ADVERTISEMENT

 

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിക്കെതിരെ ജന്തർ മന്തറിൽ മുതിർന്ന നേതാക്കളെ ഉൾപ്പെടെ അണിനിരത്തി കോൺഗ്രസിന്റെ വൻ പ്രതിഷേധം. യഥാർഥ രാജ്യസ്നേഹം എന്തെന്നു കാട്ടിത്തരുന്ന പുതിയ സർക്കാരാണു വേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രതിഷേധിക്കുന്ന യുവാക്കളെക്കാൾ വലിയ രാജ്യസ്നേഹികളില്ല. വ്യാജ ദേശീയവാദികളെ കണ്ണുതുറന്നു കാണുകയും തിരിച്ചറിയുകയും വേണം. രാജ്യവും കോൺഗ്രസും നിങ്ങളുടെ പോരാട്ടത്തിനൊപ്പമുണ്ട്.–പ്രിയങ്ക പറഞ്ഞു. ഹരിവംശ് റായ് ബച്ചന്റെ അഗ്നിപഥ് എന്ന കവിതയിലെ ഏതാനും വരികളും പ്രിയങ്ക ചൊല്ലി.

ലോക്സഭാ കക്ഷി നേതാവ് അധി‍ർ രഞ്ജൻ ചൗധരി, സച്ചിൻ പൈലറ്റ്, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രചാരണവിഭാഗം മേധാവി ജയ‍്റാം രമേശ്, നേതാക്കളായ ഹരീഷ് റാവത്ത്, സൽമാൻ ഖുർഷിദ്, ദീപേന്ദ്ര ഹൂഡ, അജയ് മാക്കൻ, ജെബി മേത്തർ തുടങ്ങിയവർ പ്രസംഗിച്ചു. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ടി.എൻ.പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ് എന്നിവരും പങ്കെടുത്തു.

അഗ്നിവീറുകളെ ബിജെപി ഓഫിസിൽ നിയമിക്കുമെന്ന് വിജയ് വർഗീയ; വിവാദം

ഇൻ‍ഡോർ ∙ ബിജെപി ഓഫിസുകളിൽ സുരക്ഷയ്ക്കായി അഗ്നിവീറുകളെ നിയമിക്കുന്നതിന് മുൻഗണന നൽകുമെന്ന വിവാദ പരാമർശവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. അഗ്നിപഥ് പദ്ധതിയെ ന്യായീകരിക്കുമ്പോഴാണു തന്റെ പാർട്ടി ഓഫിസുകളിൽ സുരക്ഷ വേണ്ടിവന്നാൽ അഗ്നിവീറുകളെ പരിഗണിക്കുമെന്ന് വിജയ് വർഗീയ വ്യക്തമാക്കിയത്. 

ഇതു സൈനികരെ അപമാനിക്കലാണെന്നു വരുൺ ഗാന്ധിയുൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചപ്പോൾ വർഗീയ ചുവടുമാറ്റി. അഗ്നിവീരൻമാരുടെ പരിചയസമ്പത്ത് ഏതു മേഖലയിലും ഉപയോഗപ്പെടുത്താമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ‘ ടൂൾ കിറ്റ് ഗാങ് ’ തന്റെ പ്രയോഗം വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീറെന്നാൽ ബിജെപി ഓഫിസിലെ കാവൽക്കാരനാണെന്ന സർക്കാരിന്റെ മനോഭാവമാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

 

English Summary: Agnipath: Congress support protesters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com