ADVERTISEMENT

ശ്രീനഗർ ∙ അമർനാഥ് തീർഥാടന പാതയിൽ വെള്ളിയാഴ്ചയുണ്ടായ പ്രളയദുരന്തത്തിനു കാരണം മേഘസ്ഫോടനമാണെന്ന പ്രാഥമിക വിലയിരുത്തൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തള്ളിക്കളഞ്ഞു. ഗുഹാക്ഷേത്രത്തിനു സമീപമുള്ള മലകളിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 നും 6.30 നും ഇടയിൽ രേഖപ്പെടുത്തിയത് 31 മില്ലിമീറ്റർ മഴയാണ്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയെങ്കിലും ലഭിച്ചാലേ മേഘസ്ഫോടനമായി കണക്കാക്കാനാകൂ എന്ന് കാലാവസ്ഥാ വകുപ്പു ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വിശദീകരിച്ചു.

ഇതേസമയം, വെള്ളിയാഴ്ചത്തെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ബാൽതാലിലെ ബേസ് ക്യാംപിൽ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കിൽ ഒലിച്ചുപോയ 21 തീർഥാടകരെ രക്ഷപ്പെടുത്തി. ദുരന്തത്തെ തുടർന്ന്  തീർഥാടനം നിർത്തിവച്ചിരുന്നു. കനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്രയും നിർത്തിവച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

1248-amarnath-cloudburst
ബാൽതാലിലുള്ള ബേസ് ക്യാംപിലേക്ക് പരുക്കേറ്റവരുമായി എത്തുന്ന ഹെലികോപ്റ്റർ (Photo by Abid BHAT / AFP)

അമർനാഥിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയ 15,000 തീർഥാടകരെ പഞ്ജതർണിയിലെ ലോവർ ബേസ് ക്യാംപിലേക്കു മാറ്റി. പരുക്കേറ്റ 25 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പരിശീലനം നേടിയ നായ്ക്കളും രംഗത്തുണ്ട്. വിവരങ്ങൾ കൈമാറാൻ അനന്ത്നാഗ്, ശ്രീനഗർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. തീർഥാടകരെ സഹായിക്കാൻ ബിഎസ്എഫ് സൈനികരുടെ സംഘത്തെ നീൽഗ്രാത്ത് ഹെലിപ്പാഡിൽ സജ്ജമാക്കിയിട്ടുണ്ട്.

തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ വിമാനമാർഗം ശ്രീനഗറിലേക്കു കൊണ്ടുപോയി. ഇവ പിന്നീടു സ്വദേശങ്ങളിലെത്തിക്കുമെന്നു ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ രാജബാബു സിങ് പറഞ്ഞു. സുരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജമ്മു കശ്മീർ പൊലീസ് അഡീഷനൽ ഡയറക്ടർ ജനറൽ വിജയ് കുമാർ എത്തിയിട്ടുണ്ട്.

അമർനാഥിൽ പ്രളയത്തിൽ തകർന്ന പ്രദേശത്ത് കരസേന അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു.
അമർനാഥിൽ പ്രളയത്തിൽ തകർന്ന പ്രദേശത്ത് കരസേന അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു.

രക്ഷപ്പെട്ടവരിൽ ബിജെപി എംഎൽഎയും

∙ ബാൽതാലിലെ പ്രളയ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരിൽ തെലങ്കാനയിലെ ബിജെപി എംഎൽഎ രാജ സിങ്ങും ഉൾപ്പെടുന്നു. കുടുംബാംഗങ്ങളുമായി ഹെലികോപ്റ്ററിൽ എത്തിയ ഇദ്ദേഹം കാലാവസ്ഥ മോശമായതിനെ തുടർന്ന് കുതിരപ്പുറത്തു യാത്ര ചെയ്ത് മലയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അടുത്ത സംഘം പുറപ്പെട്ടു

∙ അമർനാഥ് തീർഥാടനം ഉടൻ പുനരാരംഭിക്കുമെന്ന കണക്കുകൂട്ടലിൽ 6,000 പേരടങ്ങുന്ന 11–ാം സംഘം ഇന്നലെ ജമ്മുവിൽ നിന്നു പുറപ്പെട്ടു. ഈ വർഷത്തെ 10–ാം സംഘമാണ് വെള്ളിയാഴ്ച അപകടത്തിൽ പെട്ടത്. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ അമർനാഥ് തീർഥാടനം നടക്കുന്നത്. 2019 ൽ ഭരണഘടനയുടെ 370– ാം വകുപ്പ് റദ്ദാക്കുന്നതിനു മുന്നോടിയായും അടുത്ത 2 വർഷങ്ങളിൽ കോവിഡ് പ്രതിസന്ധി മൂലവുമാണു തീർഥാടനം ഒഴിവാക്കിയത്.

English Summary: 15,000 people rescued from Amarnath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com