ADVERTISEMENT

ന്യൂഡൽഹി ∙ ബാങ്കുകളിൽ നിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയ്ക്ക്, കോടതിയലക്ഷ്യ കേസിൽ 4 മാസം തടവും 2,000 രൂപ പിഴയും സുപ്രീം കോടതി ശിക്ഷ വിധിച്ചു. 

ബാങ്ക് വായ്പ അടച്ചുതീർക്കണമെന്ന കർണാടക ഹൈക്കോടതി വിധി മറികടക്കാൻ 4 കോടി യുഎസ് ഡോളർ (ഏകദേശം 317 കോടി രൂപ) വിലമതിക്കുന്ന സ്വത്തുക്കൾ മക്കളുടെ പേരിലേക്കു മാറ്റിയത് കോടതിയലക്ഷ്യമായി കണക്കാക്കിയാണു ശിക്ഷ. 

ഈ 317 കോടി രൂപ മല്യയും തുക ലഭിച്ചവരും ചേർന്ന് 8% പലിശ സഹിതം 4 ആഴ്ചയ്ക്കകം തിരികെ നൽകണമെന്നും കോടതി വിധിച്ചു. വീഴ്ച വരുത്തിയാൽ തുക കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കാം. 

ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലെത്തിച്ചു ശിക്ഷ ഉറപ്പാക്കേണ്ട ചുമതല ആഭ്യന്തര മന്ത്രാലയത്തിനാണെന്നും വിദേശകാര്യമന്ത്രാലയം, മറ്റ് ഏജൻസികൾ തുടങ്ങിവയുടെയെല്ലാം പിന്തുണയോടെ ഉത്തരവു നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. 

എസ്ബിഐ ഉൾപ്പെടെ ബാങ്കുകളുടെ കൺസോർഷ്യം നൽകിയ കേസിൽ 2017ൽ തന്നെ മല്യയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കുടുംബസ്വത്തായ മദ്യക്കമ്പനി യുബി ഗ്രൂപ്പിന്റെ ഓഹരികൾ ബ്രിട്ടനിലെ ഡിയാഗോയ്ക്കു വിറ്റുകിട്ടിയ പണമാണു കടം തിരിച്ചടയ്ക്കുന്നതിന് ഉപയോഗിക്കാതെ മല്യ മക്കളുടെ പേരിലേക്കു മാറ്റിയത്. 

നടപടിയിൽ പശ്ചാത്തപിക്കാനോ നേരിട്ടു ഹാജരാകാനോ മല്യ തയാറായില്ലെന്നു ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മല്യ നേരിട്ടെത്തണമെന്നു കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. തുടർന്ന് അമിക്കസ് ക്യൂറിയെ വച്ചാണ് കോടതി കേസിൽ വാദം കേട്ടത്. 

കിങ് ഫിഷർ എയർലൈൻസിനു വേണ്ടി ബാങ്കുകളിൽനിന്നു കടമെടുത്ത 9,000 കോടി രൂപ തിരിച്ചടയ്ക്കാതെയാണ് മല്യ 2016 ൽ ഇന്ത്യ വിട്ടത്. 

പിഴത്തുകയായ 2,000 രൂപ സുപ്രീം കോടതി റജിസ്ട്രിയിൽ നാലാഴ്ചയ്ക്കകം കെട്ടിവയ്ക്കണം. ഇല്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം. 

English Summary: Vijay Mallya sentenced to 4 months imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com