ADVERTISEMENT

ന്യൂഡൽഹി ∙ രൂക്ഷമായ എതിർപ്പിനിടയിലും അഗ്നിപഥ് പദ്ധതിയുടെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്കു കേന്ദ്ര സർക്കാർ കടന്നു. ഏറ്റവുമധികം പേരെ നിയമിക്കുന്ന കരസേന കരടു വിജ്ഞാപനം പുറത്തിറക്കി. സ്ഥിതി വിലയിരുത്താൻ കര, നാവിക, വ്യോമസേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും.

കരസേനയിലെ റിക്രൂട്മെന്റ് റാലികൾ ഓഗസ്റ്റിൽ ആരംഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ അടുത്ത മാസമാദ്യം തുടങ്ങും. വ്യോമസേനാ നിയമന വ്യവസ്ഥകളടങ്ങിയ വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. നാവികസേനയും വരുംദിവസങ്ങളിൽ വിജ്ഞാപനമിറക്കുന്നതോടെ, സേനകളിൽ ഓഫിസർ റാങ്കിനു താഴെയുള്ള നിയമനങ്ങൾ പൂർണമായി അഗ്നിപഥിലേക്കു മാറും.

ഭാരത് ബന്ദ് എന്ന സമൂഹമാധ്യമ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൊലീസ് ഇന്നലെ കനത്ത സുരക്ഷാവലയം തീർത്തിരുന്നു. രാജ്യത്താകെ 612 ട്രെയിനുകൾ റദ്ദാക്കി. യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള വഴികളിൽ പൊലീസ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ രാജ്യ തലസ്ഥാനത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. 

ഡൽഹിയിൽ ശിവാജി ബ്രിജ് റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗവും പ്രതിഷേധവുമായി തെരുവിലിറങ്ങി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അഖിലേഷ് യാദവ് (എസ്പി), മായാവതി (ബിഎസ്പി) എന്നിവരും പദ്ധതിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.

4 വർഷം തികച്ചില്ലെങ്കിൽ 11.71 ലക്ഷം കിട്ടില്ല

4 വർഷ സേവനം പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് സേവാ നിധിയിലെ സ്വന്തം വിഹിതം മാത്രമേ തിരികെ ലഭിക്കൂ. സേവനം പൂർത്തിയാക്കുന്നവർക്കു മാത്രമേ മാസ ശമ്പളത്തിന്റെ 30 ശതമാനവും തുല്യ കേന്ദ്ര വിഹിതവും ചേർത്തുള്ള പൂർണ തുകയായ 11.71 ലക്ഷം രൂപ ലഭിക്കൂ. 4 വർഷത്തിനുശേഷം സേന നിലനിർത്തുന്ന 25% പേർക്കും സ്വന്തം വിഹിതമേ ലഭിക്കൂ. തുടർന്ന് 15 വർഷത്തെ സേവനശേഷം ഇവർക്കു പെൻഷൻ ലഭിക്കും.

English Summary: Army issues notification for Agniveer recruitment rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com