ADVERTISEMENT

ന്യൂഡൽഹി∙ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ വഴി തേടി ഉദയ്പുരിൽ ചിന്തൻ ശിബിരം ചേർന്ന് 10 ദിവസത്തിനകം കോൺഗ്രസിനെ കയ്യൊഴിഞ്ഞത് കപിൽ സിബൽ ഉൾപ്പെടെ 3 പ്രമുഖ നേതാക്കൾ. ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, പഞ്ചാബ് മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝാക്കർ എന്നിവർക്കു പിന്നാലെയാണ് പാർലമെന്റിൽ പാർട്ടിയുടെ ശക്തനായ വക്താവായിരുന്ന സിബലും പടിയിറങ്ങുന്നത്. 

ജനകീയ നേതാവല്ലാത്ത സിബൽ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പുറമേ പറയുമ്പോഴും നേതാക്കൾ ഒന്നിനു പിറകെ ഒന്നായി കയ്യൊഴിയുന്ന പാർട്ടി എന്ന പ്രതിഛായ കോൺഗ്രസിനുണ്ടാക്കുന്ന ദോഷം ചെറുതല്ല.

ഗാന്ധി കുടുംബം മാറി നിൽക്കണമെന്ന് ജി 23 വിമത സംഘത്തിന്റെ നേതാവെന്ന നിലയിൽ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് പാർട്ടി നേതൃത്വവുമായി സിബൽ അകന്നത്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരടക്കം സംഘത്തിലെ മറ്റുള്ളവർ സിബലിന്റെ പരാമർശത്തെ അനുകൂലിക്കാൻ വിസമ്മതിച്ചതോടെ അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെട്ടു. 

സിബലിനെ ഒഴിവാക്കി വിമത സംഘത്തിലെ മറ്റുള്ളവരെ ചർച്ചകൾക്കു ക്ഷണിച്ച് സോണിയ ഗാന്ധിയും നിലപാടു കടുപ്പിച്ചതോടെ, 3 പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധത്തിനു വിരാമമിടാൻ സമയമായി എന്ന് അദ്ദേഹത്തിനു ബോധ്യമായി. ഒൗപചാരികതയുടെ പേരിൽ ശിബിരത്തിലേക്കു നേതൃത്വം ക്ഷണിച്ചെങ്കിലും തന്റെ സാന്നിധ്യം പാർട്ടി ആഗ്രഹിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം പങ്കെടുത്തില്ല. 

രാഷ്ട്രീയ നേതാവെന്നതിനേക്കാളുപരി സുപ്രീം കോടതിയിലടക്കം വിവിധ കേസുകളിൽ പാർട്ടിക്കു വേണ്ടി വീറോടെ പോരാടിയ അഭിഭാഷകനെന്ന നിലയിൽ സിബൽ കോൺഗ്രസിനു വേണ്ടപ്പെട്ടയാളായിരുന്നു.

2016ൽ കോൺഗ്രസ് സ്ഥാനാർഥിയായി യുപിയിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച സിബൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെയാണു ജയിച്ചത്. ഇപ്പോൾ കോൺഗ്രസ് വിടാൻ തീരുമാനിച്ചപ്പോൾ സിബൽ സമീപിച്ചതും എസ്പിയെ തന്നെ. 

ജയിലിലായ എസ്പിയിലെ മുതിർന്ന നേതാവും എംഎൽഎയുമായ അസം ഖാനു വേണ്ടി അടുത്തിടെ കോടതിയിൽ ഹാജരായി ഇടക്കാല ജാമ്യം നേടിക്കൊടുത്തത് അദ്ദേഹത്തെ പിന്തുണയ്ക്കാൻ എസ്പിയെ പ്രേരിപ്പിച്ചു. 

കോൺഗ്രസ്, എസ്പി എന്നിവയ്ക്കു പുറമേ ആർജെഡിയുമായും സിബൽ സഹകരിച്ചിട്ടുണ്ട്. ബിഹാറിൽനിന്ന് ലാലു പ്രസാദ് യാദവിന്റെ പിന്തുണയോടെയാണ് 1998ൽ അദ്ദേഹം ആദ്യമായി രാജ്യസഭയിലെത്തിയത്. 

ക്ഷീണിച്ച് ജി23

കപിൽ സിബൽ പടിയിറങ്ങിയതോടെ കോൺഗ്രസിലെ ജി 23 വിമത സംഘം ഏറെക്കുറെ അപ്രസക്തമായി. ആരെയും കൂസാത്ത പരാമർശങ്ങൾ നടത്തിയിരുന്ന അദ്ദേഹം, സംഘത്തിലെ ഏറ്റവും സജീവ സാന്നിധ്യമായിരുന്നു.

സംഘത്തിലെ മറ്റു പ്രമുഖരുടെ സ്ഥിതി ഇങ്ങനെ:

∙ ഗുലാം നബി ആസാദ്, ആനന്ദ് ശർമ: രാജ്യസഭാ സീറ്റ് കാത്തു നിൽക്കുന്നു

∙ ശശി തരൂർ, പൃഥ്വിരാജ് ചൗഹാൻ, രേണുക ചൗധരി, സന്ദീപ് ദീക്ഷിത്: പരസ്യമായ എതിർപ്പുകൾ പ്രകടിപ്പിക്കുന്നില്ല

∙ മുകുൾ വാസ്നിക്, ഭൂപീന്ദർ സിങ് ഹൂഡ: സംഘടനാതലത്തിൽ സുപ്രധാന ചുമതലകൾ വഹിക്കുന്നു

∙ എം. വീരപ്പ മൊയ്‌ലി, മിലിന്ദ് ദേവ്റ: ഗാന്ധി കുടുംബത്തിനു പിന്തുണ

∙ പി.ജെ. കുര്യൻ: നേതൃത്വത്തിൽനിന്ന് അകന്നു നിൽക്കുന്നു

∙ മനീഷ് തിവാരി: പഞ്ചാബ് വിഷയത്തിൽ പാർട്ടി നിലപാടുകളെ പരസ്യമായി വിമർശിച്ചു

∙ ജിതിൻ പ്രസാദ: ബിജെപിയിൽ ചേർന്നു

∙ യോഗാനന്ദ് ശാസ്ത്രി: എൻസിപിയിൽ ചേർന്നു.

English Summary: Kapil Sibal quits congress party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com