ADVERTISEMENT

ഗുവാഹത്തി ∙ അസം, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും തുടരുന്നു.തുടർച്ചയായ ആറാം ദിവസവും അസമിൽ മഴ ശക്തമായി തുടർന്നതോടെ പ്രളയത്തിൽ 8 പേർ കൂടി മരിച്ചു. ഈ മാസം 18 നുശേഷം സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 60 കടന്നു.

5 ലക്ഷം പേരെ പ്രളയം ബാധിച്ച മേഘാലയയിലും സ്ഥിതി മോശമാണ്. മണ്ണിടി‍ഞ്ഞു ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ത്രിപുരയിൽ 10,000 വീടുകൾ തകർന്നു. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഒറ്റപ്പെട്ട ത്രിപുരയിൽ ബംഗ്ലദേശ് വഴി അവശ്യസാധനങ്ങളെത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചു. ബംഗ്ലദേശും പ്രളയ ഭീഷണിയിലാണ്. കനത്ത മഴ പ്രവചിച്ചതോടെ സിക്കിമും ആശങ്കയിലാണ്.

അസമിൽ 32 ജില്ലകളിലെ 4291 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. 31 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. 1.56 ലക്ഷം പേർ സംസ്ഥാനത്തുടനീളമുള്ള 514 ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേന രംഗത്തുണ്ട്. ഇതിനകം 20,983 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.

മിന്നൽ: ബിഹാറിൽ 17 മരണം

പട്ന /ഭുവനേശ്വർ ∙ ബിഹാറിൽ വിവിധയിടങ്ങളിലായി മിന്നലേറ്റ് 17 പേർ മരിച്ചു. ഭഗൽപുർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം: 6. ഒഡീഷയിൽ നുവാപാഡ ജില്ലയിൽ മിന്നലേറ്റ് 4 പേർ മരിച്ചു. 

ഒഡീഷക്കാരെ പേടിപ്പിച്ച് ചുഴലിക്കാറ്റിന്റെ ‘ഡമ്മി പരീക്ഷണം’

ഭുവനേശ്വർ ∙ ‘മണിക്കൂറിൽ 155 കിലോമീറ്റർ വേഗമുള്ള അതിതീവ്രചുഴലിക്കാറ്റായ സിത്രാങ് ഒഡീഷയിലൂടെ കടന്നുപോയേക്കും’; ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്പെഷൽ റിലീഫ് കമ്മിഷണറുടെ അക്കൗണ്ടിൽ ഈ ട്വീറ്റ് പ്രത്യക്ഷപ്പെടുമ്പോൾ ഒഡീഷ ശാന്തം. കാലാവസ്ഥ നിരീക്ഷണകേന്ദ്രം പോലുമറിയാതെ ഈ തീവ്രചുഴലി എവിടെനിന്നു വരുന്നെന്നറിയാതെ നാട്ടുകാർ പരിഭ്രാന്തരായി. സംസ്ഥാനവ്യാപകമായി നടന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള ഡമ്മി സന്ദേശമാണ് ട്വീറ്റായി വന്നതെന്ന വിശദീകരണം പിന്നീടു വന്നു. 

മഴ: കർണാടകയിൽ മരണം മൂന്നായി

ബെംഗളൂരു ∙ കനത്ത മഴ തുടരുന്ന കർണാടകയിൽ മരണം മൂന്നായി. ബൈക്ക് തള്ളിമാറ്റുന്നതിനിടെ മഴവെള്ളക്കനാലിൽ ഒലിച്ചുപോയ സിവിൽ എൻജിനീയറുടെ മൃതദേഹം കണ്ടെത്തി. കാർ തടാകത്തിൽ വീണ് എംടെക് വിദ്യാർഥിയും ചുമരിടിഞ്ഞു വീണു സ്ത്രീയും മരിച്ചിരുന്നു. 

 

English Summary: Flood in North East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com