ADVERTISEMENT

ന്യൂഡൽഹി ∙ 12 ജൻപഥ്: മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ പുതിയ വിലാസം ഇതാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുൾപ്പെടെയുള്ളവർ അയൽക്കാർ. ലോക് ജൻശക്തി പാർട്ടി സ്ഥാപക നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന റാം വിലാസ് പാസ്വാൻ 30 വർഷത്തിലേറെ താമസിച്ച വസതി ഇനി സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയുടെ ആസ്ഥാനം. 

ദ്രൗപദി മുർമു രാഷ്ട്രപതിയായി സ്ഥാനമേറ്റ ചടങ്ങുകൾക്കു ശേഷമാണു 12 മണിയോടെ കോവിന്ദ് പുതിയ വസതിയിലെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവും അദ്ദേഹത്തിനൊപ്പം വന്നു. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, വി.കെ.സിങ്, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു. 

മുൻ പ്രസിഡന്റുമാർക്കു ടൈപ്പ് 8 അനുസരിച്ചുള്ള ബംഗ്ലാവാണ് അനുവദിക്കുക. ലുട്യൻസ് ഡൽഹിയിലെ ഏറ്റവും വലിയ വസതികളിലൊന്നായ 12 ജൻപഥിൽ 7 മുറികളും ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. റാം വിലാസ് പാസ്വാൻ 2020 ഒക്ടോബറിൽ മരിക്കുന്നതു വരെ ഇവിടെയായിരുന്നു താമസം. പിന്നീട് ഈ വസതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അനുവദിച്ചുവെങ്കിലും പാസ്വാന്റെ കുടുംബം താമസം മാറ്റാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിനു പൃഥ്വിരാജ് റോഡിലെ 32–ാം നമ്പർ വസതി അനുവദിച്ചു. കോടതി ഇടപെടലിനെ തുടർന്ന് ഈ വർഷം ഏപ്രിലിലാണു പാസ്വാന്റെ മകൻ ചിരാഗ് വസതി ഒഴിഞ്ഞത്. 

അടുത്തമാസം സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ത്യാഗരാജ മാർഗിലെ ഒന്നാം നമ്പർ വസതിയിലേക്കാണു താമസം മാറ്റുക. ഓഗസ്റ്റ് 6നാണു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. 10നാണു വെങ്കയ്യ നായിഡു സ്ഥാനമൊഴിയുന്നത്. 

English Summary: Former President Ram Nath Kovind moves to new home at 12 Janpath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com