ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന പുതിയ വനസംരക്ഷണ ചട്ടത്തെച്ചൊല്ലി കോൺഗ്രസും കേന്ദ്രവും തമ്മിൽ തർക്കം. പുതിയ ചട്ടം ആദിവാസി വിരുദ്ധമാണെന്നും 2006ലെ വനാവകാശ നിയമത്തിലെ വ്യവസ്ഥകളെ പരാജയപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. 

പുതിയ ചട്ടം കൊണ്ടുവന്ന നരേന്ദ്ര മോദിയെ ‘ആദിവാസി വിരോധി’ എന്നാണു കോൺഗ്രസ് വിശേഷിപ്പിച്ചത്. എന്നാൽ വനസംരക്ഷണ ചട്ടം വനാവകാശ നിയമത്തിന്റെ മൂല്യങ്ങൾ ഇല്ലാതാക്കില്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു. വിഷയം വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാനിരിക്കുകയാണു കോൺഗ്രസ്.

2009 ൽ പുറത്തിറക്കിയ ഉത്തരവനുസരിച്ച് വനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ വനഭൂമി വകമാറ്റാനുള്ള ക്ലിയറൻസ് പരിഗണിക്കാൻ പോലുമാകില്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി.   പുതിയ ചട്ടം അനുസരിച്ച് ക്ലിയറൻസുകൾക്കുശേഷം വനാവകാശം ഉറപ്പാക്കിയാൽ മതിയെന്ന വ്യവസ്ഥ ആദിവാസികൾക്കു ദോഷകരമാണ്. 

ബിസിനസ് സൗഹൃദമാക്കാനുള്ള നടപടിയെന്ന് കേന്ദ്രം വിശേഷിപ്പിക്കുന്ന ചട്ടങ്ങൾ വനത്തിൽ താമസിക്കുന്ന ഒരുപാടുപേരുടെ ജീവിതം ദുസ്സഹമാക്കുമെന്നും കോൺഗ്രസ് ആരോപിച്ചു. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു ഭൂപേന്ദർ യാദവ് പറഞ്ഞു.

English Summary: Congress against forest protection law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com