രാജ്യസഭാ തിരഞ്ഞെടുപ്പ്: പുലരും വരെ സസ്പെൻസ്; തലനാരിഴയ്ക്ക് കോൺഗ്രസിനു തോൽവി

HIGHLIGHTS
  • അജയ് മാക്കന്റെ പരാജയം 0.66 വോട്ടുമൂല്യത്തിന്; വോട്ടു മറിച്ച കുൽദീപ് ബിഷ്ണോയിയെ പുറത്താക്കി
  • രാജസ്ഥാനിൽ കോൺഗ്രസിനു വോട്ട് ചെയ്ത ബിജെപി എംഎൽഎയ്ക്കു നോട്ടിസ്
  • ഹരിയാനയിൽ റീ കൗണ്ടിങ്ങിൽ ഫലം മാറി
parliament
SHARE

ന്യൂഡൽഹി ∙ പുലർച്ചെ വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാടകീയ ട്വിസ്റ്റ്; കോൺഗ്രസിന്റെ അജയ് മാക്കനെ അട്ടിമറിച്ച് ബിജെപി പിന്തുണയുള്ള സ്വതന്ത്രനും മാധ്യമ സ്ഥാപന ഉടമയുമായ കാർത്തികേയ ശർമയ്ക്കു ജയം. വിമത നേതാവ് കുൽദീപ് ബിഷ്ണോയ് ബിജെപിക്കൊപ്പം നിന്നതും പാർട്ടി എംഎൽഎമാരിലൊരാളുടെ വോട്ട് അസാധുവായതുമാണ് കോൺഗ്രസിനെ വീഴ്ത്തിയത്.

ഇതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്ത ബിജെപി എംഎൽഎ: ശോഭാറാണി കുഷ്‌വാഹയ്ക്ക് പാർട്ടി കാരണംകാണിക്കൽ നോട്ടിസ് നൽകി.

ജയിച്ചുവെന്ന് ആദ്യം അറിയിപ്പെത്തിയ ശേഷം ബിജെപി പരാതി ഉന്നയിച്ചതിനെത്തുടർന്ന് വീണ്ടും വോട്ടെണ്ണിയപ്പോഴാണ് മാക്കൻ തോറ്റത്. ശനിയാഴ്ച പുലർച്ചെ 2 മണിയോടെ വോട്ടെണ്ണി തീർന്നപ്പോൾ മാക്കനായിരുന്നു മുന്നിൽ. അദ്ദേഹത്തിനു മുപ്പതും രണ്ടാം വോട്ടുകളുടെ മൂല്യം കൂടി ചേർത്ത് ശർമയ്ക്ക് 29.66 വോട്ടും ലഭിച്ചു. മാക്കൻ ജയിച്ചുവെന്ന അറിയിപ്പിനു പിന്നാലെ കോൺഗ്രസ് ക്യാംപ് ആഘോഷം തുടങ്ങി. ബിജെപി – ജെജെപി സഖ്യത്തെ ഹരിയാനയിൽ തോൽപിച്ചുവെന്ന് കോൺഗ്രസ് ഒൗദ്യോഗികമായി അറിയിപ്പുമിറക്കി. ഇതിനു പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ.

കോൺഗ്രസ് എംഎൽഎമാരിലൊരാൾ തെറ്റായ രീതിയിലാണ് വോട്ട് ചെയ്തതെന്ന പരാതിയുമായി ബിജെപി രംഗത്തുവന്നു. വോട്ട് അസാധുവാക്കണമെന്നും എംഎൽഎമാരുടെ രണ്ടാം വോട്ട് മൂല്യം കൂടി കണക്കിലെടുക്കുമ്പോൾ ശർമ ജയിക്കുമെന്നും ബിജെപി വാദിച്ചു. ഒരു മണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിൽ വീണ്ടും വോട്ടെണ്ണാൻ തീരുമാനിച്ചു. 

കോൺഗ്രസ് എംഎൽഎയുടെ വോട്ട് അസാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചതോടെ അജയ് മാക്കന്റെ വോട്ട് 29 ആയി കുറഞ്ഞു. വോട്ട് മൂല്യത്തിൽ 0.66 ന്റെ ഭൂരിപക്ഷത്തിൽ ശർമ ജയിച്ചതായി പുലർച്ചെ 4 മണിയോടെ പ്രഖ്യാപനമെത്തി. കുൽദീപ് ബിഷ്ണോയിയെ എല്ലാ പദവികളിൽനിന്നും കോൺഗ്രസ് പുറത്താക്കി. അദ്ദേഹത്തിന്റെ നിയമസഭാംഗത്വം സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകി.

രാജ്യസഭാ ഫലം

ആകെ 57 ഒഴിവ്

വിവിധ പാർട്ടികൾ നേടിയ സീറ്റ്:

∙ ബിജെപി: 22

∙ കോൺഗ്രസ്: 9

∙ വൈഎസ്ആർ കോൺഗ്രസ്: 4

∙ ഡിഎംകെ, ബിജെഡി: 3 വീതം

∙ ടിആർഎസ്, അണ്ണാ ഡിഎംകെ, ആം ആദ്മി, ആർജെഡി, സ്വതന്ത്രർ: 2 വീതം

∙ ശിവസേന, എൻസിപി, എസ്പി, ആർഎൽഡി, ജെ‍ഡിയു, ജെഎംഎം: 1 വീതം.

English Summary: Rajya Sabha election result

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS