാത്രം എത്തിച്ചു. തുടർന്ന് പൊലീസുകാർ ഭാര്യയുടെ മുന്നിൽ വച്ചു സഫിഖുലിനെ മർദിച്ചു. ഇതുകണ്ടു ഭാര്യ വീണ്ടും പണം സംഘടിപ്പിക്കാൻ പോയി. തിരിച്ചുവന്നപ്പോൾ നാഗോൺ ജില്ലാ ആശുപത്രിയിലേക്ക് സഫിഖുലിനെ കൊണ്ടുപോയതായാണു പൊലീസ് അറിയിച്ചത്.

Nagaon: The Batadrava police station after some miscreants set it on fire following the alleged death of a person in police custody, in Nagaon district, Saturday, May 21, 2022. (PTI Photo)(PTI05_21_2022_000199B)
അസമിൽ കസ്റ്റഡിമരണം ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാർ ബട്ടദ്രവ പൊലീസ് സ്റ്റേഷനു തീ വച്ചപ്പോൾ. ചിത്രം:പിടിഐ

ആശുപത്രിയിലെത്തിയ ഭാര്യയും ബന്ധുക്കളും സഫിഖുലിന്റെ മൃതശരീരമാണു കണ്ടത്. രോഷാകുലരായ നാട്ടുകാർ മൃതദേഹവുമായെത്തി പൊലീസ് സ്റ്റേഷനു തീയിടുകയായിരുന്നു. 2 പൊലീസുകാർക്കു പരുക്കേറ്റു. സ്റ്റേഷനും വാഹനങ്ങളും കത്തിനശിച്ചു.

ഇന്നലെ രാവിലെയാണ് സ്റ്റേഷനിൽനിന്ന് 6 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ബുൾഡോസറുമായി ജില്ലാ അധികാരികൾ എത്തിയത്. സ്റ്റേഷൻ ആക്രമണത്തിൽ ഉൾപ്പെട്ട ഏതാനും പേരുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി. അതേസമയം, ജനരോഷത്തിനുള്ള തിരിച്ചടിയല്ലെന്നും അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. ഒഴിപ്പിക്കൽ നോട്ടിസ് നൽകിയിരുന്നോ എന്ന ചോദ്യത്തിനു മറുപടിയില്ല.

മദ്യപിച്ചു റോഡിൽ കിടന്ന സഫിഖുലിനെ സ്റ്റേഷനിൽ കൊണ്ടുവന്നശേഷം ആശുപത്രിയിലാക്കിയെന്നാണ് പൊലീസ് വിശദീകരണം. സ്റ്റേഷൻ ആക്രമണത്തിൽ 20 പേർക്കെതിരെ കേസെടുത്തതായും 8 പേരെ അറസ്റ്റ് ചെയ്തതായും എസ്പി ലീന ഡോളി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനാണ് (എസ്ഐടി) കേസിന്റെ ചുമതല. കസ്റ്റഡി മരണത്തെ തുടർന്ന് സ്റ്റേഷനിലെ പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി ഡിജിപി ഭാസ്കർ ജ്യോതി മഹന്തയും പറഞ്ഞു. സ്റ്റേഷൻ ആക്രമിച്ചവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും മരിച്ച വ്യക്തിയുമായി ബന്ധമുള്ളവരല്ലെന്നും ഡിജിപി പറയുന്നു. 

 

English Summary: Several houses bulldozed, after Assam police station set afire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com