രാഹുൽ പറഞ്ഞത് ‘എസ്എഫ്ഐ കുട്ടികൾ’; വളച്ചൊടിച്ച് ബിജെപി പ്രചാരണം

HIGHLIGHTS
  • ഉദയ്പുർ കൊലപാതകികളോടു ക്ഷമിച്ചതായി രാഹുൽ പറഞ്ഞെന്ന് വ്യാജപ്രചാരണം
1248-rahul-gandhi
SHARE

ന്യൂഡൽഹി ∙ തന്റെ ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരോടു ക്ഷമിച്ചുവെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വളച്ചൊടിച്ച് വ്യാജപ്രചാരണം. പ്രവാചകനെതിരായ പരാമർശം നടത്തിയ നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ തയ്യൽക്കാരനെ കൊന്നവരോടു രാഹുൽ ഗാന്ധി ക്ഷമിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിൽ ചില ബിജെപി അനുകൂല അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്. 

വയനാട്ടിൽ, തന്റെ എംപി ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാർ കുട്ടികളാണെന്നും ചെയ്തതു ശരിയല്ലെങ്കിലും അവരോടു ക്ഷമിക്കുന്നുവെന്നും രാഹുൽ പറയുന്നതിന്റെ വിഡിയോയുടെ ഒരു ഭാഗമാണ് ആണ് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഈ വിഡിയോ ഉപയോഗിച്ച് ഒരു ചാനൽ കൊടുത്ത വാർത്തയുടെ ക്ലിപ്പിങ് ആണ് മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡും ചില ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ പങ്കുവച്ചത്. 

കേന്ദ്ര വാർത്താവിതരണ മന്ത്രി കൂടിയായിരുന്ന റാത്തോഡിന്റെ നടപടി വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചു. ശേഷം, കുറിപ്പിൽ ചെറിയ മാറ്റങ്ങളോടെ വീണ്ടും അദ്ദേഹം വിഡിയോ പങ്കുവച്ചു. പിന്നാലെ, കുറിപ്പും വിഡിയോയിലെ ഉള്ളടക്കവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് റാത്തോഡിന്റെ ട്വീറ്റിനൊപ്പം ട്വിറ്റർ തന്നെ ചേർത്തു. പ്രചാരണവും കള്ളവുമാണു ബിജെപിയുടെ അടിസ്ഥാനമെന്നും വിദ്വേഷം സൃഷ്ടിച്ചു രാജ്യത്തെ അന്തരീക്ഷം മാറ്റിയത് ഇപ്പോഴത്തെ ഭരണകൂടമാണെന്നും രാഹുൽ കേരളത്തിൽ നടത്തിയ പരാമർശവും വിഡിയോയിലുണ്ട്. 

മാപ്പില്ലെങ്കിൽ നിയമനടപടി: കോൺഗ്രസ്

രാഹുൽ ഗാന്ധി എസ്എഫ്ഐ അക്രമത്തെ കുറിച്ചു പ്രതികരിച്ചതിനെ ഉദയ്പുർ സംഭവവുമായി ബന്ധിപ്പിച്ചു വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനു ബിജെപി മാപ്പു പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. 

തെറ്റിദ്ധാരണജനകമായ ചാനൽ റിപ്പോർട്ട് ബിജെപി നേതാക്കൾ ആവേശത്തോടെ പങ്കുവയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കു കത്തയച്ചു. സഹപ്രവർത്തകർക്കു വേണ്ടി നഡ്ഡയിൽ നിന്നു ക്ഷമാപണവും കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ ഇതിനോടു പ്രതികരിച്ചില്ല. 

∙ ‘രാജ്യത്തെ വെറുപ്പിന്റെ തീയിലേക്കു തള്ളിയിട്ടു തീ കായുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും ചരിത്രം ഇന്ത്യയ്ക്കൊന്നാകെ അറിയാം. രാജ്യത്തെ ശിഥിലമാക്കാൻ ഈ ഒറ്റുകാർ എത്ര ശ്രമിച്ചാലും അതിലേറെ ശ്രമം ഇന്ത്യയെ ഒന്നിപ്പിക്കാൻ കോൺഗ്രസ് നടത്തും.’ – രാഹുൽ ഗാന്ധി 

English Summary: BJP leaders twist Rahul Gandhi statement and campaigns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.