മഹാരാഷ്ട്ര: സുപ്രീം കോടതിയിൽ ചൂ‍ടേറിയ വാദപ്രതിവാദം; ആർക്കാണ് യോഗ്യത?

HIGHLIGHTS
  • വിശ്വാസ വോട്ടെടുപ്പിൽ വോട്ടു ചെയ്യാൻ യോഗ്യത ആർക്കെന്ന കാര്യത്തിൽ വാദവും മറുവാദവും
Supreme Court | File Pic (Photo - Shutterstock / mrinalpal)
സുപ്രീം കോടതി (ഫയൽ ചിത്രം) (Photo - Shutterstock / mrinalpal)
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ രണ്ടംഗ അവധിക്കാല ബെ‍ഞ്ചിന് വിശ്രമമില്ലാത്ത ദിനമായിരുന്നു ഇന്നലെ. മഹാരാഷ്ട്ര സംഭവങ്ങളിലെ വാദം അനന്തമായി നീളുമെന്നു മനസ്സിലാക്കിയ കോടതി പതിവു സമയം കഴിഞ്ഞ് വൈകീട്ട് അഞ്ചിനാണ് വാദം തുടങ്ങിയത്. ഇതു രാത്രി എട്ടരവരെ നീണ്ടു. വിധി പറയാൻ പിന്നെയും ഒരു മണിക്കൂർ കൂടി വൈകി. ജഡ്ജിമാരായ സൂര്യകാന്ത്, ജെ.പി.പർദിവാല എന്നിവരടങ്ങുന്ന ബെഞ്ചിനു മുന്നിൽ ഇന്നലെ ഉയർന്ന പ്രസക്ത വാദങ്ങൾ ഇങ്ങനെ:

∙ അഭിഷേക് മനു സിങ്‍വി (ശിവസേന കക്ഷി നേതാവും ചീഫ് വിപ്പുമായ സുനിൽ പ്രഭുവിനായി): നാളെ വിശ്വാസവോട്ടെടുപ്പുണ്ടെന്ന് ഇന്നു രാവിലെയാണ് അറിയിപ്പു കിട്ടിയത്. 2 എൻസിപി എംഎൽഎമാർ കോവിഡ് പിടിപെട്ടു കിടക്കുന്നു. ഒരു കോൺഗ്രസ് എംഎൽഎ വിദേശത്താണ്. സൂപ്പർ സോണിക് വേഗത്തിലാണ് ഗവർണർ തീരുമാനമെടുത്തത്. 

ഭരണഘടനപരമായി പാപമായി കരുതപ്പെടുന്ന കൂറുമാറ്റം ആരൊക്കെ നടത്തിയെന്നതിനെ ആശ്രയിച്ചാണ് വിശ്വാസവോട്ടെടുപ്പിൽ വോട്ടർമാർ നിശ്ചയിക്കപ്പെടുന്നത്. ആർക്കെല്ലാമാണ് വോട്ടു ചെയ്യാൻ കഴിയുകയെന്നത് കോടതിയുടെ തന്നെ ജൂലൈ 11ലെ വിധിയുടെ അടിസ്ഥാനത്തിലാകും. പകരം എല്ലാവരും ഇപ്പോൾ വിശ്വാസവോട്ടെടുപ്പിൽ വോട്ടു ചെയ്താലോ ? കേസ് 11ലേക്ക് മാറ്റിയതിലൂടെ വിഷയം കോടതിയുടെ പക്കലാണ്. യോഗ്യരായവരെ തീരുമാനിക്കാതെ വോട്ടെടുപ്പ് അനുവദിച്ചാൽ കീഴ്മേൽ മറിക്കുന്നതിന് തുല്യമാണ്. ഗവർണറോടുള്ള എല്ലാ ബഹുമാനവും വച്ചു പറയട്ടെ, അദ്ദേഹത്തിന് കോടതിയുടെയും സ്പീക്കറുടെയും നടപടികളെ അപ്രസക്തമാക്കാൻ കഴിയില്ല.

