ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കഠിനശ്രമം. പാർട്ടി നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന 6 എംഎൽഎമാരെ അനുനയിപ്പിച്ച ഗെലോട്ട് അവരുമായി ഉദയ്പുരിലെ റിസോർട്ടിലെത്തി. കഴിഞ്ഞയാഴ്ച മറ്റ് എംഎൽഎമാർക്കൊപ്പം റിസോർട്ടിലേക്കു മാറാൻ ഇവർ വിസമ്മതിച്ചിരുന്നു. ശനിയാഴ്ച രാത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയ ഗെലോട്ട് ഇന്നലെയാണ് റിസോർട്ടിലെത്തിയത്. 6 എംഎൽഎമാരിൽ 4 പേർ ബിഎസ്പിയിൽ നിന്നെത്തിയവരാണ്.

പാർട്ടി എംഎൽഎമാർ മുഴുവൻ റിസോർട്ടിലുണ്ടെന്നും സ്ഥാനാർഥിയായ പ്രമോദ് തിവാരിയെ ജയിപ്പിക്കാൻ തങ്ങൾക്കാകുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു.  ജയമുറപ്പാക്കാൻ സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനു വേണം. ഇവരുമായും ഗെലോട്ട് സമ്പർക്കത്തിലാണ്. ബിജെപി പിന്തുണയുള്ള സ്വതന്ത്രനും മാധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് ചന്ദ്രയാണു പ്രമോദിന്റെ എതിരാളി. തങ്ങളുടെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാരോപിച്ച് അഴിമതി വിരുദ്ധ വിഭാഗത്തിനു കോൺഗ്രസ് പരാതി നൽകി.

തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിരീക്ഷകരെ നിയോഗിച്ചു. പവൻകുമാർ ബൻസൽ, ടി.എസ്. സിങ് ദേവ് എന്നിവരാണ് രാജസ്ഥാനിലെ നിരീക്ഷകർ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, രാജീവ് ശുക്ല (ഹരിയാന), മല്ലികാർജുൻ ഖർഗെ എംപി (മഹാരാഷ്ട്ര) എന്നിവരാണു മറ്റിടങ്ങളിലെ നിരീക്ഷകർ.

തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ എന്നിവരിൽ വിശ്വാസമർപ്പിക്കുന്ന പാർട്ടി പുറത്തു നിന്നുള്ള നിരീക്ഷകരെ നിയോഗിച്ചിട്ടില്ല. ജെഡിഎസിലെ ഏതാനും പേരുടെ പിന്തുണയുറപ്പാക്കി പാർട്ടി സ്ഥാനാർഥി മൻസൂർ അലി ഖാന്റെ വിജയമുറപ്പാക്കാനുള്ള നീക്കമാണു കോൺഗ്രസ് നടത്തുന്നത്.

English Summary: Rajya Sabha election Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com