എഫ്സിആർഎ ഭേദഗതി: നാട്ടിലെ ബന്ധുക്കൾക്ക് 10 ലക്ഷം വരെ അയയ്ക്കാം, അറിയിക്കേണ്ട

HIGHLIGHTS
  • ബാങ്ക് അക്കൗണ്ട് മാറ്റങ്ങൾ 45 ദിവസത്തിനകം അറിയിച്ചാൽ മതി
currency-5
SHARE

ന്യൂഡൽഹി ∙ വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയയ്ക്കാം. നിലവിൽ ഇതിനുള്ള പരിധി ഒരു ലക്ഷം രൂപയായിരുന്നു. 2011ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സി‍ആർഎ) കേന്ദ്രസർക്കാർ ഇതിനായി ഭേദഗതി ചെയ്തു. 

വിദേശപൗരത്വമുള്ളവർ ഒരു വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ നാട്ടിലെ ബന്ധുക്കൾക്ക് അയച്ചാൽ എഫ്സി–1 എന്ന ഫോമിലൂടെ 30 ദിവസത്തിനകം കേന്ദ്രത്തെ അറിയിക്കണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. പുതിയ ഭേദഗതി അനുസരിച്ചു 10 ലക്ഷം രൂപയിൽ കൂടുതൽ ഒരു വർഷം അയച്ചാൽ എഫ്സി–1 ഫോമിലൂടെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നു 3 മാസമായി വർധിപ്പിച്ചു. വിദേശത്തു നിന്ന് അയയ്ക്കുന്ന സമ്മാനങ്ങളുടെ മൂല്യം ഒരു ലക്ഷം രൂപ കടന്നാൽ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതിന് എഫ്സിആർഎ ചട്ടം ബാധകമല്ല. 

മറ്റു മാറ്റങ്ങൾ

∙ വിദേശ സംഭാവനയായി ലഭിക്കുന്ന പണം വിനിയോഗിക്കാനായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ 15 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയെ അറിയിക്കണമെന്ന നിബന്ധനയിലെ സമയപരിധി 45 ദിവസമായി വർധിപ്പിച്ചു. 

∙ ലഭിക്കുന്ന വിദേശ സംഭാവനയുടെ വിവരങ്ങൾ ഓരോ 3 മാസം കഴിയുമ്പോഴും 15 ദിവസത്തിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു നിഷ്കർഷിക്കുന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ഒരു സാമ്പത്തികവർഷത്തിലെ ഒരുമിച്ചു പ്രസിദ്ധീകരിച്ചാൽ മതി. 

∙ വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി ലഭിച്ചവരുടെ ബാങ്ക് അക്കൗണ്ടുകൾ, വിലാസം, പേര്, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, പ്രധാന ചുമതലക്കാർ എന്നിവയിൽ മാറ്റമുണ്ടായാൽ 45 ദിവസത്തിനുള്ളിൽ അറിയിച്ചാൽ മതി. ഇതുവരെ ഇത് 15 ദിവസമായിരുന്നു. 

എഫ്സി–1 ഫോം എങ്ങനെ?

പുതിയ ചട്ടമനുസരിച്ച് വിദേശപൗരത്വമുള്ള ബന്ധുക്കളിൽ നിന്നു 10 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കുന്നവർ എഫ്സിആർഎ വെബ്സൈറ്റിൽ (fcraonline.nic.in) പോയി എഫ്സിആർഎ ഓൺലൈൻ ഫോം എന്ന മെനു തുറന്ന് എഫ്സി–1 ഫോം ക്ലിക്ക് ചെയ്യുക. 'ക്ലിക്ക് ടു അപ്ലൈ' നൽകിയാൽ ഓൺലൈൻ ഫോമുകൾ ലഭ്യമാകും. ഇതിൽ വിവരങ്ങൾ നൽകാം. വെബ്സൈറ്റിൽ ഭേദഗതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കാം.

English Summary: FCRA Amendment in transfering amount from abroad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.