∙ ജസ്റ്റിസ് സൂര്യകാന്ത്: ചോദ്യങ്ങൾ എങ്ങനെയാണ് അപ്രസക്തമാകുന്നത്? 

∙ സിങ്‍വി: വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയാണെന്നു കരുതുക. തുടർന്ന്, സ്പീക്കർ അവരെ അയോഗ്യരാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ നാളെ നടക്കുന്ന വിശ്വാസവോട്ട് എങ്ങനെ കോടതി മായ്ച്ചു കളയും ?

∙ ജസ്റ്റിസ് സൂര്യകാന്ത്: വിശ്വാസ വോട്ടെടുപ്പിന് നിശ്ചിത സമയം ഉണ്ടോ? പുതിയൊരു വോട്ടെടുപ്പ് നടത്തുന്നതിനും തടസ്സമുണ്ടോ?

∙ സിങ്‍വി: 6 മാസം കൂടുമ്പോഴല്ലാതെ സാധാരണഗതിയിൽ വിശ്വാസവോട്ടെടുപ്പ് നടക്കാറില്ല.

∙ ജസ്റ്റിസ് സൂര്യകാന്ത്: അതിനെന്തെങ്കിലും ഭരണഘടനാ വ്യവസ്ഥയുണ്ടോ?

∙ സിങ്‍‌വി: സാധാരണ നിലയിൽ 6 മാസ ഇടവേളയാണ്.

∙ ജസ്റ്റിസ് സൂര്യകാന്ത്: യോഗ്യതയും അയോഗ്യതയുമൊക്കെ വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെടുന്നത് എങ്ങനെയാണ് ?

∙ സിങ്‍വി: നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. അയോഗ്യത സ്പീക്കർ കണ്ടെത്തുന്ന ദിവസം മുതൽ അയോഗ്യരാക്കപ്പെടുമെന്ന് കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ എംഎൽഎമാർ 21 മുതൽ അയോഗ്യരാകും. അന്നു മുതൽ അവരെ അംഗങ്ങളായി പരിഗണിക്കാൻ കഴിയില്ല.

∙ ജസ്റ്റിസ് സൂര്യകാന്ത്: വിമതർ കോടതിയിലെത്തിയത് സ്പീക്കറുടെ അധികാരം ചോദ്യം ചെയ്താണ്. അയോഗ്യത മറ്റൊരു വിഷയമല്ലേ?

∙ സിങ്‌വി: 10–ാം ഷെഡ്യൂളിൽ പറയുന്നത് (കൂറുമാറ്റത്തിനുള്ള അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ) ഭരണഘടനാപരമായ പാപത്തെക്കുറിച്ചാണ്.

∙ ജസ്റ്റിസ് കാന്ത്: ഡപ്യൂട്ടി സ്പീക്കർ ആ പദവിയിൽ തുടരുന്നതിനെതിരെ എംഎൽഎമാർ കത്തു നൽകിയ അസാധാരണ സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്.

∙ സിങ്‌വി: കോടതി ഇടപെട്ടിരിക്കെ, 21ന് തന്നെ അയോഗ്യരായ ഒരാൾ വോട്ടു ചെയ്ത സർക്കാർ ശരിയെന്ന് പറയുന്നത് എങ്ങനെ ? തീരുമാനമെടുക്കാൻ സ്പീക്കർക്ക് അനുമതി നൽകുകയാണെങ്കിൽ നാളെ വോട്ടു ചെയ്യാൻ പോകുന്നവരാരും അംഗങ്ങളല്ല. ജനാധിപത്യത്തിന്റെ വേരറുക്കുന്നതിനു തുല്യമാണത്. മുഖ്യമന്ത്രിയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്; പ്രതിപക്ഷ നേതാവിന്റെ ഉപദേശനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവരുത്. 

(ഗവർണർക്ക് 34 വിമത എംഎൽഎമാർ നൽകിയ കത്ത് സിങ്‍വി വായിക്കുന്നു)

സുപ്രീം കോടതി വിധി പ്രകാരം, ഈ കത്തുകൾ തന്നെ അവർ അംഗത്വം വിടുന്നതിന്റെ തെളിവാണ്.

