ADVERTISEMENT

ന്യൂഡൽഹി ∙ കര, നാവിക, വ്യോമ സേനകളിൽ യുവാക്കൾക്ക് 4 വർഷത്തേക്കു നിയമനം നൽകുന്ന അഗ്നിപഥ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സേനയിൽ സ്ഥിരനിയമനത്തിനും അവസരം. മികവു തെളിയിക്കുന്ന 25% പേർക്കാണു പിന്നീടു സ്ഥിര നിയമനം നൽകുക. ഹ്രസ്വകാല നിയമനം ലഭിക്കുന്ന അഗ്നിവീർ സേനാംഗത്തിനു പെൻഷൻ ലഭിക്കില്ല. 

യുവാക്കൾ വരുന്നത് സേനകൾ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മുൻ സേനാംഗങ്ങളിൽ ചിലർ ഉന്നയിക്കുന്നു. സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം 4 വർഷത്തേക്കു മാത്രമായി സേവനത്തിനെത്തുന്നവരിൽ നിന്ന് പ്രതീക്ഷിക്കാമോ എന്ന് ഇവർ ചോദിക്കുന്നു. 

പദ്ധതി ഇങ്ങനെ:

∙ സേവനകാലാവധി 4 വർഷം. നിയമനം 17.5 – 21 വയസ്സു വരെയുള്ളവർക്ക്. 

∙ സ്ഥിര നിയമനങ്ങളിലേതു പോലെ ആരോഗ്യ, ശാരീരിക ക്ഷമത പരിശോധിക്കുന്ന റിക്രൂട്മെന്റ് റാലികളിലൂടെയായിരിക്കും നിയമനം. 

∙ ഇവർക്ക് പെൻഷനില്ല. ആദ്യ വർഷം ശമ്പളം പ്രതിവർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. സേനകളിലെ സ്ഥിര നിയമനക്കാർക്കുള്ളതിനു സമാനമായ റിസ്ക് അലവൻസ് ലഭിക്കും. 

∙ പ്രതിമാസ ശമ്പളത്തിന്റെ 30% സേവാ നിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവനകാലാവധി പൂർത്തിയാക്കുമ്പോൾ ഇപിഎഫ് കൂടി ചേർത്ത് 11.71 ലക്ഷം രൂപയുടെ സേവാ നിധി തുക ലഭിക്കും. 

∙ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ആഴ്ച മുതൽ 6 മാസം വരെ പരിശീലനം.

∙ 10, 12 ക്ലാസ് പാസായവർക്കു റാലിയിൽ പങ്കെടുക്കാം.

∙ 10–ാം ക്ലാസ് പാസായവർക്കു സേവനകാലാവധി പൂർത്തിയാകുമ്പോൾ 12–ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകും. 

∙ സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്തികകളിലേക്ക് ഐടിഐകളിൽ നിന്ന് റിക്രൂട്മെന്റ് നടത്തും. 

∙ സേവനത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നവർക്ക് തുടർ പഠനത്തിനുള്ള അഡ്മിഷൻ സഹായം, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി എന്നിവ സേന ലഭ്യമാക്കും. 

∙ സേവനത്തിനിടെ മരിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. സേവനത്തിൽ ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും. 

∙ സേവനത്തിനിടെ അംഗഭംഗം സംഭവിച്ചാൽ 44 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം, സേവന കാലയളവിലെ ബാക്കി ശമ്പളവും സേവാ നിധിയും ലഭിക്കും. 

∙ സേവന കാലയളവിൽ മികവു തെളിയിക്കുന്ന 25% പേർക്ക് 4 വർഷത്തിനു ശേഷം സ്ഥിര നിയമനം 

∙ അഗ്നിവീർ സേനാംഗങ്ങളെ ചൈന അതിർത്തിയിലുൾപ്പെടെ നിയമിക്കുമെന്ന് കരസേന. 

∙ ഹ്രസ്വകാല നിയമനം വഴി സ്ഥിരനിയമനം മൂലമുള്ള വേതന, പെൻഷൻ ചെലവ് കുറയ്ക്കാം.

English Summary: Cabinet Approves Proposal On Agneepath Recruitment Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com