ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസമ്മത സ്ഥാനാർഥിയെ നിർത്താൻ താൽപര്യമറിയിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലേക്കു പാലമിട്ട് ബിജെപി. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖർഗെ (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), അഖിലേഷ് യാദവ് (എസ്പി), നവീൻ പട്നായിക് (ബിജെഡി), നിതീഷ് കുമാർ (ജെഡിയു) എന്നിവരുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം ചർച്ച ചെയ്തു. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ മമത വിളിച്ച യോഗം ചേർന്ന ദിവസമാണ് പൊതുസമ്മത സ്ഥാനാർഥിക്കായി ബിജെപി താൽപര്യമറിയിച്ചതെന്നതു ശ്രദ്ധേയം.

എൻഡിഎയ്ക്കു പുറത്തുള്ള വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നിവയുടെ കൂടി പിന്തുണയുണ്ടെങ്കിലേ ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുഗമമാകൂ. ഇരു കക്ഷികളും പ്രതിപക്ഷത്തേക്കു മറിയുകയും കരുത്തുറ്റ സ്ഥാനാർഥിയെ അവർ നിർത്തുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണു ബിജെപി സമവായ സാധ്യത തേടുന്നത്. പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഊഷ്മള ബന്ധം പുലർത്തുന്ന രാജ്നാഥ് സിങ്ങിനെ ചർച്ചകൾക്കു നിയോഗിച്ചതും സഹകരണം ഉറപ്പിക്കാനാണ്.

ഇന്നലെ പ്രതിപക്ഷ യോഗത്തിൽ സ്ഥാനാർഥിയായി ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും ബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകൾ ഉയർന്നുവന്നു. മത്സരിക്കാനില്ലെന്ന് ശരദ് പവാർ അറിയിച്ച സാഹചര്യത്തിലാണു മറ്റു പേരുകൾ പരിഗണിച്ചത്. 2017ൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധി ബിജെപിയുടെ എം.വെങ്കയ്യ നായിഡുവിനോടു പരാജയപ്പെട്ടിരുന്നു.

English Summary: President election: BJP reaches out for concensus as 17 opposition parties decide to field joint candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com