ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊല കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയതു സുപ്രീം കോടതി ശരിവച്ചു. കൂട്ടക്കൊല പ്രത്യേക സംഘം ശരിയായി അന്വേഷിച്ചില്ലെന്നും ഉന്നതതലത്തിൽ ഗൂഢാലോചനയുണ്ടായെന്നും ചൂണ്ടിക്കാട്ടി സാകിയ ജാഫ്രി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ. 

സംസ്ഥാന ഭരണകൂടം നടപടിയെടുത്തില്ലെന്നതു കൊണ്ടോ വീഴ്ചയുണ്ടായി എന്നതുകൊണ്ടോ അതിനെ ഗൂഢാലോചനയായി കാണാനാകില്ലെന്നു കോടതി വിധിച്ചു.

‘ഒരുവിഭാഗം ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്തുവെന്നു കരുതി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദപ്പെട്ടവർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നോ ന്യൂനപക്ഷ സമുദായത്തിനെതിരെ സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത് അക്രമം നടത്തിയെന്നോ പറയാനാകില്ല.’– ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

മോദിയും മറ്റ് ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അതേപടി സ്വീകരിച്ച മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയുടെയും ഹൈക്കോടതിയുടെയും തീരുമാനമാണു സുപ്രീം കോടതിയും ശരിവച്ചത്. കൂടുതൽ അന്വേഷണത്തിനു പര്യാപ്തമായ തെളിവുകൾ ഇല്ലെന്നും ബെഞ്ച് വിലയിരുത്തി. 

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അംഗീകരിച്ചതിനു പുറമേ ഹർജിയിലെ വിഷയങ്ങൾക്കെതിരെ കടുത്ത പരാമർശങ്ങളും കോടതി നടത്തി. വിഷയം സജീവമാക്കി നിർത്തുന്നതിന് നിയമനടപടികളെ ചൂഷണം ചെയ്തവരെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. 

സമാധാനത്തിന് മോദി ശ്രമിച്ചു: കോടതി

ഗോധ്​ര ട്രെയിൻ തീവയ്പു സംഭവത്തിനു പിന്നാലെ സമയം നഷ്ടപ്പെടുത്താതെ സമാധാനശ്രമത്തിനു നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടിരുന്നുവെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ട്രെയിനിനു തീവച്ചതിന്റെ അടുത്തദിവസം സംഘർഷ പ്രദേശങ്ങളിൽ സർക്കാർ സേനയുടെ സഹായം തേടുകയും നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി പലതവണ സമാധാനത്തിനു ശ്രമിച്ചു. 

എസ്ഐടി മുതൽ സുപ്രീം കോടതിവരെ നീണ്ട നിയമയുദ്ധം 

ഗോധ്​രയിൽ 2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസിനു തീവച്ച് 59 കർസേവകർ കൊല്ലപ്പെട്ട സംഭവത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കൂട്ടക്കൊല നടന്നത്. 

കോൺഗ്രസ് മുൻ എംപി ഇഹ്സാൻ ജാഫ്രി അടക്കം 69 പേരാണ് കൊല ചെയ്യപ്പെട്ടത്. 2006 ൽ ജാഫ്രിയുടെ ഭാര്യ സാകിയ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന ആരോപിച്ചു പരാതിപ്പെട്ടു.

 2008 മാർച്ചിൽ സമഗ്രാന്വേഷണത്തിനു സുപ്രീം കോടതി സിബിഐ ഡയറക്ടറായിരുന്ന ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കേസെടുക്കാൻ വേണ്ട തെളിവുകൾ ഇല്ലെന്നു വ്യക്തമാക്കി മോദി ഉൾപ്പെടെ 64 പേർക്ക് എസ്ഐടി 2012 ൽ ക്ലീൻ ചിറ്റ് നൽകി. 

ഇതിനെതിരെ സാകിയ മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. എന്നാൽ, എസ്ഐടി റിപ്പോർട്ട് 2013 ൽ മജിസ്‌ട്രേട്ട് കോടതി ശരിവച്ചു. 2017 ൽ ഗുജറാത്ത് ഹൈക്കോടതിയും ഇതു ശരിവച്ചു. 

അതേസമയം, സുപ്രീം കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു. തുടർന്നാണ് 2018 ൽ സാകിയ സുപ്രീം കോടതിയെ സമീപിച്ചത്.

 

English Summary: SC dismisses Zakia Jafri's plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com