∙ ജസ്റ്റിസ് സൂര്യകാന്ത്: നിങ്ങളുടെ പാ‍ർട്ടിയിലെ 34 എംഎൽഎമാർ ഒപ്പിട്ടില്ലെന്നാണ് വാദിക്കുന്നത്.

∙ സിങ്‍വി : ഇക്കാര്യത്തിൽ പരിശോധന നടന്നിട്ടില്ല. ഒരാഴ്ചയോളം ഗവർണർ കത്തു രഹസ്യമാക്കി. പ്രതിപക്ഷനേതാവ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ ഉണർന്നത്. 

∙ ജസ്റ്റിസ് കാന്ത് : സർക്കാരിന് സ്വന്തം ഭൂരിപക്ഷം നഷ്ടമായെന്നു മനസ്സിലായെന്നു കരുതുക. അയോഗ്യത നോട്ടിസ് നൽകാൻ സ്പീക്കറെ സർക്കാർ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ ഗവർണർ എന്താണ് ചെയ്യേണ്ടത്? വിവേചനാധികാരം ഉപയോഗിക്കാനാകില്ലേ ?

∙ സിങ്‍വി : ഗവർണർ പരിശോധന നടത്താനോ ഇതിനു ശ്രമിക്കാനോ പാടില്ല. 2 ദിവസം മുൻപാണ് അദ്ദേഹം കോവിഡ് മുക്തനായത്. എംഎൽഎമാരുടെ പ്രമേയം ആധികാരികത ഉറപ്പിക്കാൻ കഴിയാത്തതു കൊണ്ട് സ്പീക്കർ തള്ളിയിരിക്കുകയാണ്. സൂറത്തിലും ഗുവാഹത്തിയിലുമൊക്കെ പോയിരുന്ന് ആധികാരികത ഉറപ്പിക്കാത്ത ഇ–മെയിൽ വഴിയാണ് അയച്ചത്. 10–ാം പട്ടിക ഉപയോഗിക്കാൻ സ്പീക്കറെ അനുവദിക്കാതിരിക്കാനാണിത്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ, കോവിഡ് മുക്തനായ ഉടൻ പ്രതിപക്ഷ നേതാവിനെ കാണുന്നതാണ് സാഹചര്യം. കൂറുമാറിയവർക്ക് ജനങ്ങളെ പ്രതിനിധികരിക്കാൻ കഴിയില്ല. നാളെ ഇവർ ആരുടെ വിപ്പ് അനുസരിക്കണമെന്ന കാര്യവും കോടതി പറഞ്ഞില്ല. ഒന്നുകിൽ സ്പീക്കർക്കു മേലുള്ള കെട്ടഴിക്കണം അല്ലെങ്കിൽ വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കണം.

∙ നീരജ് കിഷൻ കോൾ (ഏക്നാഥ് ഷിൻഡെയ്ക്കായി): സ്പീക്കറെ മാറ്റേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കപ്പെടണം. കോടതി ഇടപെട്ടിട്ടുണ്ടോ എന്നതല്ല വിഷയം. നിങ്ങളുടെ കാര്യപ്രാപ്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് വൈകരുതെന്ന കാര്യം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ളതാണ്. കൂറുമാറ്റമോ എംഎൽഎയുടെ രാജിയോ ഒന്നും ഇതു നീട്ടിവയ്ക്കാൻ കാരണമല്ല. രണ്ടും വ്യത്യസ്ത വിഷയങ്ങളാണെന്നു സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

∙ ജസ്റ്റിസ് കാന്ത്: സ്പീക്കറല്ല മറിച്ചു കോടതി ഉത്തരവിനെ തുടർന്നു നിർത്തിവച്ചിരിക്കുന്നുവെന്നാണ് എതിർപക്ഷത്തിന്റെ വാദം.

∙ നീരജ് കിഷൻ കോൾ: കോടതിയെ ഞങ്ങൾ സമീപിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷം ഞങ്ങൾക്കുണ്ട്. സ്പീക്കർക്ക് ഭൂരിപക്ഷമില്ലെന്ന കാര്യം അദ്ദേഹത്തെയും അറിയിച്ചതാണ്. 

∙ ജസ്റ്റിസ് കാന്ത്: സ്പീക്കറുടെ കാര്യത്തിലാണ് ആദ്യം തീരുമാനം വേണ്ടത്.

∙ നീരജ് കിഷൻ കോൾ: വിശ്വാസവോട്ടെടുപ്പാണ് ജനാധിപത്യത്തിൽ സംഭവിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം. ഇതിനു മുഖ്യമന്ത്രി എതിർപ്പറിയിച്ചാൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടന്ന കാര്യം പ്രഥമദൃഷ്ട്യ വ്യക്തമാണ്.

∙ ജസ്റ്റിസ് കാന്ത് : സാങ്കൽപികമായൊരു ചോദ്യം നിങ്ങളോടും ചോദിക്കുന്നു ആരാണ് ഈ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ?

∙ നീരജ് കിഷൻ കോൾ: അയോഗ്യരാക്കുന്നതും വിശ്വാസവോട്ടെടുപ്പുമായി ബന്ധമില്ല. ഇതു രണ്ടും ബന്ധിപ്പിക്കാനാണ് എതിർകക്ഷി ശ്രമിക്കുന്നത്. 

∙ ജസ്റ്റിസ് കാന്ത് : എത്ര എംഎൽഎമാർ വിമത പക്ഷത്തുണ്ട്?

∙ നീരജ് കിഷൻ കോൾ: 55 ൽ 39 പേർ. അതു കൊണ്ടാണ് അവർ വിശ്വാസവോട്ടെടുപ്പിനെ എതിർക്കുന്നത്.

∙ ജസ്റ്റിസ് കാന്ത് : ഇതിൽ എത്രപേർക്കാണ് അയോഗ്യത നോട്ടിസ് ലഭിച്ചത്?

∙ നീരജ് കിഷൻ കോൾ: 16. ഞങ്ങൾ ശിവസേന വിടുന്നില്ല. ഞങ്ങളാണ് ശിവസേന. 9 സ്വതന്ത്ര എംഎൽഎമാരും പിന്തുണ നൽകുന്നുണ്ട്. ആകെ 14 പേർ മാത്രമാണ് ഞങ്ങളെ എതിർക്കുന്നത്.

∙ ജസ്റ്റിസ് കാന്ത്: വിശ്വാസവോട്ടെടുപ്പു നടന്നതു ശരിയായ രീതിയിൽ അല്ല എന്നു പിന്നീടൊരു സാഹചര്യത്തിൽ കണ്ടെത്തിയാൽ തീരുമാനം മാറ്റാൻ കഴിയാത്ത സാഹചര്യമില്ല.

∙ സോളിസിറ്റർ ജനറൽ തുഷാർ മേത്ത (ഗവർണർക്കു വേണ്ടി) : കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തന്നെ സ്പീക്കർക്കെതിരാണ്. ഉത്തരവല്ലെങ്കിലും നിയമം സ്പീക്കർക്ക് എതിരാണെന്നു വ്യക്തമാക്കുന്നതാണിത്. ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ സാഹചര്യം ഗവർണർക്ക് അവഗണിക്കാൻ കഴിയില്ല.

(മറ്റു ചില വാദങ്ങൾ കൂടി സിങ്‌വി ഉന്നയിച്ചെങ്കിലും ജഡ്ജിമാർ തമ്മിലുള്ള ആശയവിനിമയത്തിനു കൂടുതൽ സമയം ചോദിച്ച ബെഞ്ച് ഹർജിയിൽ 9 മണിക്കു വിധി പറയുമെന്നു വ്യക്തമാക്കി)

English Summary: Maharashtra case in supreme court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.