അമിത് ഷായുടെ ആശീർവാദത്തിൽ കരുനീക്കി ഫഡ്നാവിസ്;ഉദ്ധവിനു മുന്നിൽ ഇനി ഈ ദൗത്യം

uddhav-thackeray-5
മുംബൈയിൽ മന്ത്രിസഭായോഗത്തിനു ശേഷം പുറത്തേക്കുവരുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ചിത്രം: എപി
SHARE

മുംബൈ ∙ സ്വന്തം പാർട്ടിയിലെ കലാപക്കൊടിയിലും ബിജെപിയുടെ രഹസ്യനീക്കത്തിലും അടിപതറിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി. ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലെന്ന് ഉറപ്പായതോടെയാണു രാജി പ്രഖ്യാപിച്ചത്. അതിനകം  പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപിയും വിമതരും ആരംഭിച്ചിരുന്നു. 

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഭിന്നത മൂലമാണു വേർപിരിഞ്ഞത്. എൻസിപിയും കോൺഗ്രസുമായി കൈകോർത്ത ഉദ്ധവ് രണ്ടര വർഷക്കാലം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നിട്ടാണു പടിയിറങ്ങുന്നത്. 

സർക്കാരിന്റെ ഭാവി തുലാസിലായിരിക്കെ വിടവാങ്ങൽ ഭാവത്തിൽ ഇന്നലെ മന്ത്രിസഭായോഗത്തിൽ എത്തിയ ഉദ്ധവ് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഹിന്ദുത്വ അജൻഡയിൽനിന്നു താനും ശിവസേനയും പിന്നോട്ടു പോയിട്ടില്ലെന്ന സന്ദേശമായാണ് അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റം പ്രഖ്യാപിച്ചത്. ബാൽ താക്കറെയുടെ കാലം മുതൽ ഒൗറംഗബാദിന്റെ പേരുമാറ്റം ശിവസേനയുടെ ലക്ഷ്യമായിരുന്നു. 

ഇപ്പോഴത്തേത് ശിവസേനയുടെ ആഭ്യന്തരപ്രശ്നമാണെന്നും പങ്കില്ലെന്നുമാണ് ബിജെപി ആവർത്തിച്ചിരുന്നത്. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അനുഗ്രഹാശിസ്സോടെ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ നിശ്ശബ്ദ നീക്കങ്ങളാണ് ശിവസേനയെ പിളർത്തിയത്. ഫഡ്നാവിസ് ഒരാഴ്ചയ്ക്കിടെ ഉന്നത കേന്ദ്രനേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിശ്വാസവോട്ടിനുള്ള ഗവർണറുടെ തീരുമാനം. 

ശിവസേനയെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച ദൗത്യം ഇനി ഉദ്ധവിനു മുന്നിലുണ്ട്. നടക്കാനിരിക്കുന്ന മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പ് മറ്റൊരു വലിയ വെല്ലുവിളിയാണ്. കോർപറേഷൻ 3 പതിറ്റാണ്ടിലേറെയായി ഭരിക്കുന്നത് ശിവസേനയാണ്. ഇതു പിടിച്ചെടുക്കലാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. 

വിശ്വാസവോട്ടെടുപ്പിനു നിർദേശിക്കണമെന്നു ചൊവ്വാഴ്ച രാത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യർഥിച്ചതിനു തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയനീക്കങ്ങൾ ക്ലൈമാക്സിലേക്കു നീങ്ങിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി പിന്തുണയുള്ള 7 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്കു കത്തു നൽകിയിരുന്നു.

English Summary: Uddhav Thackeray falls to bjp strategy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.