തേജസ്സ് നോട്ടമിട്ട് മലേഷ്യ

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധവിമാനം വാങ്ങാനുള്ള കരാറിൽ മലേഷ്യ വൈകാതെ ഒപ്പിട്ടേക്കുമെന്ന് സൂചന. കരാർ സ്വന്തമാക്കാൻ തങ്ങളുടെ യുദ്ധവിമാനങ്ങളുമായി ചൈന (ജെഎഫ് 17), ദക്ഷിണ കൊറിയ (എഫ്എ 50), റഷ്യ (മിഗ് 35) എന്നിവയും രംഗത്തുണ്ട്. ഇതു മറികടന്നു കരാർ സ്വന്തമാക്കിയാൽ യുദ്ധവിമാന കയറ്റുമതിയിൽ ചുവടുറപ്പിക്കാൻ ഇന്ത്യയ്ക്കു സാധിക്കും.
വിമാനങ്ങൾ കൈമാറുന്നതിനൊപ്പം നിലവിൽ മലേഷ്യ ഉപയോഗിക്കുന്ന റഷ്യൻ നിർമിത സുഖോയ് 30 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കുള്ള താവളം സജ്ജമാക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനാൽ ഇന്ത്യയ്ക്കു കരാർ ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണു പ്രതിരോധ വിദഗ്ധരുടെ നിരീക്ഷണം. യുക്രെയ്ൻ യുദ്ധം മൂലം സുഖോയ് വിമാനങ്ങളുടെ അറ്റകുറ്റ പണിക്കാവശ്യമായ സഹായം റഷ്യയിൽനിന്ന് മലേഷ്യയ്ക്കു ലഭിക്കുന്നില്ല.
തേജസ്സ് വിമാനങ്ങളുടെ പ്രവർത്തനം, സാങ്കേതിക വശങ്ങൾ എന്നിവ പരിശോധിക്കാൻ മലേഷ്യൻ സംഘം വൈകാതെ ഇന്ത്യയിലെത്തിയേക്കും.
കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും തേജസ്സ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ. മാധവൻ പറഞ്ഞു.
English Summary: India's Tejas aircraft emerges as Malaysia's top choice