അഗ്നിപഥ്: സർക്കാർ മുന്നോട്ട്; സമയക്രമമായി

rahim
അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് എന്നിവരെ പൊലീസ് വലിച്ചിഴയ്ക്കുന്നു.
SHARE

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ കൂടി ഏറ്റെടുത്തെങ്കിലും, പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ റിക്രൂട്മെന്റ് സമയക്രമം പ്രഖ്യാപിച്ചു. കരസേനയിൽ 40,000 പേരുടെ നിയമനത്തിനുള്ള കരടുവിജ്ഞാപനം ഇന്നു പുറത്തിറക്കും. വ്യോമ, നാവിക സേനകളിൽ 3000 പേർക്കു വീതമുള്ള നിയമന നടപടികൾ യഥാക്രമം വെള്ളി, ശനി ദിവസങ്ങളിൽ തുടങ്ങും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയായി റിക്രൂട്മെന്റ് റാലികൾ നടത്തും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ, ഡിസംബർ മാസങ്ങളിൽ തുടങ്ങും.

സമരം ചെയ്തവർക്കു സൈന്യത്തിൽ ചേരാനാകില്ലെന്നു മൂന്നു സേനാ പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം വേണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആർക്കും നിയമനമില്ല.

‘അഗ്നിവീർ’ സേനാനികൾ സേവനകാലത്തു മരണമടഞ്ഞാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നു കേന്ദ്രം ആവർത്തിച്ചു. സേവനകാല വ്യവസ്ഥകളിൽ സാധാരണ സൈനികരുമായി വിവേചനമില്ല. സിയാചിനിൽ സേവനം അനുഷ്ഠിക്കുന്ന സാധാരണ സൈനികരുടെ അതേ ആനുകൂല്യങ്ങൾ തന്നെ അഗ്നിവീർ സേനാനികൾക്കും നൽകും.

ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാലഞ്ചുവർഷം 50,000–60,000 പേർക്കുമായിരിക്കും നിയമനം. പിന്നീട് ഇത് 90,000– 1.25 ലക്ഷമായി വർധിപ്പിക്കും. പദ്ധതി വിലയിരുത്താനും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഇപ്പോൾ എണ്ണം കുറച്ചുനിർത്തുന്നതെന്നും സേനാ പ്രതിനിധികൾ അറിയിച്ചു. 

സമയക്രമം ഇങ്ങനെ

∙കരസേന: കരടു വിജ്ഞാപനം ഇന്ന്. രാജ്യത്താകെ 83 റിക്രൂട്മെന്റ് റാലികൾ. 25,000 പേരുടെ ആദ്യ ബാച്ചിനു ഡിസംബറിലെ ആദ്യ രണ്ടാഴ്ചകളിലായി പരിശീലനം തുടങ്ങും. രണ്ടാം ബാച്ച് പരിശീലനം ഫെബ്രുവരി 23നു തുടങ്ങും.

∙വ്യോമസേന: റജിസ്ട്രേഷൻ നടപടികൾ വെള്ളിയാഴ്ചയും ആദ്യ ബാച്ചിന്റെ ഓൺലൈൻ പരീക്ഷാ നടപടികൾ ജൂലൈ 24നും തുടങ്ങും. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബർ മുപ്പതോടെ തുടങ്ങും.

∙നാവികസേന: മാർഗരേഖ ശനിയാഴ്ച പുറത്തിറക്കും. പെൺകുട്ടികൾക്കും അവസരം. ആദ്യ ബാച്ച് പരിശീലനം നവംബർ 21നു തുടങ്ങും.

ടെസ്റ്റുകൾ പാസായി കാത്തിരുന്നത് വെറുതേ; അരലക്ഷം പേർക്ക് വഴിയടഞ്ഞു

ന്യൂഡൽഹി ∙ 2018–19ൽ കായികക്ഷമത, വൈദ്യപരിശോധന പരീക്ഷകൾ പാസായി എഴുത്തുപരീക്ഷയ്ക്കായി കാത്തിരുന്ന അരലക്ഷത്തോളം ഉദ്യോഗാർഥികൾക്കു വഴിയടഞ്ഞു. അവ റദ്ദായതായും വീണ്ടും റിക്രൂട്മെന്റ് റാലികളിൽ പങ്കെടുക്കണമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

കേരളത്തിൽ മാത്രം 4500 പേർ ഇത്തരത്തിലുണ്ട്. എൻസിസി ‘സി’ സർട്ടിഫിക്കറ്റുള്ളതിനാൽ എഴുത്തുപരീക്ഷ ഇല്ലാതെ സർവീസിൽ എത്താൻ കഴിയുമായിരുന്നവരും കൂട്ടത്തിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവർക്കുള്ള ഏക ഇളവ് പ്രായപരിധി 23 ആയി ഉയർത്തിയതു മാത്രം.

റഹീമിനെ വലിച്ചിഴച്ച്  പൊലീസ്

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപിയെ ഡൽഹി പൊലീസ് വലിച്ചിഴയ്ക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. രാജ്യസഭാംഗമാണെന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല.

റഹീമിനെയും വനിതാ പ്രവർത്തകരെയും തൂക്കിയെടുത്താണു പൊലീസ് വാനിലെത്തിച്ചത്. എസ്എഫ്ഐ നേതാക്കളായ മയൂഖ് വിശ്വാസ്, ഐഷി ഘോഷ് എന്നിവരും കയ്യേറ്റത്തിനിരയായി. കൈരളി ടിവി റിപ്പോർട്ടർ കെ.പി.അശ്വിനും മർദനമേറ്റു. പൊലീസ് കയ്യേറ്റത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം എംപിമാർ രാജ്യസഭാ അധ്യക്ഷനു കത്തയച്ചു.

സമാധാനപരമായി സമരം ചെയ്യൂ: പ്രിയങ്ക

ന്യൂഡൽഹി ∙ സമാധാനപരമായ സമരത്തിന് ‘അഗ്നിപഥി’നെതിരെ ജന്തർ മന്തറിലെ കോൺഗ്രസ് സത്യഗ്രഹ വേദിയിൽ പ്രിയങ്ക ഗാന്ധിയുടെ ആഹ്വാനം. അഗ്നിപഥ് പദ്ധതി യുവാക്കളെയും സേനയേയും ഒരുപോലെ തകർക്കുന്നതാണെന്നും വ്യാജ ദേശീയവാദികളെ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിൽനിന്നുൾപ്പെടെയുള്ള നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളേതിൽനിന്നു വ്യത്യസ്തമായി ഇന്നലെ അക്രമസമരങ്ങൾ കുറഞ്ഞു.

English Summary: Armed forces detail recruitment plan for Agnipath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS