ADVERTISEMENT

ന്യൂഡൽഹി∙ ദേവേന്ദ്ര ഫഡ്നാവിസ് വിശാലഹൃദയനാണെന്ന് ബിജെപിയുടെ ദേശീയ നേതാക്കൾ പരസ്യപ്രസ്താവന നടത്തിയതിൽനിന്നു വ്യക്തമായത് ഇതാണ്: ഏക്നാഥ് ഷിൻഡെയായിരിക്കും മുഖ്യമന്ത്രിയെന്നത് ഫഡ്നാവിസ് അറിഞ്ഞിരുന്നില്ല. താൻ തന്നെ മുഖ്യമന്ത്രിയെന്ന് ഫഡ്നാവിസ് കരുതി; അങ്ങനെയല്ലെന്ന് അവസാനഘട്ടത്തിൽ മാത്രമാണ് ദേശീയ നേതൃത്വം അദ്ദേഹത്തോടു പറഞ്ഞത്. മന്ത്രിസഭയിൽ രണ്ടാമനായിരിക്കാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല.

മഹാരാഷ്ട്രയിൽ ശിവസേന – ബിജെപി സഖ്യം വീണ്ടും രൂപപ്പെട്ടതോടെ കേന്ദ്രത്തിൽ വീണ്ടും സേനയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന് ഇനി വ്യക്തമാകേണ്ടതുണ്ട്. 2019 നവംബറിൽ മഹാരാഷ്ട്രയിൽ സഖ്യമില്ലാതായപ്പോൾ കേന്ദ്ര മന്ത്രിസഭയിൽനിന്ന് സേനയുടെ അരവിന്ദ് സാവന്ത് രാജിവച്ചു, സേന എൻഡിഎയിൽനിന്നു പിൻമാറി.

സേനയ്ക്കു ലോക്സഭയിൽ 19, രാജ്യസഭയിൽ 3 എന്നിങ്ങനെയാണ് അംഗബലം. ഇതിൽ ആരൊക്കെ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം, ആരൊക്കെ ഉദ്ധവ് താക്കറെയ്ക്കൊപ്പം എന്നു വ്യക്തമാകാനുണ്ട്. 15 എംപിമാരെങ്കിലും തനിക്കൊപ്പമെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയും ലോക്സഭാംഗമാണ്. രാജ്യസഭാംഗങ്ങളായ സഞ്ജയ് റൗത്തും അനിൽ ദേശായിയും പ്രിയങ്ക ചതുർവേദിയും ഉദ്ധവ് പക്ഷത്താണ്.

എംഎൽഎമാരുടെ അംഗബലം കൂറുമാറ്റ വിഷയത്തിൽ പ്രസക്തമാണ്. എന്നാൽ, ചിഹ്നത്തിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുക്കേണ്ടിവന്നാൽ, എംഎൽഎമാരുടെ മാത്രമല്ല, എംപിമാരുടെ എണ്ണവും പാർട്ടി ദേശീയ സമിതിയിലെ ഭൂരിപക്ഷം ആർക്കെന്നതും പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സേനാ അംഗങ്ങളുടെ എണ്ണവും കണക്കിലെടുത്തേക്കാം. കേരള കോൺഗ്രസിന്റെ ‘രണ്ടില’ ചിഹ്നം വിഷയത്തിൽ, തദ്ദേശസ്ഥാപനങ്ങളിലെ അംഗബലം പരിഗണിക്കാതിരുന്നതിന് സമയക്കുറവ് ആണ് കമ്മിഷൻ പറഞ്ഞ കാരണങ്ങളിലൊന്ന്.

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് മുന്നിൽനിന്നത് ഫഡ്നാവിസാണ്. മുഖ്യമന്ത്രിസ്ഥാനം തനിക്കെന്ന് ഏക്‌നാഥ് ഷിൻഡെയോട് ബിജെപി നേതൃത്വം നേരത്തെ പറഞ്ഞിരുന്നുവെന്നു സൂചനയുണ്ട്. കാര്യങ്ങളുടെ കിടപ്പു മനസിലായപ്പോഴാണ് താൻ മന്ത്രിസഭയിലില്ലെന്ന വ്യക്തിപരമായ തീരുമാനം ഫഡ്നാവിസ് പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ സുസ്ഥിരമായി മുന്നോട്ടുപോകണമെങ്കിൽ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്നു പാർട്ടി തീരുമാനിച്ചു. നിർദേശം അംഗീകരിച്ചപ്പോഴാണ് ഫഡ്നാവിസിന്റെ ഹൃദയവിശാലതയെക്കുറിച്ച് പാർ‍ട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും ആഭ്യന്തര മന്ത്രി അമിത് ഷായും പരസ്യപ്രസ്താവന നടത്തിയത്.

ഇപ്പോഴത്തെ തീരുമാനം താൽക്കാലികമാണെന്നും ഭാവിയിൽ ഫഡ്നാവിസിനെ കേന്ദ്രത്തിലേക്കു കൊണ്ടുവരുമെന്നുമാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. ഭാവിയിൽ എന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുവരെ നീളാം. കൂടുതൽ എംഎൽഎമാർ തങ്ങൾക്കുള്ളപ്പോഴും മുഖ്യമന്ത്രിസ്ഥാനം സഖ്യകക്ഷിക്കു നൽകുകയെന്ന ബിഹാർ മോഡലാണ് ബിജെപി മഹാരാഷ്ട്രയിലും പ്രയോഗിച്ചിരിക്കുന്നത്. സേനയുമായി സഹകരിച്ചല്ലാതെ മഹാരാഷ്ട്രയിൽ വിജയിക്കാനാവില്ല.

ഏതാനും മാസത്തിനകം മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പുണ്ട്. അത് തിരിച്ചുവന്ന സഖ്യത്തിന്റെ ശക്തിപ്രകടനവുമാവും. ശിവസേനയുടെ ബലം അംഗീകരിക്കുന്നു, മറാഠകളുടെ ബലവും അംഗീകരിക്കുന്നു എന്നു വരുത്തുന്നതിലൂടെ താക്കറെ കുടുംബത്തിന്റെ രാഷ്ട്രീയശേഷി തകർക്കാമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

English Summary: Devendra Fadnavis agrees to become deputy chief minister in half mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com