കോവിഡിലെ വീഴ്ചയും ഗൂഢാലോചനയെന്ന് പറയുമോ? ഗുജറാത്ത് കലാപക്കേസിൽ കോടതി
Mail This Article
ന്യൂഡൽഹി ∙ ഹ്രസ്വകാലത്തേക്കു സർക്കാരിനുണ്ടാകുന്ന വീഴ്ചയെ ഭരണഘടനാ സംവിധാനത്തിന്റെ വീഴ്ചയായി കാണാൻ കഴിയില്ലെന്ന വിലയിരുത്തലോടെയാണു ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻചിറ്റ് നൽകിയ നടപടിയെ സുപ്രീം കോടതി അംഗീകരിച്ചത്. ഇതിനായി കോവിഡ് കാലത്തു സർക്കാരുകൾക്കുണ്ടായ തിരിച്ചടിയും കോടതി ഉദാഹരിച്ചു.
അടിയന്തരസാഹചര്യങ്ങളിൽ സർക്കാർ സംവിധാനം തകർന്നുപോകുന്നതു പുതിയ പ്രതിഭാസമല്ല. വലിയ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും സർക്കാരുകൾ കോവിഡ് ഘട്ടത്തിലെ സമ്മർദത്തിൽ വീണുപോകുന്നതു നമ്മൾ കണ്ടതാണ്. ഇതിനെയും ക്രിമിനൽ ഗൂഢാലോചനയായി കാണാൻ കഴിയുമോ? കോടതി ചോദിച്ചു.
കേസുകളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതും അവർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിഗണിച്ചെന്നും കോടതി വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനായിരുന്നില്ല എസ്ഐടി. എന്നിട്ടും സുപ്രീം കോടതിയുടെ നിർദേശപ്രകാരം, ഉന്നതതലത്തിൽ ഉൾപ്പെടെ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിച്ചു– കോടതി ചൂണ്ടിക്കാട്ടി.
കലാപം ഒതുക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന ഹർജിക്കാരിയുടെ വാദത്തിനും കോടതി വിധിയിൽ മറുപടി നൽകി. ക്രിമിനൽ ഗൂഢാലോചന ഉണ്ടാകണമെങ്കിൽ ആരോപിക്കപ്പെട്ടവരുടെ ബന്ധം സ്ഥാപിക്കേണ്ടി വരും. പ്രത്യേക സംഘം അന്വേഷിച്ച 9 കേസുകളിലും അതു സ്ഥാപിക്കപ്പെട്ടില്ല. – ബെഞ്ച് വിലയിരുത്തി.
വെളിപ്പെടുത്തലുകൾ തള്ളി
നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ 2002 ഫെബ്രുവരി 27നു നടന്ന യോഗത്തെക്കുറിച്ചു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്, കൊല്ലപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യ, സംഭവസമയത്ത് എഡിജിപിയായിരുന്ന ആർ.ബി.ശ്രീകുമാർ എന്നിവർ നടത്തിയ വെളിപ്പെടുത്തലുകളും കോടതി നിരാകരിച്ചു. ഉദ്വേഗം ജനിപ്പിക്കാനും രാഷ്ട്രീയവൽക്കരിക്കാനുമാണ് ഇവർ ശ്രമിച്ചതെന്ന വാദത്തിൽ കാര്യമുണ്ടെന്ന് വിലയിരുത്തി. യോഗത്തെക്കുറിച്ച് ഉൾപ്പെടെയുള്ള വ്യാജ ആരോപണങ്ങൾ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ചീട്ടുകൊട്ടാരം പോലെ വീണുപോയെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണത്തിന് കയ്യടി
മോദിക്കു ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിനു കയ്യടി നൽകി കൊണ്ടാണ് കോടതി വിധി ഉപസംഹരിച്ചത്. പ്രതിസന്ധികൾക്കിടയിലും തളരാത്ത പ്രവർത്തനം നടത്തിയ സംഘത്തെ അഭിനന്ദിച്ചു. വ്യാജ ആരോപണങ്ങൾ പുറത്തുകൊണ്ടുവരാൻ സംഘത്തിനു കഴിഞ്ഞെന്നും വ്യക്തമാക്കി.
English Summary: SC on Zakia Jafri case