ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജി വച്ചപ്പോൾ മുതൽ അടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്ന് ഉറപ്പിച്ച രാഷ്ട്രീയലോകത്തെ അമ്പരപ്പിച്ചു കൊണ്ടാണ് ബിജെപി ഇന്നലെ ക്ലൈമാക്സ് രചിച്ചത്. ഭരണം തട്ടിയെടുത്തെന്ന ദുഷ്പേര് ഒഴിവാക്കുക എന്നതിനെക്കാൾ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തെ അടിയോടെ പിഴുതെടുക്കുകയാണു ലക്ഷ്യം.

മറാഠ കാർഡിന്റെ ശക്തി

മറാഠകളിലെ പ്രമുഖ കുലങ്ങളിലൊന്നായ 96 കുലി വിഭാഗക്കാരനാണ് ഏക്നാഥ് ഷിൻഡെ. ശിവസേനയിൽ പ്രവർത്തകരുമായി ഏറ്റവും അടുപ്പമുള്ള നേതാവ്. തങ്ങളാണു യഥാർഥ ശിവസേനയെന്ന് അവകാശപ്പെടുന്ന ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് മറാഠകളുടെ വലിയ പിന്തുണ കൂടി ബിജെപിക്കു ലഭിക്കുമെന്നു കണക്കുകൂട്ടിയാണ്. ‘മറാഠകളുടെ ഇടയിൽ വളരെ സാധാരണമാണു ഷിൻഡെ എന്ന പേര്. ഓരോ ഗ്രാമത്തിലും ഒരു ഷിൻഡെ എങ്കിലുമുണ്ടാകും. സ്വന്തം വിഭാഗത്തിൽനിന്ന് ഒരാൾ മുഖ്യമന്ത്രിയായതിൽ മറാഠകൾക്കു വളരെ സന്തോഷമുണ്ട്. ചില്ലുമേടയിലിരുന്നു ഭരിക്കുന്ന മറ്റുള്ളവരെപ്പോലെയല്ല അദ്ദേഹം. താഴെത്തട്ടിലിറങ്ങി പ്രവർത്തിക്കുന്നയാളാണ്. തങ്ങളിലൊരാളായി അവർ ഷിൻഡെയെ കണക്കാക്കും, ’ – എൻസിപിയിലെ ശക്തനായ അജിത് പവാറിനോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകന്റെ വാക്കുകളാണിത്.

തനതു മറാഠ വ്യക്തിത്വമുള്ള നേതാവിന്റെ അഭാവം എക്കാലവും ബിജെപിക്കുണ്ട്. പാർട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ മഠാഠയാണെങ്കിലും നായകപ്രഭാവവും ജനക്കൂട്ടത്തെ അണിനിരത്താനുള്ള ശേഷിയും കുറവ്. 2014ലെ ഫഡ്നാവിസ് മന്ത്രിസഭയിൽ ബിജെപിക്ക് ഏറ്റവും വിശ്വാസമുള്ള ശിവസേനാ മന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡെ ഒപ്പമെത്തുമ്പോൾ ഈ കുറവുകളെല്ലാം പരിഹരിക്കപ്പെടുന്നു. ബിജെപിയും ഫഡ്നാവിസും പറയുന്നതിനപ്പുറം അദ്ദേഹം പോകില്ലെന്നും അവർ കണക്കുകൂട്ടുന്നു. മറാഠ സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയരുകയാണെങ്കിൽ രംഗം തണുപ്പിക്കാൻ മുഖ്യമന്ത്രിയെ തന്നെ നിയോഗിക്കാമെന്ന മെച്ചവുമുണ്ട്.

ബാൽ താക്കറെയുടെ യഥാർഥ പാരമ്പര്യം പേറുന്ന ശിവസേന ഷിൻഡെ വിഭാഗം ആണെന്ന് ‘അംഗീകരിച്ചാണ്’ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും ബിജെപി അടിവരയിടുന്നു. ഉദ്ധവ് താക്കറെക്കൊപ്പമുള്ള ശിവസേനാ അണികളെയും ഭാരവാഹികളെയും കൂടി അട‍ർത്തിയെടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഉദ്ധവിനെ രംഗത്തുനിന്ന് പൂർണമായി ഒഴിവാക്കാനും അതിടയാക്കും. അണികളുമായി ദൃഢബന്ധമുള്ള ഷിൻഡെ എല്ലാവർക്കുമായി വാതിൽ തുറന്നിടുന്നുമുണ്ട്.

അന്നെന്തേ മടിച്ചു?

ഇപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്, 2019ൽ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ എന്തുകൊണ്ടാണ് ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി മടിച്ചത്? ഈ വിട്ടുവീഴ്ച എന്തുകൊണ്ട് അന്നുണ്ടായില്ല? മുഖ്യമന്ത്രി പദം രണ്ടരവർഷം വീതം പങ്കിടുന്നതു സംബന്ധിച്ചായിരുന്നല്ലോ അന്നു തർക്കം. എന്നാൽ, ചർച്ചകൾക്കും പരിഹാരത്തിനും ബിജെപി ഒരുക്കമായിരുന്നെന്നും ഉദ്ധവ് താക്കറെയാണ് വാതിൽ കൊട്ടിയടച്ചതെന്നുമാണു ഫഡ്നാവിസിന്റെ മറുപടി. പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്ധവിനെ ഫോണിൽ പോലും കിട്ടിയില്ലത്രേ.

ഫഡ്‌നാവിസിന്റെ റോൾ...?

ഏക്നാഥ് ഷിൻഡെയെ മുൻനിർത്തി തൽകാലം റിമോട്ട് കൺട്രോൾ ഭരണം ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു. താൽപര്യത്തോടെയല്ല ഉപമുഖ്യമന്ത്രിയായിരിക്കുന്നതെങ്കിലും ദേവേന്ദ്ര ഫഡ്നാവിസ് സൂപ്പർ മുഖ്യമന്ത്രിയാകാനുളള സാധ്യത തള്ളാനാകില്ല. 

English Summary: BJP twist in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com