ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ശിവസേനയും വിമതരും തമ്മിലുള്ള രാഷ്ട്രീയ വടംവലി തുടരുന്നതിനിടെ, തങ്ങളുടെ പക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള  വിമതർ സുപ്രീം കോടതിയെ സമീപിച്ചു. നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിൻഡെയെ മാറ്റി ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ചോദ്യം ചെയ്തിട്ടുണ്ട്. രണ്ട് വിഷയങ്ങളും കോടതി ഇന്ന് അടിയന്തരമായി പരിഗണിച്ചേക്കും. അയോഗ്യരാക്കാതിരിക്കാൻ ഇന്നു വൈകുന്നേരത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ഡപ്യൂട്ടി സ്പീക്കർ നോട്ടിസ് നൽകിയിരുന്നത്. 

അതിനിടെ, ശിവസേനയ്ക്ക് ആഘാതമായി മറ്റൊരു മന്ത്രി കൂടി ഗുവാഹത്തിയിലെ വിമത ക്യാംപിലെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ കൈവിട്ടത്. ഷിൻഡെ ക്യാംപിലെത്തുന്ന എട്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. എംഎൽഎമാരിൽ നിന്നു മന്ത്രിപദം ലഭിച്ച സേനാ നേതാക്കളിൽ, മകൻ ആദിത്യ താക്കറെ മാത്രമാണ് ഉദ്ധവ് പക്ഷത്ത് അവശേഷിക്കുന്നത്. മറ്റു സേനാ മന്ത്രിമാർ നിയമനിർമാണ കൗൺസിൽ അംഗങ്ങളാണ്.

ഗവർണർ ഭഗത് സിങ് കോഷ്യാരി കോവിഡ് മുക്തനായി ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയിരിക്കെ രാജ്ഭവൻ കേന്ദ്രീകരിച്ചുള്ള നടപടികളും സജീവമാകും. രാജ്ഭവനിൽ തിരിച്ചെത്തിയ ഉടൻ വിമത എംഎൽഎമാരുടെ വസതികൾക്കു സുരക്ഷ കൂട്ടാൻ ഗവർണർ പൊലീസ് മേധാവിക്ക് നിർദേശം നൽകിക്കഴിഞ്ഞു. 

അതിനിടെ, വിമത ക്യാംപിലെ 15 എംഎൽഎമാർക്ക് കേന്ദ്രസർക്കാർ വൈ പ്ലസ് സുരക്ഷ പ്രഖ്യാപിച്ചു. വിമത ക്യാംപിൽ എംഎൽഎമാരുടെ അംഗസംഖ്യ കൂടുന്നുണ്ടെങ്കിലും മുംബൈയിലേക്കുള്ള മടക്കം വൈകുകയാണ്. നിയമപരമായ അനുകൂല സാഹചര്യം ഉറപ്പാക്കിയ ശേഷം മടങ്ങാനാണ് ഉദ്ദേശിക്കുന്നത്. 

English Summary: Maharashtra political developments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com