സർവീസ് ചാർജ്, ടിപ് എന്നിവ നൽകാൻ നിർബന്ധിക്കാനാവില്ല: കേന്ദ്ര മാർഗരേഖ ഇങ്ങനെ

HIGHLIGHTS
  • കേന്ദ്രം മാർഗരേഖ പുറത്തിറക്കി
പ്രതീകാത്മക ചിത്രം
Photo: Shutterstock/Lesterman
SHARE

ന്യൂഡൽഹി ∙ റസ്റ്ററന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലിൽ സർവീസ് ചാർജ് ചേർക്കുന്നതു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കലക്ടർക്കോ ദേശീയ ഉപഭോക്തൃ ഹെൽപ്‍ലൈനിലോ പരാതി നൽകാമെന്നു കേന്ദ്രം വ്യക്തമാക്കി.

ഭക്ഷണ വിലയിൽ സർവീസിനുള്ള നിരക്കും ഉൾപ്പെട്ടിട്ടുണ്ടെന്നു മാർഗരേഖ വ്യക്തമാക്കുന്നു. സർവീസ് ചാർജ് മെനുവിൽ കാണിച്ചിട്ടുണ്ടെങ്കിൽ ചാർജ് അടയ്‌ക്കാനുള്ള ഉപഭോക്താവിന്റെ പരോക്ഷ സമ്മതം അതിൽ ഉൾപ്പെടുന്നുവെന്നും ജീവനക്കാരുടെ സേവനത്തിന് ഉയർന്ന വേതനം നൽകാനാണിത് എന്നുമായിരുന്നു റസ്റ്ററന്റ് അസോസിയേഷനുകളുടെ വാദം. എന്നാൽ, ഭക്ഷണസാധനങ്ങളുടെ നിരക്കു നിശ്ചയിക്കുന്നതിൽ നിലവിൽ വിലക്ക് ഇല്ലെന്നിരിക്കെ ഭക്ഷണവിലയ്ക്കും നികുതിക്കും പുറമേ മറ്റു ചാർജ് ഈടാക്കാൻ പാടില്ലെന്നു മാർഗരേഖയിൽ പറയുന്നു.

സർവീസ് ചാർജ് ഈടാക്കിയാൽ

∙ സർവീസ് ചാർജ് ബില്ലിൽനിന്ന് ഒഴിവാക്കാൻ ജീവനക്കാരോട് ആവശ്യപ്പെടാം.

∙ 1915 എന്ന ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ നമ്പറിലോ മൊബൈൽ ആപ് വഴിയോ (National Consumer Helpline) www.edaakhil.nic.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാം. ഇമെയിലായി പരാതി നൽകാൻ: com-ccpa@nic.in. ആവശ്യമെങ്കിൽ ജില്ലാ കലക്ടർക്കും പരാതി നൽകാം.

മാർഗരേഖ പറയുന്നത്

∙ സർവീസ് ചാർജ് നൽകണമെന്ന് ഹോട്ടലുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ല. സർവീസ് ചാർജ് താൽപര്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയെന്ന വിവരം ഉപഭോക്താവിനെ അറിയിക്കണം. മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.

∙ ഹോട്ടൽ നൽകുന്ന മിനിമം സേവനങ്ങൾക്കപ്പുറം ലഭിച്ച ആതിഥേയത്വത്തിന് ഉപഭോക്താവ് ടിപ് നൽകുന്നതു മറ്റൊരു ഇടപാടാണ്. അതു നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്.

∙ ഭക്ഷണത്തിനു ശേഷം മാത്രമേ അതിന്റെ ഗുണനിലവാരവും സർവീസും വിലയിരുത്തി ടിപ് നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനാവൂ.

∙ സർവീസ് ചാർജിന്റെ പേരിൽ ഹോട്ടലിൽ പ്രവേശനം നിയന്ത്രിക്കുന്നതു ചട്ടലംഘനമാണ്. ഹോട്ടലിൽ പ്രവേശിച്ചുവെന്നത് സർവീസ് ചാർജ് അടയ്‌ക്കാനുള്ള പരോക്ഷ സമ്മതമായി കണക്കാക്കാനാവില്ല.

∙ ഭക്ഷണ ബില്ലിനൊപ്പം സർവീസ് ചാർജ് കൂട്ടി അതിനു മുകളിൽ ജിഎസ്ടി ഈടാക്കാൻ പാടില്ല.

English Summary: Service Charge Cannot be Added by Default by Hotels, Restaurants; CCPA Issues Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS