ADVERTISEMENT

ന്യൂഡൽഹി ∙ വിലക്കയറ്റത്തെക്കുറിച്ച് രാജ്യസഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച 19 പ്രതിപക്ഷ അംഗങ്ങളെ വെള്ളിയാഴ്ച വരെ സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള എ.എ.റഹീം, വി.ശിവദാസൻ, പി.സന്തോഷ് കുമാർ എന്നിവരടക്കം 19 പേർക്കെതിരെയാണു നടപടി. സഭയിൽ ഒറ്റയടിക്ക് ഇത്രയും പേരെ സസ്പെൻഡ് ചെയ്യുന്നത് ഇതാദ്യമാണ്. 

ലോക്സഭയിൽ 4 കോൺഗ്രസ് എംപിമാരെ സമ്മേളനം കഴിയുന്നതു വരെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ അംഗങ്ങൾക്കു പുറമേ, തൃണമൂൽ കോൺഗ്രസ് (7), ഡിഎംകെ (6), ടിആർഎസ് (3) എന്നീ പാർട്ടികളുടെ അംഗങ്ങളെയാണ് സസ്പെൻഡ് ചെയ്തത്. 

സുഷ്മിത ദേവ്, മൗസം നൂർ, ശാന്ത ഛേത്രി, ഡോള സെൻ, ശന്തനു സെൻ, അബിർ രഞ്ജൻ വിശ്വാസ്, നദീമുൽ ഹഖ് (ടിഎംസി), കെ.മുഹമ്മദ് അബ്ദുല്ല, കനിമൊഴി എൻവിഎൻ സോമു, എം. ഷണ്മുഖം, കെ. കല്യാണസുന്ദരം, ആർ.ഗിരിരാജൻ, എൻ.ആർ.ഇളങ്കോ (ഡിഎംകെ), ബി. ലിംഗയ്യ യാദവ്, രവിചന്ദ്ര വഡ്ഡിരാജു, ദാമോദർ റാവു ദിവാകൊണ്ട (ടിആർഎസ്) എന്നിവർക്കെതിരെയാണ് നടപടി. 

പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരനാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്. അതിൽ റഹീം അടക്കം 10 പേരെയാണു പരാമർശിച്ചത്. എന്നാൽ, പ്രമേയം വോട്ടിനിട്ടപ്പോൾ ഉപാധ്യക്ഷൻ ഹരിവംശ് 19 പേരുകൾ പറഞ്ഞു. സഭയുടെ അന്തസ്സിനു ചേരാത്തവിധം പെരുമാറിയെന്നതാണു സസ്പെൻഷനു കാരണമായി ഭരണപക്ഷം വിശദീകരിച്ചത്. 

ശബ്ദവോട്ടോടെ സസ്പെൻഷൻ പ്രമേയം പാസാക്കാനൊരുങ്ങിയപ്പോൾ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. സീറ്റിലേക്കു മടങ്ങിയാൽ വോട്ടെടുപ്പു നടത്താമെന്നു ചെയർ പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് ശബ്ദവോട്ടോടെ പാസാക്കി. പുറത്താക്കപ്പെട്ടവർ സഭ വിട്ടു പോകാതെ ധർണ നടത്തിയപ്പോൾ 3 തവണ രാജ്യസഭ നിർത്തിവച്ചു. 

ലോക്സഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, എസ്.ജ്യോതിമണി, മാണിക്കം ടഗോർ എന്നിവർ ഇന്നലെ ഗാന്ധിപ്രതിമയ്ക്കു മുൻപിൽ ധർണ നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ അഭിവാദ്യമർപ്പിച്ചു. പിന്നീട് കോൺഗ്രസ് എംപിമാർ സോണിയ ഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രപതിഭവനിലേക്കു മാർച്ച് ചെയ്ത് അറസ്റ്റ് വരിച്ചു. 

ലോക്സഭയിൽ സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യുപിഎ, ഇടത്, ടിഎംസി കക്ഷികൾ ഇറങ്ങിപ്പോയി. സോണിയ ഗാന്ധിക്കെതിരെയുള്ള ഇഡി നടപടി, സസ്പെൻഷൻ തുടങ്ങിയ പ്രശ്നങ്ങളുയർത്തി ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തി. തുടർന്ന് സഭ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോൾ യുപിഎ ഘടകകക്ഷികളും ഇടതുകക്ഷികളും സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബഹളം വയ്ക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ നാഗാലാൻഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ കുടുംബകോടതികളെ ദേശീയനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന ബിൽ ലോക്സഭ പാസാക്കി. 

അടിച്ചമർത്തൽ അനുവദിക്കില്ല: ഇടത് എംപിമാർ

ന്യൂഡൽഹി ∙ വായ മൂടിക്കെട്ടി സഭ നടത്താൻ അനുവദിക്കില്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഇടത് എംപിമാർ പറഞ്ഞു. അടിച്ചമർത്തൽ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് അവർ പറഞ്ഞു. ഭക്തജന കേന്ദ്രമായി സഭയെ മാറ്റാനാണ് നരേന്ദ്രമോദിയുടെ നീക്കമെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. നടപടി കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ഭീരുത്വമാണെന്ന് എളമരം കരീം പറഞ്ഞു. ജനാധിപത്യത്തെയാണു സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് ടിഎംസി നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു. 

English Summary: 19 MPs suspended from Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com