ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറത്തു കൊന്ന കേസിലെ മുഖ്യപ്രതി റിയാസ് അക്തരി ബിജെപി പ്രവർത്തകനാണെന്ന ആരോപണവുമായി കോൺഗ്രസ്. ഒരു ടിവി ചാനൽ ഇതുസംബന്ധിച്ചു നിർണായക വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ബിജെപി ബന്ധമുള്ളതുകൊണ്ടാണോ കേസ് തിരക്കിട്ട് എൻഐഎയ്ക്ക് കൈമാറിയതെന്ന് കോൺഗ്രസ് വക്താവ് പവൻഖേര ചോദിച്ചു. വാർത്ത വ്യാജമാണെന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നാരോപിച്ചാണു കനയ്യയെ വധിച്ചത്. 

രാജസ്ഥാനിലെ ബിജെപി നേതാവും മുൻമന്ത്രിയുമായ ഗുലാബ്ചന്ദ് കട്ടാരിയയുടെ പരിപാടികളിൽ റിയാസ് പതിവായി പങ്കെടുക്കാറുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. ന്യൂനപക്ഷ മോർച്ചയുടെ പരിപാടികളിലും റിയാസ് പങ്കെടുക്കാറുണ്ടെന്നതു ഫെയ്സ് ബുക്ക് പോസ്റ്റുകളിൽനിന്നും വ്യക്തമാണ്. എന്നാൽ ഫെയ്സ് ബുക്കിലെ ചിത്രങ്ങൾ കൊണ്ടു മാത്രം റിയാസിന്റെ ബിജെപി ബന്ധം വ്യക്തമല്ലെന്നു ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സാദിഖ് ഖാൻ പറഞ്ഞു. നേതാക്കൾക്കൊപ്പം ആർക്കും ചിത്രങ്ങളെടുക്കാമെന്നും അതിന്റെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയം വിലയിരുത്തേണ്ടതെന്നും മോർച്ച നേതാക്കൾ പറഞ്ഞു. 

കൊല്ലപ്പെട്ട കനയ്യയുടെ കുടുംബത്തിനു ബിജെപി ഒരു കോടി രൂപ നൽകുമെന്നു ബിജെപി നേതാവ് കപിൽ മിശ്ര അറിയിച്ചു. ഫണ്ട് ശേഖരണത്തിലൂടെ 70 ലക്ഷം ഇതുവരെ ലഭിച്ചിട്ടുണ്ട്. കനയ്യക്കൊപ്പം പരുക്കേറ്റ ഈശ്വറിന് 25 ലക്ഷവും മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് റാവുവിന്റെ കുടുംബത്തിനു 30 ലക്ഷവും പാർട്ടി നൽകും. 

അതേസമയം, കനയ്യ വധക്കേസിൽ പ്രതികളായ റിയാസ് അക്തരി,ഗൗസ് മുഹമ്മദ് എന്നിവരെ 10 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചനയിൽ പങ്കാളിയെന്നു കണ്ടെത്തിയ ആസിഫ് , മൊഹ്സിൻ എന്നിവരെ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അഭിഭാഷക സംഘം പ്രതികളെ ആക്രമിച്ചു. പാക്കിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു അഭിഭാഷകരുടെ സംഘം കോടതിവളപ്പിൽ പ്രതികളെ മർ‍ദിച്ചത്. 

പാക്കിസ്ഥാനിൽ നിന്നു ‘സൽമാൻ ഭായ്’ എന്നൊരാൾ നൽകിയ ആഹ്വാനം അനുസരിച്ചാണ് ഉദയ്പുരിലെ കൊലപാതകം എന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ ഔദ്യോഗിക പ്രതികരണത്തിന് എൻഐഎ തയാറായിട്ടില്ല. ഉദയ്പുർ സംഭവത്തിനു പിന്നിൽ പാക്ക് ബന്ധമുണ്ടെന്നു രാജസ്ഥാൻ പൊലീസ് നേരത്തേ പറഞ്ഞിരുന്നെങ്കിലും എൻഐഎ ഇത് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. 

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണു (യുഎപിഎ) ഉദയ്പുർ സംഭവത്തിലെ പ്രതികൾക്കെതിരെ എൻഐഎ കേസെടുത്തിട്ടുള്ളത്. കൊലപാതകം, അതിക്രമിച്ചു കയറൽ, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകളും ചുമത്തി. ഉദയ്പുർ കൊലപാതകത്തെ ന്യായീകരിച്ചു സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തിയതിന് അസമിൽ ഒരാളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. 

English Summary: Udaipur killing: Congress alleges one of main accused as BJP member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com